കേരളത്തിലെ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ഈ ട്രെയിനുകളുടെ സർവീസുകളിൽ ഈ മാസം പ്രധാന മാറ്റങ്ങൾ
ഈ മാസം കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന പല പ്രധാന ട്രെയിനുകളുടെ സമയക്രമത്തിലും മാറ്റം വരുത്തിയതായി ദക്ഷിണ റെയില്‍വേ
സേലം ഡിവിഷനിലെ വിവിധ സെക്ഷനുകളിൽ നടന്നുകൊണ്ടിരിക്കുന്ന എഞ്ചിനീയറിംഗ് ജോലികൾ കാരണം ഈ മാസം കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന പല പ്രധാന ട്രെയിനുകളുടെ സമയക്രമത്തിലും മാറ്റം വരുത്തിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു. ചില ട്രെയിനുകള്‍ സര്‍വീസ് വെട്ടിക്കുറച്ചും ചില ട്രെയിനുകളുടെ ആരംഭ സ്റ്റേഷനില്‍ മാറ്റം വരുത്തിയും ചില ട്രെയിനുകളുടെ സർവീസുകൾ വഴിതിരിച്ചുവിട്ടും ചില ട്രെയിനുകളുടെ സർവീസുകള്‍ പുനഃക്രമീകരിച്ചുമാണ് മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്.
മാറ്റം വരുത്തിയ ട്രെയിൻ ഷെഡ്യൂളുകള്‍ മനസിലാക്കി യാത്രക്കാർ അവരുടെ യാത്രാ പ്ലാനുകൾ ക്രമീകരിക്കണമെന്നും ദക്ഷിണ റെയില്‍വേ ആവശ്യപ്പെട്ടു.
സര്‍വീസുകള്‍ വെട്ടിക്കുറച്ച ട്രെയിനുകള്‍
തിരുച്ചിറപ്പള്ളി-പാലക്കാട് ടൗൺ എക്‌സ്‌പ്രസ് (ട്രെയിൻ നമ്പർ- 16843)
2024 നവംബർ 4, 8 തീയതികളിൽ തിരുച്ചിറപ്പള്ളിയിൽ നിന്ന് ഉച്ചയ്ക്ക് 1 മണിക്ക് പുറപ്പെടേണ്ട തിരുച്ചിറപ്പള്ളി-പാലക്കാട് ടൗൺ എക്‌സ്പ്രസിന് മാറ്റമുണ്ടാകും. ഈ സർവീസ് തിരുപ്പൂരിൽ ഹ്രസ്വകാലത്തേക്ക് അവസാനിപ്പിക്കുന്നതാണ്. തിരുപ്പൂരിനും പാലക്കാട് ടൗണിനും ഇടയിലുള്ള ഭാഗം ഭാഗികമായി റദ്ദാക്കപ്പെടുന്നതാണ്.
2024 നവംബർ 11, 15, 16, 18, 22, 24, 25, 29, 30 തീയതികളിൽ ഈ ട്രെയിനുകള്‍ സുലൂർ റോഡിൽ സര്‍വീസ് അവസാനിപ്പിക്കും. സൂലൂർ റോഡിനും പാലക്കാട് ടൗണ്‍ സ്റ്റേഷനും ഇടയില്‍ ഈ ദിവസങ്ങളില്‍ ട്രെയിന്‍ സര്‍വീസ് നടത്തുന്നതല്ല.
മയിലാടുതുറൈ-സേലം എക്‌സ്‌പ്രസ് (ട്രെയിൻ നമ്പർ- 16811)
നവംബർ 2, 3, 9, 10, 16, 17, 23, 23, 30 തീയതികളിൽ വൈകീട്ട് 6:20 മണിക്ക് മയിലാടുതുറൈ-സേലം എക്‌സ്പ്രസ് കരൂരിൽ സര്‍വീസ് അവസാനിപ്പിക്കും. അതിനാല്‍ ട്രെയിന്‍ ഈ ദിവസങ്ങളില്‍ കരൂരിനും സേലത്തിനും ഇടയിൽ സര്‍വീസ് നടത്തില്ല.
ട്രെയിൻ സർവീസുകളുടെ ആരംഭത്തില്‍ മാറ്റം
സേലം-മയിലാടുതുറൈ എക്‌സ്‌പ്രസ് (ട്രെയിൻ നമ്പർ- 16812) 2, 3, 9, 10, 16, 17, 23, 30 തീയതികളിൽ കരൂരില്‍ നിന്ന് ആയിരിക്കും സര്‍വീസ് ആരംഭിക്കുക. ഉച്ചയ്ക്ക് 3:40 നാണ് ട്രെയിന്‍ പുറപ്പെടുന്നത്. സേലത്തിനും കരൂരിനും ഇടയിൽ ഈ ദിവസങ്ങളില്‍ സര്‍വീസ് ഉണ്ടായിരിക്കില്ല.
ട്രെയിൻ സർവീസുകൾ വഴിതിരിച്ചുവിടൽ
എഞ്ചിനീയറിംഗ് ജോലികൾ പുരോഗമിക്കുന്നതിനാല്‍ നിരവധി ട്രെയിനുകൾ വഴിതിരിച്ചുവിടുന്നുണ്ട്.
എറണാകുളം ജങ്ഷൻ-ടാറ്റാനഗർ എക്‌സ്‌പ്രസ് (ട്രെയിൻ നമ്പർ- 18190)
എറണാകുളം ജങ്ഷനിൽ നിന്ന് രാവിലെ 7:15 ന് പുറപ്പെടുന്ന ട്രെയിന്‍ 2024 നവംബർ 6, 7, 12, 14, 17, 21 തീയതികളിൽ കോയമ്പത്തൂർ, പോടന്നൂർ, ഇരുഗൂർ വഴി തിരിച്ചു വിടുന്നതാണ്.
2024 നവംബർ 20, 23 തീയതികളിൽ ഈ ട്രെയിൻ കോയമ്പത്തൂർ വഴിയായിരിക്കും സര്‍വീസ് നടത്തുക.
ആലപ്പുഴ-ധൻബാദ് എക്‌സ്‌പ്രസ് (ട്രെയിൻ നമ്പർ- 13352)
2024 നവംബർ 27 ന് ആലപ്പുഴയിൽ നിന്ന് രാവിലെ 6:00 മണിക്ക് പുറപ്പെടുന്ന ട്രെയിന്‍ കോയമ്പത്തൂരിലെ സ്റ്റോപ്പ് ഒഴിവാക്കി പോടനൂർ, ഇരുഗൂർ വഴി സര്‍വീസ് നടത്തും. പോടന്നൂരിൽ ട്രെയിന് അധിക സ്റ്റോപ്പും ഉണ്ടാകും.
എറണാകുളം-കെ.എസ്.ആർ ബംഗളൂരു ഇൻ്റർസിറ്റി എക്‌സ്പ്രസ് (ട്രെയിൻ നമ്പർ- 12678)
2024 നവംബർ 27 ന് രാവിലെ 9:10 ന് എറണാകുളത്ത് നിന്ന് പുറപ്പെടുന്ന ഈ ട്രെയിൻ കോയമ്പത്തൂർ സ്റ്റോപ്പ് ഒഴിവാക്കുന്നതാണ്. പോടന്നൂരിൽ ട്രെയിന് സ്റ്റോപ്പ് ഉണ്ടാകും.
ട്രെയിൻ സർവീസുകളുടെ പുനഃക്രമീകരണം
കോയമ്പത്തൂർ-ബറൗണി സ്പെഷൽ (ട്രെയിൻ നമ്പർ- 06059)
2024 നവംബർ 12 ന് രാവിലെ 11:50 ന് കോയമ്പത്തൂരിൽ നിന്ന് പുറപ്പെടുന്ന ഈ പ്രത്യേക സർവീസ് ഇപ്പോൾ ഒരു മണിക്കൂർ 10 മിനിറ്റ് വൈകി ഉച്ചയ്ക്ക് 1 മണിക്കായിരിക്കും പുറപ്പെടുക.