അങ്ങനെ മാര്‍ച്ചും അവസാനിക്കുന്നു; ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍

ആദായനികുതി ഇളവ് മുതൽ ഫാസ്ടാഗ് കെ.വൈ.സി അപ്‌ഡേറ്റ് വരെ

Update:2024-03-27 17:51 IST

Image courtesy: canva

നടപ്പ് സാമ്പത്തിക വര്‍ഷം അവസാനിക്കാനിരിക്കേ ഒട്ടേറെ സാമ്പത്തിക കാര്യങ്ങളില്‍ നാം ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. പല സാമ്പത്തിക കാര്യങ്ങള്‍ക്കും അപേക്ഷിക്കുന്നതിന്റേയും പുതിക്കുന്നതിന്റെയും മറ്റും അവസാന തീയതി 2024 മാര്‍ച്ച് 31 ആണ്. അവയില്‍ ചിലത് നോക്കാം. 

ആദായനികുതി ഇളവ്

2023-24 സാമ്പത്തിക വര്‍ഷത്തേക്ക് ആദായനികുതി ഇളവ് ക്ലെയിം ചെയ്യുന്നതിന് മാര്‍ച്ച് 31ന് മുമ്പ് ആവശ്യമായ നിക്ഷേപം നടത്തണം. ഈ തീയതിക്ക് ശേഷമുള്ള നിക്ഷേപങ്ങള്‍ക്ക് അടുത്ത വര്‍ഷത്തില്‍ മാത്രമേ നികുതി ആനുകൂല്യങ്ങള്‍ ലഭിക്കൂ. ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ നികുതി വ്യവസ്ഥയാണ് (New Tax Regime) പ്രാബല്യത്തില്‍ വരിക. ഇതില്‍ ഭൂരിഭാഗം നികുതി കിഴിവുകളും ബാധകമല്ല.

നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം (NPS), ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ് സ്‌കീം (ELSS), പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (PPF), സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്‌സ് സ്‌കീം (SCSS), യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പ്ലാന്‍ (ULIP), സുകന്യ സമൃദ്ധി യോജന ( SSY) തുടങ്ങിയവ നികുതി ലാഭിക്കാനാകുന്ന സ്ഥിര നിക്ഷേപങ്ങളാണ്. ഇവയിലെല്ലാം 1961ലെ ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80C പ്രകാരം നികുതിദായകര്‍ക്ക് 1.5 ലക്ഷം രൂപ വരെ നികുതിയിളവ് ക്ലെയിം ചെയ്യാനാകും.

എസ്.ബി.ഐ നിക്ഷേപ പദ്ധതി

എസ്.ബി.ഐ 2023 ഏപ്രില്‍ 12 മുതല്‍ 7.10 ശതമാനം പലിശ നിരക്കില്‍ 400 ദിവസത്തെ (അമൃത് കലശ്) പ്രത്യേക സ്‌കീം പുറത്തിറക്കിയിരുന്നു. മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.60 ശതമാനമാണ് പലിശ നിരക്ക്. ഈ സ്‌കീമിന് 2024 മാര്‍ച്ച് 31 വരെയാണ് സാധുതയു ള്ളത്. അതുപോലെ മുതിര്‍ന്ന പൗരന്മാര്‍ക്ക് എസ്.ബി.ഐ വീകെയറില്‍ നിക്ഷേപിക്കാനുള്ള അവസാന ദിവസം 2024 മാര്‍ച്ച് 31 ആണ്.

എസ്.ബി.ഐ വീകെയറില്‍ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് 7.50 ശതമാനമാണ് ആണ്. എസ്.ബി.ഐ 65 ബേസിസ് പോയിന്റ് (ബി.പി.എസ്) വരെ കിഴിവ് വാഗ്ദാനം ചെയ്യുന്ന പ്രത്യേക ഭവന വായ്പ കാമ്പെയ്‌ന് 2024 മാര്‍ച്ച് 31 വരെയാണ് കിഴിവിന് സാധുതയുള്ളത്. സിബില്‍ സ്‌കോര്‍ അനുസരിച്ച് ഭവന വായ്പയുടെ പലിശ നിരക്ക് വ്യത്യാസപ്പെടും.

ഐ.ഡി.ബി.ഐ ബാങ്ക് പ്രത്യേക എഫ്.ഡി

300 ദിവസം, 375 ദിവസം, 444 ദിവസം എന്നിങ്ങനെയുള്ള പ്രത്യേക കാലയളവുകള്‍ക്ക് യഥാക്രമം 7.05 ശതമാനം, 7.10 ശതമാനം, 7.25 ശതമാനം എന്നിങ്ങനെയുള്ള പലിശ നിരക്കുകള്‍ നല്‍കുന്ന ഐ.ഡി.ബി.ഐ ബാങ്കിന്റെ ഉത്സവ് കോളബിള്‍ എഫ്.ഡി ഓഫറിന് മാര്‍ച്ച് 31 വരെയാണ് സാധുതയുള്ളത്.

ഫാസ്ടാഗ് കെ.വൈ.സി അപ്‌ഡേറ്റ്

നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ (NHAI) 'ഒരു വാഹനം, ഒരു ഫാസ്റ്റാഗ്' പദ്ധതിയുടെ സമയപരിധി 2024 മാര്‍ച്ച് 31 വരെയാണ്.

 പ്രധാനമന്ത്രി വയ വന്ദന യോജന

പ്രധാനമന്ത്രി വയ വന്ദന യോജനയില്‍ (PMVVY) ചേരാനുള്ള അവസാന തീയതി മാര്‍ച്ച് 31 ആണ്. ഒറ്റ നിക്ഷേപത്തില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് സ്ഥിരമായ വരുമാനം നല്‍കുന്നതിനാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നിലവില്‍ 7.4 ശതമാനം വാര്‍ഷിക പലിശ വാഗ്ദാനം ചെയ്യുന്ന ഈ സ്‌കീമില്‍ 60 വയസും അതില്‍ കൂടുതലുമുള്ള യോഗ്യരായ വ്യക്തികള്‍ക്ക് പങ്കുചേരാം.



Tags:    

Similar News