മാരുതി സുസുകിയുടെ സിഇഒയും എംഡിയുമായി ഹിസാഷി ടകൂച്ചിയെ നിയമിച്ചു

1986ല്‍ സുസുകി മോട്ടോര്‍ കോര്‍പ്പറേഷനില്‍ ചേര്‍ന്ന ടകൂച്ചി 2019 ജൂലൈ മുതല്‍ മാരുതി സുസുകിയുടെ ബോര്‍ഡ് അംഗമാവുകയും 2021 ഏപ്രില്‍ മുതല്‍ ജോയിന്റ് മാനേജിംഗ് ഡയറക്ടറായും (കൊമേഴ്സ്യല്‍) പ്രവര്‍ത്തിച്ചിട്ടുണ്ട്

Update:2022-03-24 15:59 IST

രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകി ഇന്ത്യ (എംഎസ്‌ഐ) യുടെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായി ഹിസാഷി ടകൂച്ചിയെ നിയമിച്ചു. ഏപ്രില്‍ ഒന്നുമുതല്‍ മുതല്‍ നിയമനം പ്രാബല്യത്തില്‍ വരുമെന്ന് കാര്‍ നിര്‍മാതാക്കള്‍ അറിയിച്ചു. നിലവിലെ എംഡിയും സിഇഒയുമായ കെനിച്ചി അയുകാവയുടെ കാലാവധി 2022 മാര്‍ച്ച് 31 നാണ് പൂര്‍ത്തിയാവുന്നത്. ഇതിന്റെ മുന്നോടിയായി വ്യാഴാഴ്ച ചേര്‍ന്ന കമ്പനിയുടെ ബോര്‍ഡ് മീറ്റിംഗിലാണ് ഹിസാഷി ടകൂച്ചിയെ നിയമിക്കാന്‍ തീരുമാനമായത്.

അതേസമയം, കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന് 2022 സെപ്റ്റംബര്‍ 30 വരെ എക്സിക്യൂട്ടീവ് വൈസ് ചെയര്‍മാനായി അയുകാവ തുടരുമെന്നും കമ്പനി അറിയിച്ചു. നേരത്തെ, 2019 ല്‍ അയുകാവയുടെ കാലാവധി കഴിഞ്ഞപ്പോള്‍ മാരുതി സുസുകി മൂന്നുവര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിക്കുകയായിരുന്നു. ഷിന്‍സൊ നകനിഷിയുടെ പിന്‍ഗാമിയായി 2013 ഏപ്രിലിലാണ് കനിച്ചി അയുകാവ മാരുതി സുസുകിയുടെ എംഡിയും സിഇഒയുമായി ചുമതലയേറ്റത്. 1980 ലാണ് ഇദ്ദേഹം സുസുകി മോട്ടോര്‍ കോര്‍പറേഷനിന്റെ ഭാഗമായത്.

1986ല്‍ സുസുകി മോട്ടോര്‍ കോര്‍പ്പറേഷനില്‍ ചേര്‍ന്ന ടകൂച്ചി 2019 ജൂലൈ മുതല്‍ മാരുതി സുസുകിയുടെ ബോര്‍ഡിലും 2021 ഏപ്രില്‍ മുതല്‍ ജോയിന്റ് മാനേജിംഗ് ഡയറക്ടറായും (കൊമേഴ്സ്യല്‍) പ്രവര്‍ത്തിച്ചിട്ടുണ്ട്.
Tags:    

Similar News