പഞ്ചസാര ഇറക്കുമതി കൂട്ടി ഇന്ത്യയെ പ്രീണിപ്പിക്കാന്‍ നീക്കവുമായി മലേഷ്യ

Update: 2020-01-24 12:02 GMT

പാമോയില്‍ ഇറക്കുമതി വേണ്ടെന്നുവച്ച് ഇന്ത്യ പുറത്തെടുത്ത പ്രതിഷേധ നടപടിയെ തണുപ്പിക്കാന്‍ പഞ്ചസാരയെ കരുവാക്കി മലേഷ്യയുടെ ബദല്‍ തന്ത്രം. ഇന്ത്യയില്‍ നിന്നു വന്‍തോതില്‍ പഞ്ചസാര വാങ്ങാനാണ് മലേഷ്യ ഒരുങ്ങുന്നത്.

മലേഷ്യയിലെ ഏറ്റവും വലിയ പഞ്ചസാര ശുദ്ധീകരണ കമ്പനിയായ എംഎസ്എം മലേഷ്യ ഹോള്‍ഡിംഗ്‌സ് ബെര്‍ഹാദ് ഇന്ത്യയില്‍ നിന്ന് 200 മില്യണ്‍ റിംഗിറ്റ് (49.20 മില്യണ്‍ ഡോളര്‍) വിലമതിക്കുന്ന 130,000 ടണ്‍ അസംസ്‌കൃത പഞ്ചസാര വാങ്ങുമെന്ന് കമ്പനി റോയിട്ടേഴ്സിനോട് പറഞ്ഞു. 2019 ല്‍ ഇന്ത്യയില്‍ നിന്ന് 88,000 ടണ്‍ അസംസ്‌കൃത പഞ്ചസാരയാണ് ഈ കമ്പനി വാങ്ങിയത്.

മലേഷ്യന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഫെഡറല്‍ ലാന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റിയുടെ  യൂണിറ്റായ ലോകത്തെ ഏറ്റവും വലിയ പാം ഓയില്‍ നിര്‍മ്മാതാക്കളായ എഫ്ജിവി ഹോള്‍ഡിംഗ്‌സിന്റെ പഞ്ചസാര ശുദ്ധീകരണ വിഭാഗമാണ് എംഎസ്എം. പാമോയില്‍ വിഷയവുമായി പുതിയ കരാറിനു ബന്ധമുള്ളതായി കമ്പനി സമ്മതിക്കുന്നില്ലെങ്കിലും ഇന്ത്യയെ പ്രീണിപ്പിക്കാനുള്ള ശ്രമമാണിതെന്ന് നിരീക്ഷകര്‍ പറയുന്നു.

കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന് അനുകൂലമായി നിലപാടെടുത്തതിന് പിന്നാലെ ഇന്ത്യ പാമോയില്‍ ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം തെല്ലൊന്നുമല്ല മലേഷ്യയെ വലച്ചത്. അവരെ സംബന്ധിച്ച് ഏറ്റവും കൂടുതല്‍ പാമോയില്‍ വില്‍ക്കുന്നത് ഇന്ത്യയിലായിരുന്നു.
ഇന്ത്യ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ലോകത്തെ മറ്റ് രാഷ്ട്രങ്ങളിലേക്കുള്ള പാമോയില്‍ വിപണനം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുമെന്നാണ് മലേഷ്യ പ്രതികരിച്ചത്.

ഇന്ത്യയുടെ തീരുമാനം മലേഷ്യയെ സംബന്ധിച്ച് കനത്ത തിരിച്ചടിയായിരുന്നു. 2019 ല്‍ മാത്രം 4.4 ദശലക്ഷം ടണ്‍ പാമോയിലാണ് മലേഷ്യയില്‍ നിന്ന് ഇന്ത്യ വാങ്ങിയത്. 10.8 ബില്യണ്‍ ഡോളറിന്റേതായിരുന്നു മലേഷ്യയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള കയറ്റുമതി. എന്നാല്‍, ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്ത ഉല്‍പ്പന്നങ്ങളാവട്ടെ വെറും 6.4 ബില്യണ്‍ ഡോളര്‍ മാത്രവും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News