അഞ്ച് കോടി രൂപയുടെ സമ്പൂര്‍ണ മൃഗസംരക്ഷണ പദ്ധതി നടപ്പാക്കാന്‍ മില്‍മ
ഡോക്ടര്‍മാര്‍ വീടുകളില്‍ വന്ന് കന്നുകാലികളെ പരിശോധിക്കും;
ക്ഷീരസംഘങ്ങളിലെ കര്‍ഷകര്‍ക്കായി സമ്പൂര്‍ണ്ണവും, സമഗ്രവുമായ കന്നുകാലി ഇന്‍ഷുറന്‍സും മൃഗസംരക്ഷണ പദ്ധതികളും നടപ്പാക്കാനൊരുങ്ങി മില്‍മ. മില്‍മ എറണാകുളം മേഖലാ യൂണിയന്റെ പരിധിയില്‍ വരുന്ന ഇടുക്കി, കോട്ടയം, തൃശ്ശൂര്‍, എറണാകുളം ജില്ലകളിലെ ആയിരത്തില്‍പ്പരം പ്രാഥമിക ക്ഷീരസംഘങ്ങളിലെ കര്‍ഷകര്‍ക്കായാണ് പദ്ധതിയെന്ന് മില്‍മ എറണാകുളം മേഖലാ യൂണിയന്‍ ചെയര്‍മാന്‍ എം.ടി ജയന്‍ അറിയിച്ചു.
ഇന്‍ഷുറന്‍സിന്റെ പ്രീമിയം സബ്‌സിഡി, മൃഗഡോക്ടറുടെ സേവനം, മിനറല്‍ മിക്‌സ് വിതരണം, വാട്‌സാപ്പ് വഴിയുള്ള ടെലിമെഡിസിന്‍ എന്നിവയ്ക്കായി അഞ്ച് കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഒരു ക്ഷീര സഹകരണ പ്രസ്ഥാനം ഇത്രയും വിപുലമായ ക്ഷേമപദ്ധതികള്‍ നടപ്പിലാക്കുന്നത്. ഡോക്ടര്‍മാര്‍ വീടുകളില്‍ വന്ന് കന്നുകാലികളെ പരിശോധിക്കുകയും ആവശ്യമായ മരുന്നുകള്‍ നല്‍കുകയും, ഇന്‍ഷുറന്‍സ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുകയും ചെയ്യുന്നു.
മില്‍മയുടെ ഡോക്ടര്‍മാര്‍ ക്ഷീര സഹകരണസംഘങ്ങളിലെത്തി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും. കന്നുകാലികളിലെ വന്ധ്യതാ നിവാരണ ചികിത്സയുള്‍പ്പെടെ ഈ ക്യാമ്പിലൂടെ നല്‍കും. ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്ത പശുക്കള്‍ മരണപ്പെടുമ്പോള്‍ മേഖലാ യൂണിയന്‍ 15,000 രൂപ കര്‍ഷകര്‍ക്ക് നല്‍കിവരുന്നുണ്ട്. എന്നാല്‍ ഇത് കര്‍ഷകര്‍ക്ക് വരുന്ന സാമ്പത്തിക നഷ്ടത്തിന്റെ ചെറിയ ഭാഗം മാത്രമേ ആകുന്നുള്ളൂ. അതിനാലാണ് സമ്പൂര്‍ണ ഇന്‍ഷുറന്‍സ് എന്ന ആശയം ഉയര്‍ന്നു വന്നതെന്നും എം.ടി ജയന്‍ ചൂണ്ടിക്കാട്ടി.