വോട്ട് ചെയ്യാന്‍ പോയ മെട്രോ റെയില്‍ നിര്‍മാണ തൊഴിലാളികള്‍ തിരിച്ചെത്തിയില്ല; സ്റ്റാലിന്റെ സ്വപ്‌നദൂരം ഇഴയുന്നു

നാട്ടില്‍ പോയ തൊഴിലാളികള്‍ക്ക് വീടിനടുത്ത് കൂടുതല്‍ മെച്ചപ്പെട്ട തൊഴിലുകള്‍ ലഭിച്ചുവെന്ന സൂചനകളാണ് ലഭിക്കുന്നത്‌

Update:2024-11-02 15:18 IST

Image : Canva

ചെന്നൈ മെട്രോ റെയിലിന്റെ രണ്ടാംഘട്ടത്തിന്റെ നിര്‍മാണം തൊഴിലാളികളുടെ അഭാവം മൂലം ഇഴയുന്നു. 63,246 കോടി രൂപയുടെ രണ്ടാംഘട്ട നിര്‍മാണത്തിന് തൊഴിലാളികളുടെ ലഭ്യതക്കുറവ് പ്രതിസന്ധി സൃഷ്ടിക്കുന്നത് കഴിഞ്ഞ ഏപ്രില്‍ മുതലാണെന്ന് അധികൃതര്‍ പറയുന്നു.
മെട്രോ നിര്‍മാണത്തിനായി പണിയെടുത്തിരുന്നവരില്‍ ഭൂരിഭാഗവും ബിഹാര്‍, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളായിരുന്നു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ നാട്ടിലേക്ക് പോയ ഇവരില്‍ ഭൂരിഭാഗവും മടങ്ങി വന്നിട്ടില്ല. മേയ് അവസാനമോ ജൂണ്‍ ആദ്യ വാരമോ തൊഴിലാളികള്‍ മടങ്ങി വരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കാര്യമായ മാറ്റമുണ്ടായില്ല.

നിര്‍മാണം വൈകിയേക്കും

എം.കെ സ്റ്റാലിന്‍ സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായിട്ടാണ് രണ്ടാംഘട്ടത്തെ വിലയിരുത്തുന്നത്. അടുത്ത വര്‍ഷം അവസാനത്തോടെ നിര്‍മാണം പൂര്‍ത്തിയാക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. നിലവിലെ അവസ്ഥയില്‍ മുന്‍നിശ്ചയിച്ച സമയത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. രണ്ടാംഘട്ടം പൂര്‍ത്തിയാകുമ്പോള്‍ മെട്രോയുടെ ദൈര്‍ഘ്യം 118.9 കിലോമീറ്ററാകും.
തൊഴിലാളികളുടെ ലഭ്യതക്കുറവിന് കാരണങ്ങളായി പറയുന്നത് നിരവധി കാരണങ്ങളാണ്. അതില്‍ പ്രധാനം ഇത്തരം തൊഴിലാളികള്‍ക്ക് തങ്ങളുടെ സ്വന്തം സംസ്ഥാനങ്ങളില്‍ അനുയോജ്യമായ തൊഴിലുകള്‍ ലഭിച്ചിരിക്കാമെന്നതാണ്. ബിഹാര്‍, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കൂടുതല്‍ റോഡ്, റെയില്‍ അടിസ്ഥാന വികസന പദ്ധതികള്‍ നടക്കുന്നുണ്ട്. ഈ പദ്ധതികളില്‍ നിരവധി തൊഴിലാളികളെ ആവശ്യമുണ്ട്.

വീടിനോട് അടുത്ത സ്ഥലങ്ങളില്‍ തൊഴില്‍ ലഭിക്കുന്നതിനൊപ്പം മുന്‍ വര്‍ഷങ്ങളിലേതിലും മെച്ചപ്പെട്ട വേതനവും ലഭിക്കുമെന്നത് തൊഴിലാളികളുടെ വരവിനെ തടഞ്ഞിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് ചെന്നൈ മെട്രോ റെയില്‍ അധികൃതര്‍. 2007ല്‍ നിര്‍മാണം ആരംഭിച്ച ചെന്നൈ മെട്രോ റെയിലിന്റെ ആദ്യഘട്ടം പൂര്‍ത്തിയായത് 2019ലാണ്. 45.1 കിലോമീറ്ററാണ് ആദ്യ ഘട്ടത്തിലെ ദൂരം.

Tags:    

Similar News