ദിവസം ₹1,035 വരെ, അസംഘടിത മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം ഉയര്‍ത്തി കേന്ദ്രം, നേട്ടം ഈ വിഭാഗക്കാര്‍ക്ക്
ഒക്‌ടോബർ 1 മുതൽ പുതിയ കൂലി നിരക്ക് പ്രാബല്യത്തിൽ വരും
അസംഘടിത മേഖലയിലെ തൊഴിലാളികളുടെ വേതന നിരക്ക് വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ് നേരിടാൻ തൊഴിലാളികളെ സഹായിക്കുന്നതിനാണ് നടപടി. ഇതിനായി വേരിയബിൾ ഡിയർനസ് അലവൻസ് (വി.ഡി.എ) പരിഷ്കരിക്കുന്നതായി കേന്ദ്ര തൊഴിൽ മന്ത്രാലയം അറിയിച്ചു.
വേതനം പരിഷ്കരണം ഈ വിഭാഗങ്ങളിലുളളവര്‍ക്ക്
കെട്ടിട നിർമ്മാണം, ലോഡിംഗ്-അൺലോഡിംഗ്, വാച്ച് ആൻഡ് വാർഡ്, സ്വീപ്പിംഗ്, ക്ലീനിംഗ്, ഹൗസ് കീപ്പിംഗ്, മൈനിംഗ്, കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട കൃഷി ജോലികള്‍ തുടങ്ങി വിവിധ മേഖലകളിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾക്ക് പുതുക്കിയ കൂലി നിരക്കിന്റെ പ്രയോജനം ലഭിക്കും.
ഒക്‌ടോബർ 1 മുതൽ പുതിയ കൂലി നിരക്ക് പ്രാബല്യത്തിൽ വരുന്നതാണ്. ഈ വർഷം ഏപ്രിലിലാണ് അവസാനമായി കൂലി പരിഷ്‌ക്കരണം നടത്തിയത്.
ജോലിയുടെ നൈപുണ്യ നിലവാരത്തെ അടിസ്ഥാനമാക്കിയാണ് മിനിമം വേതന നിരക്കുകൾ തരംതിരിച്ചിരിക്കുന്നത്. അവിദഗ്‌ദ്ധ മേഖല, അർദ്ധ വൈദഗ്ദ്ധ്യ മേഖല, വൈദഗ്ദ്ധ്യ മേഖല, ഉയർന്ന വൈദഗ്ദ്ധ്യ മേഖല എന്നിങ്ങനെയാണ് വേര്‍തിരിവ്.
നിർമ്മാണം, സ്വീപ്പിംഗ്, ക്ലീനിംഗ്, ലോഡിംഗ്-അൺലോഡിംഗ് തുടങ്ങിയവയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളുടെ കുറഞ്ഞ വേതന നിരക്ക് പ്രതിദിനം 783 രൂപയായാണ് വര്‍ധിപ്പിച്ചിരിക്കുന്നത് (പ്രതിമാസം 20,358 രൂപ). സെമി സ്‌കിൽഡ് മേഖലയിലെ ജോലിക്ക് പ്രതിദിനം 868 രൂപയാണ് ലഭിക്കുക (പ്രതിമാസം 22,568 രൂപ). നൈപുണ്യമുള്ള ജോലികള്‍, ക്ലറിക്കൽ, വാച്ച് ആന്‍ഡ് വാർഡുകൾ തുടങ്ങിയ ജോലികള്‍ക്ക് ഒരു ദിവസം 954 രൂപയാണ് ലഭിക്കുക (പ്രതിമാസം 24,804 രൂപ).
ഉയർന്ന വൈദഗ്ധ്യമുള്ളവർക്കും ആര്‍മ്ഡ് വാച്ച് ആൻഡ് വാർഡുകള്‍ക്കും ഒരു ദിവസം 1,035 രൂപ ലഭിക്കുന്നതാണ് (പ്രതിമാസം 26,910 രൂപ). വി.ഡി.എ വർഷത്തിൽ രണ്ടുതവണയാണ് സർക്കാർ പരിഷ്കരിക്കുന്നത്. വ്യാവസായിക തൊഴിലാളികളുടെ ഉപഭോക്തൃ വില സൂചികയിലെ ആറ് മാസത്തെ ശരാശരി വർദ്ധനവിനെ അടിസ്ഥാനമാക്കിയാണ് വേതന പരിഷ്കരണം നടത്തുന്നത്.
റീട്ടെയില്‍ പണപ്പെരുപ്പം കുറഞ്ഞു
അതേസമയം, വ്യാവസായിക തൊഴിലാളികളുടെ റീട്ടെയിൽ പണപ്പെരുപ്പ നിരക്ക് കഴിഞ്ഞ വർഷം ജൂലൈ മാസത്തെ 7.54 ശതമാനത്തിൽ നിന്ന് ഈ വര്‍ഷം ജൂലൈ മാസം 2.15 ശതമാനമായി കുറഞ്ഞിട്ടുണ്ട്.
2023 ജൂണിലെ 5.57 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ 2024 ജൂണിലെ വാർഷിക പണപ്പെരുപ്പം 3.67 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഇൻഡസ്ട്രിയൽ വർക്കേഴ്സിന്റെ ഉപഭോക്തൃ വില സൂചിക (സി.പി.ഐ-ഐ.ഡബ്ല്യു) ഈ വർഷം ഫെബ്രുവരി മുതൽ ക്രമാനുഗതമായി കുറഞ്ഞ് 2024 ഏപ്രിലില്‍ 3.87 ശതമാനത്തിലെത്തിയതായി കേന്ദ്ര തൊഴിൽ മന്ത്രാലയം അറിയിച്ചിരുന്നു.
അസംഘടിത മേഖലയിലെ തൊഴിലാളികളുടെ വേതനം വര്‍ധിപ്പിച്ചുകൊണ്ട് ഡല്‍ഹി സര്‍ക്കാര്‍ ബുധനാഴ്ച (25-09-2024) ഉത്തരവിറക്കിയിരുന്നു. അസംഘടിത മേഖലയിലെ അവിദഗ്‌ധ തൊഴിലാളികള്‍ക്ക് പ്രതിമാസ വേതനം 18,066 രൂപയായും അര്‍ധ വിദഗ്‌ധ തൊഴിലാളികള്‍ക്ക് 19,929 രൂപയായും വിദഗ്‌ധ തൊഴിലാളികള്‍ക്ക് വേതനം 21,917 രൂപയായുമാണ് പുതുതായി അധികാരമേറ്റ അതിഷി സര്‍ക്കാര്‍ ഉയര്‍ത്തിയത്.