ആദിത്യയ്ക്ക് പിന്നാലെ സോളാറിലോടാന്‍ കൂടുതല്‍ പാസഞ്ചര്‍ ബോട്ടുകള്‍
കേരളത്തിൽ ബോട്ട് യാത്രക്കാർ പ്രതിവർഷം ഒന്നര കോടി
സംസ്ഥാനത്തെ ജലഗതാഗത വകുപ്പിന്റെ 50 ശതമാനം ബോട്ടുകളും സോളാറിലേക്ക് മാറ്റാനുള്ള പദ്ധതികളുടെ ഭാഗമായി പുതിയ ബോട്ടുകള്‍ ഇറക്കാന്‍ നടപടി തുടങ്ങി. അടുത്ത വര്‍ഷം ആദ്യം ജലഗതാഗത വകുപ്പ് സോളാറില്‍ പ്രവര്‍ത്തിക്കുന്ന 30 സീറ്റുകളുള്ള ബോട്ടുകളാണ് ഇറക്കുന്നത്. ഇതിന് പുറമെ രണ്ടാം ഘട്ടമായി 75 ഉം 100 ഉം സീറ്റുകളുള്ള ബോട്ടുകള്‍ ഇറക്കാനും പദ്ധതിയുണ്ട്.
ആദിത്യയുടെ വിജയം
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 50 ശതമാനം ബോട്ടുകളും സോളാറിലേക്ക് മാറ്റുന്ന് പദ്ധതി കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. യാത്രക്കാര്‍ കൂടുതലായുള്ള ഇടങ്ങളിലായിരിക്കും സീറ്റുകള്‍ കൂടുതലുള്ള ബോട്ടുകള്‍ ഇറക്കുക. വൈക്കത്തിനും (കോട്ടയം) തവണക്കടവിനും (ആലപ്പുഴ) ഇടയില്‍ നിലവില്‍ സോളാറില്‍ പ്രവര്‍ത്തിക്കുന്ന ബോട്ടായ ആദിത്യയുടെ വിജയത്തെ തുടര്‍ന്നാണ് കൂടുതല്‍ ബോട്ടുകള്‍ നീറ്റിലിറക്കാന്‍ വകുപ്പ് തീരുമാനിച്ചത്.
മലിനീകരണം, ചെലവ് കുറയ്ക്കുക
മലിനീകരണം, പ്രവര്‍ത്തന ചെലവ് എന്നിവ കുറയ്ക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഡീസല്‍ ബോട്ടിന് ശരാശരി പ്രതിദിനം 10,000 മുതല്‍ 12,000 രൂപ വരെ ചെലവ് വരും. എന്നാല്‍ സോളാറില്‍ പ്രവര്‍ത്തിക്കുന്ന ഒരു ബോട്ടിന്റെ പ്രതിദിന പ്രവര്‍ത്തനച്ചെലവ് ഏകദേശം 500 രൂപ മാത്രമാണ്.
പ്രതിവര്‍ഷം 1.5 കോടി യാത്രക്കാര്‍
നിലവില്‍ വകുപ്പിന് സ്വന്തമായുള്ള 60 പാസഞ്ചര്‍ ബോട്ടുകള്‍ എല്ലാ ദിവസവും 59 ഷെഡ്യൂള്‍ഡ് ട്രിപ്പുകള്‍ നടത്തുന്നുണ്ട്. ആലപ്പുഴ, എറണാകുളം, കോട്ടയം, കൊല്ലം, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലാണ് ബോട്ട് സര്‍വീസ് നടത്തുന്നത്. പ്രതിവര്‍ഷം 1.5 കോടി യാത്രക്കാരാണ് ബോട്ടിനെ ആശ്രയിക്കുന്നത്. പാസഞ്ചര്‍ ബോട്ടുകള്‍ക്കൊപ്പം വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കാന്‍ പ്രത്യേക പാക്കേജില്‍ സര്‍വീസ് നടത്താനും വകുപ്പ് ആലോചിക്കുന്നുണ്ട്.