കേരളത്തേക്കാള്‍ ചെറിയ രാജ്യം, എന്നിട്ടും ലുലുഗ്രൂപ്പിന്റെ 24-മത്തെ ഔട്ട്‌ലെറ്റ് ഇവിടെ തുടങ്ങാന്‍ യൂസഫലിയെ പ്രേരിപ്പിച്ചതെന്ത്?

ലോകത്ത് ആളോഹരി വരുമാനത്തില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യത്ത് 24 ഔട്ട്‌ലെറ്റ് തുറക്കാനുള്ള യൂസഫലിയുടെ തീരുമാനത്തിന് കാരണങ്ങളേറെ

Update:2024-10-15 10:50 IST
കഴിഞ്ഞ ദിവസമാണ് ലുലുഗ്രൂപ്പിന്റെ പുതിയ ഔട്ട്‌ലെറ്റ് ഖത്തറില്‍ തുറന്നത്. രാജ്യത്തെ 24-മത്തെ ലുലു ഔട്ട്‌ലെറ്റായിരുന്നു ഇത്. ഉംഅല്‍ അമദിലെ നോര്‍ത്ത് പ്ലാസ മാളിലാണ് പുതിയ ഔട്ട്‌ലെറ്റ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രകൃതിദത്തമായ ഉത്പന്നങ്ങള്‍ ഈ ഔട്ട്‌ലെറ്റില്‍ ലഭ്യമാണ്. സെല്‍ഫ് ചെക്കൗട്ട്, എക്കോ ഫ്രണ്ട്‌ലി ഗ്രീന്‍ ചെക്കൗട്ട് കൗണ്ടര്‍ എന്നിവയെല്ലാം ഈ ഔട്ട്‌ലെറ്റിന്റെ പ്രത്യേകതകളാണ്. ലുലുഗ്രൂപ്പിന്റെ 273മത്തെ ഹൈപ്പര്‍മാര്‍ക്കറ്റാണ് ഇത്.

എന്തുകൊണ്ട് ഖത്തര്‍

ലുലുഗ്രൂപ്പിന്റെ ഹൈപ്പര്‍ മാര്‍ക്കറ്റുകളിലേറെയും ഗള്‍ഫ് രാജ്യങ്ങളിലാണ്. എന്തുകൊണ്ടാണ് കേരളത്തേക്കാള്‍ വലുപ്പം കുറഞ്ഞ ഖത്തറില്‍ ലുലുഗ്രൂപ്പ് 24 ഔട്ട്‌ലെറ്റുകള്‍ തുറന്നത്. പ്രതിശീര്‍ഷ വരുമാനത്തില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളില്‍ ആദ്യ പത്തിലാണ് ഖത്തറിന്റെ സ്ഥാനം. 1,12,280 ഡോളറാണ് ഖത്തറിന്റെ ആളോഹരി വരുമാനം. രൂപയിലാക്കിയാല്‍ 94 ലക്ഷത്തിലധികം വരുമിത്.
വാങ്ങല്‍ ശേഷിയില്‍ വളരെ മുന്നിലാണ് ഖത്തര്‍. അതുകൊണ്ട് തന്നെ ലോകത്തെ ഒട്ടുമിക്ക പ്രമുഖ ബ്രാന്‍ഡുകള്‍ക്കും ഖത്തറില്‍ ഷോറൂമുകളുണ്ട്. ഖത്തറില്‍ താമസിക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളും വാങ്ങല്‍ശേഷിയില്‍ മുന്നിലാണ്. കേരളത്തില്‍ ഉള്ളതിലേറെ ഔട്ട്‌ലെറ്റുകള്‍ ഖത്തറില്‍ വരാനുള്ള കാരണവും ഇതുതന്നെയാണ്.
ഖത്തറില്‍ മൂന്നു പുതിയ സ്റ്റോറുകള്‍ ഉടന്‍ തുറക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി പറഞ്ഞു. ഇതില്‍ ആദ്യത്തേതിന്റെ ഉദ്ഘാടനം ഈ വര്‍ഷം തന്നെ നടക്കും. ശേഷിക്കുന്ന രണ്ടെണ്ണം അടുത്ത വര്‍ഷം ആദ്യവും പ്രവര്‍ത്തനമാരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ പുതിയ മാള്‍ അടുത്ത മാസം

ലുലുഗ്രൂപ്പിന്റെ കീഴില്‍ കോട്ടയത്ത് പണിപൂര്‍ത്തിയാകുന്ന പുതിയ മാളിന്റെ ഉദ്ഘാടനം നവംബര്‍ അവസാന വാരം നടക്കും. ഡിസംബര്‍ പകുതിയോടെ ഉദ്ഘാടനം നടത്താനായിരുന്നു നേരത്തെ പദ്ധതിയിട്ടിരുന്നത്. ഈ തീരുമാനമാണ് ലുലുഗ്രൂപ്പ് നവംബറിലേക്ക് മാറ്റിയത്. എം.സി റോഡില്‍ മണിപ്പുഴയിലാണ് എം.എ യൂസഫലിയുടെ ഉടമസ്ഥതയില്‍ പുതിയ മാള്‍ വരുന്നത്.
രണ്ടു നിലയിലാണ് കോട്ടയത്തെ മാള്‍ ഒരുങ്ങുന്നത്. ആകെ 3.22 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമാണ് ഉള്ളത്. താഴത്തെ നില പൂര്‍ണമായും ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിനായി മാറ്റിവയക്കും. രണ്ടാമത്തെ നിലയില്‍ ലുലു ഫാഷന്‍, ലുലു കണക്ട് എന്നിവ ഉള്‍പ്പെടെ 22 രാജ്യാന്തര ബ്രാന്‍ഡുകളുടെ ഷോറൂമുകള്‍ ഉണ്ടാകും. 500ലേറെ പേര്‍ക്ക് ഒരേസമയം ഭക്ഷണം കഴിക്കാന്‍ സാധിക്കുന്ന ഫുഡ് കോര്‍ട്ടും ഒരുക്കിയിട്ടുണ്ട്.
Tags:    

Similar News