ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ഇനി ഷോപ്പിംഗ് വളരെ എളുപ്പം; പുതിയ സംവിധാനം അവതരിപ്പിച്ചു
സന്ദര്‍ശകരെ സംബന്ധിച്ച് വലിയ സൗകര്യമാണ് ഈ സംവിധാനം വഴിയൊരുക്കുന്നത്
രാജ്യത്തിന് വെളിയിലുള്ള ലുലു സ്റ്റോറുകളില്‍ ഷോപ്പിംഗ് നടത്തുന്നവര്‍ക്ക് പണം ഇനി യു.പി.ഐ ഉപയോഗിച്ച് ഇന്ത്യന്‍ രൂപയില്‍ നല്‍കാം. സ്വാതന്ത്ര ദിനത്തിലാണ് പുതിയ സംവിധാനം അബുദാബി ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഉദ്ഘാടനം ചെയ്തത്. യു.എ.ഇയിലെ ഇന്ത്യന്‍ എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ എ. അമര്‍നാഥ് ആദ്യ ഇടപാട് നടത്തി.
ഗള്‍ഫ് യാത്രക്കാര്‍ക്ക് എളുപ്പം
യു.എ.ഇയിലെത്തുന്ന ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് കറന്‍സി വിനിമയം നടത്താതെ തന്നെ ഷോപ്പിംഗ് നടത്താന്‍ ഇതുവഴി സാധിക്കും. ഫെബ്രുവരിയില്‍ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേര്‍ന്നാണ് അബുദാബിയില്‍ യുപിഐ റുപേ കാര്‍ഡ് സേവനം അവതരിപ്പിച്ചത്. ഇതിനു പിന്നാലെ ദുബൈയിലെ ചില സ്ഥാപനങ്ങള്‍ യുപിഐ പേയ്മെന്റ് സംവിധാനങ്ങള്‍ സ്വീകരിച്ചു തുടങ്ങിയിരുന്നു.
ഇന്ത്യയില്‍ നിന്നെത്തുന്നവര്‍ക്ക് റുപേ കാര്‍ഡ് വഴി ലുലുവിന്റെ എല്ലാ സ്റ്റോറുകളിലും പണമിടപാട് നടത്താം. ഫോണ്‍പേ, ഗൂഗിള്‍പേ, പേയ്.ടി.എം ആപ്പുകള്‍ വഴിയും പണമയയ്ക്കാന്‍ സാധിക്കും. ഉപയോക്താവിന്റെ ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നുള്ള പണമാകും ഇടപാടിനായി ഉപയോഗിക്കുക.
യു.എ.ഇയില്‍ ഓരോ വര്‍ഷവും 10 മില്യണ്‍ ഇന്ത്യക്കാര്‍ സന്ദര്‍ശനം നടത്തുന്നുവെന്നാണ് കണക്ക്. ഇവര്‍ക്കെല്ലാം പുതിയ പരിഷ്‌കാരം ഗുണം ചെയ്യും. വീസ, മാസ്റ്റര്‍കാര്‍ഡ് പോലുള്ളവയില്‍ നിന്നുള്ളതിനേക്കാള്‍ കുറഞ്ഞ പ്രോസസിംഗ് ഫീയാണ് യു.പി.ഐ വഴിയുള്ള ഇടപാടിനുണ്ടാകൂ.