അമേരിക്കയില്‍ ട്രംപിന് വെടിയേറ്റാല്‍ ഇന്ത്യയിലും വേണം കരുതല്‍; ജാഗ്രത നിര്‍ദേശം ഇങ്ങനെ

എല്ലാ സംസ്ഥാനങ്ങള്‍ക്കും സുരക്ഷ മുന്‍കരുതലിന് കേന്ദ്രത്തിന്റെ നിര്‍ദേശം

Update:2024-07-25 12:05 IST
അമേരിക്കയില്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണള്‍ഡ് ട്രംപിന് വെടി കൊണ്ടാല്‍ ഇന്ത്യയിലും കരുതല്‍ വേണം. സുരക്ഷാ ഭീഷണി നേരിടുന്ന പ്രധാന വ്യക്തികളുടെ സുരക്ഷ ശക്തിപ്പെടുത്താന്‍ എല്ലാ സംസ്ഥാന പൊലീസ് മേധാവികള്‍ക്കും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
പെന്‍സില്‍വാനിയയില്‍ പ്രചാരണ യോഗത്തില്‍ സംസാരിക്കുന്നതിനിടയിലാണ് ജൂലൈ 13ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണള്‍ഡ് ട്രംപിന് ചെവിക്ക് വെടിയേറ്റത്. വലിയൊരു വധശ്രമത്തെയാണ് ട്രംപ് അത്ഭുതകരമായി അതിജീവിച്ചത്.
ട്രംപിനു നേരെ ഉണ്ടായതടക്കം ഏഴ് വധശ്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഡി.ജി.പിമാര്‍ക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഡി.ജി.പിമാര്‍ക്ക് പുറമെ എന്‍.എസ്.ജി, സി.ആര്‍.പി.എഫ്, സി.ഐ.എസ്.എഫ്, ഐ.ടി.ബി.പി മേധാവികള്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സന്ദര്‍ശകരുടെ മേല്‍ കണ്ണും വേണം; കാമറയും
കഴിഞ്ഞ മേയിലാണ് സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫികോവിന് നേരെ വധശ്രമം ഉണ്ടായതെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി. റാലികള്‍, പൊതുയോഗങ്ങള്‍, റോഡ് ഷോ എന്നിങ്ങനെ പൊതുജനങ്ങളുമായി ബന്ധപ്പെടുന്ന പരിപാടികളില്‍ അതിപ്രധാന വ്യക്തികള്‍ സുരക്ഷ വെല്ലുവിളി നേരിടുന്ന കാര്യം കത്തില്‍ എടുത്തു പറഞ്ഞു. പതിവു സുരക്ഷ നടപടികള്‍ ശക്തിപ്പെടുത്തുന്നതിനൊപ്പം സാങ്കേതികവിദ്യാ നിരീക്ഷണം തുടങ്ങിയ നൂതന സംവിധാനങ്ങളും വേണമെന്നും നിര്‍ദേശിച്ചു. അതിപ്രധാന വ്യക്തികളുമായി ഇടപഴകാന്‍ അനുമതി നല്‍കുന്ന സന്ദര്‍ശകരുടെ എണ്ണം നിയന്ത്രിക്കണം. ചുറ്റും വളയുന്നതോ, കൂട്ടം കൂടുന്നതോ അനുവദിക്കരുത്. വേദികള്‍ക്കു ചുറ്റുമുള്ള സ്ഥലങ്ങളിലേക്ക് പ്രത്യേക ശ്രദ്ധ പതിയണമെന്നും ഓര്‍മിപ്പിച്ചിട്ടുണ്ട്.
മഹാത്മഗാന്ധി, പ്രധാനമന്ത്രിയായിരിക്കേ ഇന്ദിരാഗാന്ധി എന്നിവര്‍ വെടിയേറ്റാണ് മരിച്ചത്. മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധി സ്‌ഫോടനത്തില്‍ കൊല്ലപ്പെടുകയായിരുന്നു.
Tags:    

Similar News