മദ്യമില്ലാത്ത ബിയര്‍ ഗള്‍ഫ് വിപണിയില്‍ തരംഗം; പണികിട്ടിയത് പെപ്‌സിക്കും കൊക്കകോളയ്ക്കും

നോണ്‍ ആല്‍ക്കഹോളിക് ബിയറുകള്‍ വ്യാപകമാകാന്‍ ഇസ്രയേല്‍-പാലസ്തീന്‍ സംഘര്‍ഷവും കാരണമായി

Update:2024-08-20 18:29 IST
ആല്‍ക്കഹോളിന്റെ അംശമില്ലാത്ത ബിയറിന്റെ വില്പന ഗള്‍ഫ് രാജ്യങ്ങളില്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. മദ്യം താല്പര്യമില്ലാത്തവരെ ലക്ഷ്യമിട്ടാണ് ഇത്തരത്തിലുള്ള ബിയര്‍ കമ്പനികള്‍ പുറത്തിറക്കിയിരിക്കുന്നത്. ഈ പ്രവണത വ്യാപകമായതോടെ പെപ്‌സി, കൊക്കക്കോള ഉള്‍പ്പെടെയുള്ള കമ്പനികള്‍ക്ക് തിരിച്ചടിയായതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ബഹിഷ്‌കരണ ഭീഷണിയില്‍ വമ്പന്മാര്‍
ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം രൂക്ഷമായതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്കെതിരേ ബഹിഷ്‌കരണം നടക്കുന്നുണ്ട്. ഇത് പെപ്‌സി, കൊക്കക്കോള പോലുള്ള അമേരിക്കന്‍ കമ്പനികളെ ബാധിച്ചിട്ടുണ്ട്.
ഇത്തരത്തിലുള്ള ശീതളപാനീയങ്ങള്‍ വേണ്ടെന്നു വയ്ക്കുന്നവരിലേറെയും ആല്‍ക്കഹോള്‍ ഇല്ലാത്ത ബിയറുകള്‍ ഉപയോഗിക്കാനാണ് താല്പര്യം കാണിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പല മദ്യനിര്‍മാണ കമ്പനികളും ആല്‍ക്കഹോള്‍ ഇല്ലാത്ത ബിയറുകളുടെ ഉത്പാദനം കൂട്ടിയിട്ടുണ്ട്.
കാള്‍സ്‌ബെര്‍ഗ് എ.ബി. ഇന്‍ബീവ് ഉള്‍പ്പെടെയുള്ള കമ്പനികളും ഗള്‍ഫ് രാജ്യങ്ങളെ ലക്ഷ്യംവച്ച് വിവിധ ആല്‍ക്കഹോള്‍ രഹിത ബിയറുകള്‍ അവതരിപ്പിക്കുന്നുണ്ട്. സൗദി അറേബ്യയ്ക്കായി എ.ബി ഇന്‍ബീവ് അടുത്തിടെ കോറോണ സെറോ എന്ന ബ്രാന്‍ഡ് പുറത്തിറക്കിയിരുന്നു. മദ്യ കമ്പനികളുടെ വരുമാനത്തിന്റെ ചെറിയ ഭാഗം മാത്രമാണ് ഇത്തരം ആല്‍ക്കഹോളില്ലാത്ത ബിയറുകളുടെ വില്പനയിലൂടെ ലഭിക്കുന്നത്. ഭാവിയില്‍ വരുമാനം ഉയരുമെന്ന പ്രതീക്ഷയിലാണ് കമ്പനികള്‍.
ലോകത്ത് മദ്യ ഉപയോഗത്തില്‍ പിന്നിലാണ് ഗള്‍ഫ് രാജ്യങ്ങള്‍. പ്രതിശീര്‍ഷ മദ്യ ഉപഭോഗം ഒരു ലിറ്ററില്‍ താഴെയാണ് ഈ രാജ്യങ്ങളില്‍. എന്നാല്‍ ജര്‍മനിയിലിത് 12 ലിറ്ററാണ്. യു.കെയില്‍ 10 ലിറ്ററും ജര്‍മനിയില്‍ 9 ലിറ്ററുമാണെന്നാണ് കണക്ക്.
Tags:    

Similar News