രാവിലെ ചാഞ്ചാട്ടം, പിന്നെ കയറ്റം, മെറ്റല്‍ ഓഹരികള്‍ക്ക് ഇടിവ്; വിപണിയില്‍ ഇന്ന് രാവിലെ സംഭവിക്കുന്നത്
മിഡ് ക്യാപ്, സ്‌മോള്‍ കാപ് സൂചികകള്‍ ആദ്യം നഷ്ടത്തിലായിട്ടു നേട്ടത്തിലേക്കു മാറി
വിപണി ചാഞ്ചാടുകയാണ്. നേരിയ നേട്ടത്തില്‍ വ്യാപാരം തുടങ്ങിയ ശേഷം മുഖ്യ സൂചികകള്‍ മാറി മാറി നേട്ടവും നഷ്ടവും കാണിച്ചു. വ്യാപാരം ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ നിഫ്റ്റി 50 ഉം സെന്‍സെക്‌സ് 160 ഉം പോയിന്റ് ഉയര്‍ന്നു നില്‍ക്കുന്നു.
മിഡ് ക്യാപ്, സ്‌മോള്‍ കാപ് സൂചികകള്‍ ആദ്യം നഷ്ടത്തിലായിട്ടു നേട്ടത്തിലേക്കു മാറി. ബാങ്ക് നിഫ്റ്റി തുടക്കം മുതല്‍ നഷ്ടം കാണിച്ചു. ധനകാര്യ ഓഹരികളും താഴ്ന്നു.
ഇന്നലെ നല്ല നേട്ടം ഉണ്ടാക്കിയ മെറ്റല്‍ ഓഹരികള്‍ ഇന്നു താഴ്ചയിലാണ്. വാഹന ഓഹരികള്‍ ഉയര്‍ന്നു. വേള്‍പൂളിന്റെ വാഷിംഗ് മെഷീന്‍ നിര്‍മിക്കാന്‍ കരാര്‍ ലഭിച്ച പി.ജി ഇലക്ട്രോപ്ലാസ്റ്റ് ഓഹരി നാലു ശതമാനം കയറി. വേള്‍പൂള്‍ രണ്ടു ശതമാനം ഉയര്‍ന്നു.
നവംബറിലെ ക്രെഡിറ്റ് കാര്‍ഡ് ഇടപാട് ഗണ്യമായി കുറഞ്ഞത് എസ്ബിഐ കാര്‍ഡ്‌സ് ഓഹരിയെ ആദ്യം താഴ്ത്തി. പിന്നീട് ഓഹരി നേട്ടത്തിലായി. കഴിഞ്ഞ ദിവസങ്ങളില്‍ താഴ്ന്ന സീമന്‍സ് ഇന്നും നഷ്ടത്തിലാണ്.
രൂപ ഇന്ന് നേരിയ നേട്ടത്തില്‍ തുടങ്ങിയിട്ടു താഴ്ന്നു. ഡോളര്‍ ഒരു പൈസ താണ് 85.11 രൂപയില്‍ ഓപ്പണ്‍ ചെയ്തു. പിന്നീട് 85.18 രൂപയിലേക്ക് ഡോളര്‍ കയറി.
സ്വര്‍ണം ലോക വിപണിയില്‍ ഔണ്‍സിന് 2618 ഡോളറാണ്. കേരളത്തില്‍ ആഭരണസ്വര്‍ണം പവന് 80 രൂപ കുറഞ്ഞ് 56,720 രൂപയായി. ക്രൂഡ് ഓയില്‍ അല്‍പം കയറി. ബ്രെന്റ് ഇനം 72.96 ഡോളറില്‍ എത്തി.