ഈ പാലട പായസം 12 മാസം വരെ കേടാകില്ല, പ്രവാസികളെ ലക്ഷ്യം വച്ച് മില്‍മ, ഇളനീര്‍ ഐസ്‌ക്രീമും വിപണിയില്‍
കേരളത്തിലെ എല്ലാ മില്‍മ ഔട്ട്‌ലെറ്റുകളിലും ലഭ്യമാണ്
കേരളത്തിന്റെ തനത് വിഭവമായ പാലട പായസവും ഐസ്‌ക്രീമിലെ പുതിയ തരംഗമായ ഇളനീര്‍ (ടെന്‍ഡര്‍ കോക്കനട്ട്) ഐസ്‌ക്രീമും പുറത്തിറക്കി മില്‍മ. പ്രവാസികളെയും അതുവഴി കയറ്റുമതിയും ലക്ഷ്യം വച്ചു കൊണ്ടുള്ള റെഡി ടു ഡ്രിങ്ക് പാലട പായസം മലബാര്‍ യൂണിയന്റെ സഹകരണത്തോടെ മില്‍മ ഫെഡറേഷനും ഇളനീര്‍ ഐസ്‌ക്രീം മില്‍മ എറണാകുളം യൂണിയനുമാണ് പുറത്തിറക്കിയത്. രണ്ട് ഉത്പന്നങ്ങളും സംസ്ഥാനത്തെ എല്ലാ ഔട്ട്‌ലറ്റുകള്‍ വഴിയും ലഭ്യമാകും.
പന്ത്രണ്ട് മാസം വരെ കേടുകൂടാതിരിക്കുന്ന പാലട പായസമാണ് മില്‍മ വിപണിയിലെത്തിക്കുന്നത്.
മൈക്രോവേവ് അസിസ്റ്റഡ് തെര്‍മല്‍ സ്റ്റെറിലൈസേഷന്‍(എംഎടിഎസ്) സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള അസെപ്റ്റിക് രീതിയിലാണ് പാലട പായസം തയ്യാറാക്കുന്നതും പായ്ക്ക് ചെയ്യുന്നതും. ആന്ധ്രാപ്രദേശിലെ ശ്രീ സിറ്റിയിലുള്ള ടാറ്റയുടെ അത്യാധുനിക എംഎടിഎസ് സ്മാര്‍ട്സ് ഫുഡ് പ്ലാന്റിലാണ് ഇത് നിര്‍മ്മിക്കുന്നത്. നാല് പേര്‍ക്ക് വിളമ്പാനാകുന്ന 400 ഗ്രാമിന്റെ പാക്കറ്റിലായിരിക്കും ഇത് വിപണിയിലെത്തുക. 150 രൂപയാണ് പാക്കറ്റിന്റെ വില.