മൊബൈൽ ചാർജ് വർധന ന്യായമോ, കൊള്ളയോ?

സ്വകാര്യ കമ്പനികൾ നിരക്ക് വർധിപ്പിച്ചതിനു പിന്നാലെ സർക്കാറും പ്രതിപക്ഷവുമായി നടത്തുന്ന ഏറ്റുമുട്ടലിലെ ശരിതെറ്റുകൾ

Update:2024-07-06 13:11 IST
രാജ്യത്തെ പ്രമുഖ ടെലികോം സ്വകാര്യ കമ്പനികൾ മൊബൈൽ ഫോൺ നിരക്ക് 20 ശതമാനം വരെ കുത്തനെ കൂട്ടിയത് കഴിഞ്ഞ ദിവസം. ഇത് കൊള്ളയോ, ന്യായമോ? സർക്കാറും പ്രധാന പ്രതിപക്ഷവുമായ കോൺഗ്രസും തമ്മിൽ ഏറ്റുമുട്ടുന്നതിനിടയിൽ ബാക്കിയാവുന്ന ചോദ്യം അതാണ്.
ടെലികോം കമ്പനികളുടെ അന്യായത്തിന് സർക്കാർ കൂട്ടുനിൽക്കുന്നുവെന്നാണ് ​പ്രതിപക്ഷം കുറ്റപ്പെടുത്തുന്നത്. 109 കോടി വരുന്ന മൊബൈൽ ഫോൺ ഉപയോക്താക്കളുടെ മേൽ 35,000 കോടി രൂപ വരുന്ന അധികഭാരമാണ് അടിച്ചേൽപിച്ചിരിക്കുന്നത്. പൊതു തെരഞ്ഞെടുപ്പ് കഴിയാൻ കാത്തു നിൽക്കുകയായിരുന്നോ കമ്പനികൾ? മൂന്നാം മോദി സർക്കാറിന്റെ ആദ്യ സമ്മാനമെന്നോണം തെരഞ്ഞെടുപ്പിനു ശേഷം നിരക്കു കൂട്ടുകയാണ് ടെലികോം കമ്പനികൾ ചെയ്തത്. ടെലികോം നിയന്ത്രണ അതോറിട്ടിയായ ട്രായിക്കും സർക്കാറിനും ഇതേക്കുറിച്ച് ഒന്നും പറയാനില്ലേ? ജനങ്ങളോടുള്ള ഉത്തരവാദിത്തം സർക്കാർ നിർവഹിച്ചോ? നിരക്ക് യുക്തിസഹമാണോ എന്ന് പരിശോധിച്ചിട്ടുണ്ടോ? കമ്പനികൾ തോന്നുംപോലെ നിരക്ക് കൂട്ടിയാൽ നിയന്ത്രിക്കാൻ നിയമവും ചട്ടവുമൊന്നുമില്ലേ? -പ്രതിപക്ഷത്തിന്റെ ചോദ്യം അതാണ്.
158 രൂപ മുടക്കുമ്പോൾ കിട്ടുന്ന സൗകര്യങ്ങളെക്കുറിച്ച് സർക്കാർ
സർക്കാർ മറുപടിയുമായി രംഗത്തു വന്നു. മറുപടി ഇതാണ്: ഇന്ത്യയിലെ ടെലികോം നിരക്കുകൾ മിക്ക രാജ്യങ്ങളിലുള്ളതിനേക്കാൾ കുറവാണ്. അമേരിക്ക, ഓസ്ത്രേലിയ, ബ്രിട്ടൺ, റഷ്യ തുടങ്ങി മറ്റു പ്രമുഖ രാജ്യങ്ങളിലെല്ലാം മൊബൈൽ ഫോൺ നിരക്ക് വളരെ ഉയർന്നു നിൽക്കുന്നു. പ്രതിമാസം 1.89 ഡോളർ അഥവാ, 158 രൂപയോളം കൊടുക്കു​മ്പോൾ ഉപയോക്താവിന് പരിധിയില്ലാതെ ഫോൺ വിളിക്കാം; 18 ജി.ബി ഡാറ്റ ഉപയോഗിക്കാം. ഈ സൗകര്യം എവിടെ കിട്ടും? ടെലികോം കമ്പനികളോട് നിരക്ക് കുറയ്ക്കണമെന്നു പറയാൻ സർക്കാരിന് കഴിയില്ല. വിപണി കൈകാര്യം ചെയ്യുന്നവരാണ് നിരക്ക് തീരുമാനിക്കുന്നത്. അവർക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള അവകാശത്തിൽ സർക്കാർ ഇടപെടില്ല. നിരക്ക് യുക്തിസഹമാണോ എന്ന് പരിശോധിക്കാൻ ട്രായ് ഉണ്ട്. ടെലികോം കമ്പനികൾ നിരക്ക് കൂട്ടിയിട്ട് രണ്ടു വർഷമായി എന്നോർക്കണം. 5ജി, 6ജി തുടങ്ങി മുന്തിയ സംവിധാനങ്ങൾ ഉപയോക്താക്കൾക്ക് ലഭ്യമാക്കു​മ്പോൾ, ടെലികോം കമ്പനികൾക്ക് അത് സാമ്പത്തികമായി മുതലാവുക കൂടി വേണം. 10 വർഷം​ മുമ്പ് ടെലികോം രംഗത്തുണ്ടായിരുന്ന മരവിപ്പല്ല കഴിഞ്ഞ 10 വർഷമായി രാജ്യത്തുള്ളതെന്ന പ്രതിപക്ഷ വിമർശനവും സർക്കാർ നടത്തിയിട്ടുണ്ട്.
ബി.എസ്.എൻ.എൽ തൊഴിലാളികൾക്ക് പറയാനുള്ളത്
രാജ്യത്തെ പ്രമുഖമായ മൂന്ന് സ്വകാര്യ ടെലികോം കമ്പനികളാണ് നിരക്ക് കൂട്ടിയത്. സർക്കാർ നിയന്ത്രിക്കുന്ന പൊതുമേഖല സ്ഥാപനമായ ബി.എസ്.എൻ.എൽ നിരക്ക് വർധിപ്പിച്ചിട്ടില്ല. ആ സ്ഥാപനത്തിലെ ജീവനക്കാരുടെ സംഘടനകൾക്ക് പറയാനുള്ളത് മറ്റൊന്നാണ്. ബി.എസ്.എൻ.എല്ലിന് മറ്റു കമ്പനികളോട് മത്സരിക്കാനുളള ക്ഷമത ഉണ്ടായിരുന്നെങ്കിൽ, സ്വകാര്യ കമ്പനികൾ തോന്നും പോലെ നിരക്ക് കൂട്ടുമായിരുന്നില്ല എന്നാണ് അവരുടെ പക്ഷം. ബി.എസ്.എൻ.എല്ലിനെ ഇന്നത്തെ പരുവത്തിലാക്കിയതാണ് സ്വകാര്യ കമ്പനികൾക്ക് ഉപയോക്താക്കളെ പിഴിയാൻ അവസരം നൽകുന്നതെന്ന് അവർ പറയുന്നു. അതിൽ കഴമ്പില്ലാതില്ല.
മറ്റു രാജ്യങ്ങളുമായി ഇന്ത്യയെ താരതമ്യം ചെയ്യാമോ?
മറ്റു രാജ്യങ്ങളിലെ നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിൽ ​മൊബൈൽ ചാർജ് കുറവാണ് എന്ന സർക്കാർ വാദത്തിനിടയിലും മറ്റൊന്ന് മറഞ്ഞു കിടക്കുന്നു. ചൈനയെ ഒഴിച്ചു നിർത്തിയാൽ, മറ്റു രാജ്യങ്ങളേക്കാൾ എത്രയോ കൂടുതൽ ഉപയോക്താക്കൾ ഇന്ത്യയിലുണ്ട്. വരിക്കാരുടെ എണ്ണം കൂടുമ്പോൾ അടിസ്ഥാന സൗകര്യം ഒരുക്കാനുളള ചെലവ് ആനുപാതികമായി കുറയുമെന്നത് ലളിതമായ വസ്തുതയുമാണ്. യു.എസിനും ഓസ്ത്രേലിയക്കുമൊക്കെ ടെലികോം അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനു വേണ്ട പ്രതിശീർഷ ചെലവ് ഇന്ത്യയിൽ ഉണ്ടാകുന്നില്ല എന്നർഥം. ബി.എസ്.എൻ.എല്ലിന്റെ അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി പടർന്നു പന്തലിച്ചതാണ് സ്വകാര്യ കമ്പനികൾ എന്നു കൂടി കൂട്ടിച്ചേർക്കാം.
Tags:    

Similar News