കോവിഡ് 19 ബാധ മാര്‍ച്ച് 31നകം നിയന്ത്രണ വിധേയമായില്ലെങ്കില്‍ സംസ്ഥാനത്തെ ആശുപത്രികളില്‍ ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും ഉപയോഗിക്കുന്ന ഗ്രേഡിലുള്ള മാസ്‌ക്, ഗ്ലൗസ് എന്നിവയുടെ ലഭ്യതയില്‍ കടുത്ത ക്ഷാമം അനുഭവപ്പെടാന്‍ സാധ്യത. നിലവില്‍ മാര്‍ച്ച് 31 വരെ ഉപയോഗിക്കാനുള്ള മാസ്‌കുകളും ഗ്ലൗസുകളും ആശുപത്രിയില്‍ സ്‌റ്റോക്കുണ്ട്. അവശ്യവസ്തുക്കളുടെ നീക്കത്തിന്നി യന്ത്രണമേര്‍പ്പെടുത്തിയിട്ടില്ലെങ്കിലും ഇന്ത്യയിലെ ഇതര ഭാഗങ്ങളിലെ പ്ലാന്റുകളില്‍ നിര്‍മിച്ച് കേരളത്തിലേക്ക് എത്തിക്കുന്ന മെഡിക്കല്‍ ഗ്രേഡിലുള്ള മാസ്‌കിന്റെ പാഴ്‌സലുകള്‍ സംസ്ഥാനത്ത് എത്തിയിട്ടില്ലെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. ''ഞങ്ങളുടെ ഒരു പാഴ്‌സല്‍ പുറപ്പെട്ടിട്ടുണ്ട്. പക്ഷേ അത് എവിടെയാണെന്നു പോലും കണ്ടെത്താന്‍ സാധിക്കുന്നില്ല. അതുകൊണ്ട് അടുത്ത പാഴ്‌സല്‍ അയക്കേണ്ടെന്ന നിര്‍ദേശം നല്‍കിയിരിക്കുകയാണ്,'' കേരളത്തിലെ പ്രമുഖ മെഡിക്കല്‍ ഗ്രേഡ് മാസ്‌ക്,
ഗ്ലൗസ് ബ്രാന്‍ഡായ സുരക്ഷയുടെ നിര്‍മാതാക്കളായ സേവന മെഡിനീഡ്‌സിന്റെ
സാരഥി ബിനു ഫിലിപ്പോസ് പറയുന്നു.
കേരളത്തില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചതോടെ കിഴക്കമ്പലത്തെ സേവന മെഡിനീഡ്‌സിന്റെ ഫാക്ടറിക്ക് മുന്നില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വാഹനങ്ങളുമായി ജനങ്ങള്‍ മാസ്‌കും ഗ്ലൗസും വാങ്ങാന്‍ തിരക്കുകൂട്ടുകയായിരുന്നു.
ആശുപത്രികളിലെ ഓപ്പറേഷന്‍ തിയേറ്ററില്‍ ഡോക്ടര്‍മാരും ഡെന്റല്‍ ക്ലിനിക്കുകളിലും ആരോഗ്യപ്രവര്‍ത്തകരും ഉപയോഗിക്കുന്ന മെഡിക്കല്‍ ഗ്രേഡിലുള്ള മാസ്‌കുകള്‍ കോവിഡ് ഭീതിയില്‍ പൊതുജനം വലിയ തോതില്‍ വാങ്ങിക്കൂട്ടിയതാണ് ക്ഷാമത്തിന് പ്രധാനകാരണമായത്. ഏപ്രില്‍ 31വരെയുള്ള മാസ്‌കുകളും ഗ്ലൗസുകളും സംഭരിച്ചിരുന്നതാണെന്ന് ബിനു ഫിലിപ്പോസിനെ പോലുള്ള ഈ രംഗത്തെ മൊത്തവിതരണക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
ഇപ്പോള്‍ കേരളത്തില്‍ പലരും നിര്‍മിക്കുന്ന മാസ്‌കുകള്‍ മെഡിക്കല്‍ ഗ്രേഡിലുള്ളതല്ല. പ്ലാസ്റ്റിക്, നോണ്‍ വൂവണ്‍ ബാഗ് നിരോധനത്തിന് മുമ്പ് ഇവിടെ ക്യാരിബാഗ് നിര്‍മിക്കാന്‍ ഉപയോഗിച്ചിരുന്ന നോണ്‍ വൂവണ്‍ മെറ്റീരിയല്‍ ഉപയോഗിച്ചാണ് പലരും മാസ്‌ക് നിര്‍മിക്കുന്നത്. ഇത് മെഡിക്കല്‍ ഉപയോഗത്തിന് യോജിച്ചതല്ല. മെഡിക്കല്‍ ഗ്രേഡിലുള്ള ഗ്ലൗസുകള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നില്ലെന്ന് ബിനു ഫിലിപ്പോസ് പറയുന്നു.
വില നിയന്ത്രണം തിരിച്ചടിയാകുന്നു
മാസ്‌കുകളുടെ വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിര്‍ദ്ദേശവും ഈ രംഗത്തെ മൊത്തവിതരക്കാരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. മാര്‍ച്ച് 21നാണ് വിലനിയന്ത്രണം സംബന്ധിച്ച സര്‍ക്കാര്‍ നിര്‍ദേശം വന്നത്. ഫെബ്രുവരി 12ന് ബില്ല് ചെയ്ത അതേ നിരക്കില്‍ തന്നെ മാസ്‌കുകള്‍ മാര്‍ച്ച് 21ന് മുതല്‍ ബില്ല് ചെയ്യാന്‍ പാടുള്ളൂവെന്ന നിര്‍ദേശമാണ് മൊത്തവിതരണക്കാരെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ''ഞാന്‍ രണ്ട് ഗ്രേഡിലുള്ള മാസ്‌കുകളാണ് വില്‍ക്കുന്നത്. അതിന് ഫെബ്രുവരി 12 ന് രണ്ടു രൂപയും മൂന്നര രൂപയുമായിരുന്നു വില. മാര്‍ച്ച് 21 ന് അത് 13 രൂപയായി. 13 രൂപയ്ക്ക് ഞാന്‍ വാങ്ങിയ സാധനം മൂന്നുരൂപയ്ക്ക് ബില്‍ ചെയ്താല്‍ ഒരു പീസില്‍ എനിക്ക് നഷ്ടം പത്തുരൂപ. ലക്ഷക്കണക്കിന്
മാസ്‌കുകള്‍ വില്‍ക്കുമ്പോള്‍ എന്റെ നഷ്ടം എത്രയായിരിക്കും?'' ബിനു ഫിലിപ്പോസ് ചോദിക്കുന്നു. ഇതുകൊണ്ട് തന്നെ രാജ്യത്തെ മാസ്‌ക് മൊത്തവിതരണക്കാര്‍ നിര്‍മാണത്തിനും വിപണനത്തിനും അത്ര താല്‍പ്പര്യം കാണിക്കുന്നില്ലെന്നും സൂചനയുണ്ട്.
നിയമങ്ങള്‍ കൊണ്ടുവരുമ്പോള്‍ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ കൂടി സര്‍ക്കാര്‍ ചിന്തിക്കണമെന്ന് ബിസിനസുകാര്‍ ചൂണ്ടിക്കാട്ടുന്നു. ചൈനയില്‍ കോവിഡ് പടര്‍ന്നുപിടിച്ചതോടെ ഇന്ത്യയിലെ മാസ്‌ക് നിര്‍മാതാക്കള്‍ വന്‍തോതില്‍ അവിടേക്ക് കയറ്റുമതി നടത്തിയിരുന്നു. അന്ന് രണ്ടും മൂന്നും രൂപയുണ്ടായിരുന്ന മാസ്‌കിന് ചൈന 32-33 രൂപ വരെയാണ് വാഗ്ദാനം ചെയ്തിരുന്നത്. അതും മുന്‍കൂര്‍ തുക നല്‍കി കൊണ്ട്.
ഇന്ത്യയിലും മാസ്‌കിന് ആവശ്യം ഏറുമെന്ന ധാരണയില്‍ കയറ്റുമതിയില്‍ നിന്നു
വിട്ടുനിന്നവരുമുണ്ട്. ഇതെല്ലാം കൊണ്ട് കഴിഞ്ഞ രണ്ടുമൂന്നുമാസമായി
രാജ്യത്ത് മാസ്‌കിന് ഡിമാന്റ് ഏറെയാണ്.
അതിനിടെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ആവശ്യത്തിന് ബള്‍ക്ക് പായ്ക്കിംഗായി വിതരണം ചെയ്ത ഉല്‍പ്പന്നങ്ങള്‍ ജനങ്ങള്‍ ദുരുപയോഗം ചെയ്ത് ചില്ലറ വില്‍പ്പന നടത്തിയതിന്റെ പേരില്‍ ഈ രംഗത്തെ കമ്പനികള്‍ക്ക് അളവു തൂക്ക വകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്ന് അനാവശ്യ നടപടികള്‍ നേരിടേണ്ടിവരുന്നുമുണ്ട്. എംആര്‍പി ലേബലുകള്‍ പറിച്ചുകളഞ്ഞ് ചില്ലറ
വില്‍പ്പനക്കാര്‍ തോന്നിയ വില ഈടാക്കി വില്‍ക്കുന്നതില്‍ തങ്ങള്‍ നിസ്സഹായരാണെന്ന് മൊത്തവിതരണക്കാര്‍ പറയുന്നു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline