രാജ്യത്തെ മൊബൈല്‍ ഫോണ്‍ ഉല്‍പ്പാദനം പകുതിയായി
സെമികണ്ടക്ടര്‍ ക്ഷാമവും പ്രാദേശിക ലോക്ക്ഡൗണുകളുമാണ് മൊബൈല്‍ ഫോണ്‍ ഉല്‍പ്പാദനത്തെ ബാധിച്ചത്
കോവിഡ് രണ്ടാം തരംഗം രാജ്യത്തെ മൊബൈല്‍ ഫോണ്‍ ഉല്‍പ്പാദനത്തെയും സാരമായി ബാധിച്ചതായി കണക്കുകള്‍. മൊബൈല്‍ ഫോണ്‍ ഉല്‍പ്പാദനം ഏപ്രില്‍-മെയ് മാസങ്ങളില്‍ പകുതിയായാണ് കുറഞ്ഞത്. സെമികണ്ടക്ടറുകളുടെ ക്ഷാമവും പ്രാദേശിക ലോക്ക്ഡൗണുകളുമാണ് മൊബൈല്‍ ഫോണ്‍ ഉല്‍പ്പാദനം ഗണ്യമായി കുറയാന്‍ കാരണം.
രാജ്യത്ത് കോവിഡ് മഹാമാരി പിടിമുറുക്കിയതിനാല്‍ ഇക്കാലയളവില്‍ മൊബൈല്‍ ഫോണ്‍ ഉല്‍പ്പാദനം 50 ശതമാനം കുറഞ്ഞതായി ലാവ ഇന്റര്‍നാഷണലിന്റെ സഹസ്ഥാപകനായ എസ് എന്‍ റായ്, മൈക്രോമാക്‌സിന്റെ സഹസ്ഥാപകന്‍ രാജേഷ് അഗര്‍വാള്‍ എന്നിവര്‍ പറഞ്ഞു.
ഇന്റര്‍നാഷണല്‍ ഡാറ്റ കോര്‍പ്പറേഷന്റെ കണക്കകുള്‍ പ്രകാരം ജനുവരി-മാര്‍ച്ച് കാലയളവില്‍ രാജ്യത്തെ മൊബൈല്‍ കയറ്റുമതിയില്‍ 14 ശതമാനത്തിന്റെ ഇടിവാണുണ്ടായിട്ടുള്ളത്. എന്നിവരുന്നാലും വാര്‍ഷികാടിസ്ഥാനത്തിലെ വളര്‍ച്ച 18 ശതമാനമാണ്.
'2021 കലണ്ടര്‍ വര്‍ഷത്തിലെ വീണ്ടെടുക്കല്‍ നേരത്തെ പ്രതീക്ഷിച്ചത്ര സുഗമമായിരിക്കില്ല, രണ്ടാം തരംഗം നീങ്ങാത്തതിനാലും അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ മൂന്നാം തരംഗത്തിന് സാധ്യതയുള്ളതിനാലും വീണ്ടെടുക്കല്‍ അനിശ്ചിതത്വത്തിലാണ്'
ഐഡിസി ഇന്ത്യയിലെ റിസര്‍ച്ച് ഡയറക്ടര്‍ നവകേന്ദര്‍ സിംഗ് പറഞ്ഞു.
അതേസമയം ഉയര്‍ന്ന വിലയുള്ള സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ വളര്‍ച്ചയുണ്ടായിട്ടുള്ളതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മാര്‍ച്ച് പാദത്തില്‍ 37,000 രൂപയ്ക്ക് മുകളിലുള്ള ഫോണുകളുടെ കയറ്റുമതി കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 143 ശതമാനം വര്‍ധിച്ചു. 2,000 രൂപയില്‍ താഴെയുള്ള ഫോണുകളുടെ കയറ്റുമതി എട്ട് ശതമാനം കുറഞ്ഞു.
മുന്‍നിര സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ ഷവോമി മാര്‍ച്ച് പാദത്തിലെ കയറ്റുമതിയില്‍ മൂന്ന് ശതമാനം വളര്‍ച്ച മാത്രമാണ് രേഖപ്പെടുത്തിയതെന്ന് ഐഡിസി ഡാറ്റ വ്യക്തമാക്കുന്നു. വിവോയും റിയല്‍മിയും പ്രതിവര്‍ഷം കയറ്റുമതിയില്‍ യഥാക്രമം മൂന്ന്, നാല് ശതമാനം ഇടിവ് രേഖപ്പെടുത്തി.