മുണ്ടക്കൈ ദുരന്തം: 7000 ത്തോളം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍; കളക്ഷന്‍ സെന്ററുകളെ ബന്ധപ്പെട്ടതിനു ശേഷം മാത്രം സഹായങ്ങള്‍ എത്തിക്കുക

ക്യാമ്പുകളില്‍ കുട്ടികളും ഗര്‍ഭിണികളും പ്രായമായവരും അടക്കം ഒട്ടേറെപ്പേര്‍

Update:2024-07-31 16:11 IST

Image Courtesy: facebook.com/advtsiddiqueinc

വയനാട് മുണ്ടക്കൈയില്‍ പ്രകൃതി സംഹാര താണ്ഡവമാടിയപ്പോള്‍ ഒറ്റരാത്രി കൊണ്ട് പൊലിഞ്ഞത് നൂറു കണക്കിന് ജീവനുകളാണ്. കനത്ത ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളില്‍ ഇപ്പോഴും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. തകർന്ന് മണ്ണിന് അടിയില്‍പ്പെട്ടുപോയ വീടുകളാണ് പ്രദേശത്ത് ഭൂരിഭാഗവും ഉളളത്. വയനാട്ടിലെ വിവിധ പ്രദേശങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ ഒട്ടേറെ ആളുകളെയാണ് മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്. 1726 കുടുംബങ്ങളെ നിലവില്‍ വിവിധ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. 7,000 ത്തോളം പേര്‍ ക്യാമ്പുകളിലുണ്ട്.

ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍

ചൂരൽമലയിലെ അപകടത്തെ തുടർന്ന് ഒട്ടേറെ പേർ അട്ടമലയില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഉരുൾപൊട്ടലിൽ പ്രദേശമാകെ ഒലിച്ചു പോയതോടെ 36 മണിക്കൂറുകളായി ആളുകള്‍ ഇവിടെ കുടുങ്ങി കിടക്കുകയാണ്. ഇവരെ രക്ഷപ്പെടുത്തി മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റാനുളള ശ്രമങ്ങളാണ് നടക്കുന്നത്. അട്ടമലയിൽ ലയങ്ങളിൽ താമസിക്കുന്ന തോട്ടം തൊഴിലാളികളും അന്യസംസ്ഥാന തൊഴിലാളികളുമാണ് അകപ്പെട്ടിട്ടുളളത്. ദൗത്യസംഘം നാലു സംഘങ്ങളായി തിരിഞ്ഞാണ് പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
മേപ്പാടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍, കോട്ടനാട് സ്‌കൂള്‍, സെന്റ് ജോസഫ് സ്‌കൂള്‍, സെന്റ് ജോസഫ് സ്‌കൂള്‍ യുപി, നെല്ലിമുണ്ട അമ്പലം ഹാള്‍, തൃക്കൈപ്പറ്റ ജി.എച്ച്.എസ്, കാപ്പംകൊല്ലി അരോമ ഇന്‍, മൗണ്ട് ടാബോര്‍ സ്‌കൂള്‍ എന്നിവടങ്ങളിലാണ് ദുരന്തം ഏറ്റവും കൂടുതല്‍ നാശം വിതച്ച മേപ്പാടിയില്‍ നിലവില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുളളത്. ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി 74 ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്.
കുട്ടികളും ഗര്‍ഭിണികളും പ്രായമായവരും അടക്കം ഒട്ടേറെപ്പേരാണ് ഇവിടെയുളളത്. ക്യാമ്പുകളിലേക്ക് ഭക്ഷണവും മരുന്നും എത്തിക്കാനുളള നടപടികള്‍ നാട്ടുകാരുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് ഓരോ ക്യാമ്പിന്റേയും നടത്തിപ്പ് ചുമതല നിര്‍വഹിക്കുന്നത്. ആയിരത്തോളം പേരെ ഇതുവരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.

സഹായ വസ്തുക്കള്‍ എത്തിക്കുന്നതിനു മുമ്പ് കളക്ടറേറ്റുമായി ബന്ധപ്പെടുക

ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ കേരളാ ബാങ്ക് നൽകിയിട്ടുണ്ട്. സിയാൽ രണ്ട് കോടി രൂപ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ അഞ്ച് കോടി രൂപ സഹായമായി പ്രഖ്യാപിച്ചിട്ടുണ്ട്.

ദുരിതബാധിതര്‍ക്കുള്ള സര്‍ക്കാര്‍ സഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെ ആയിരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ആവശ്യത്തിന് ദുരിതാശ്വാസ വസ്തുക്കൾ ലഭ്യമായതിനാൽ കൂടുതൽ സാധനങ്ങള്‍ എത്തിക്കേണ്ടതില്ലെന്നാണ് എറണാകുളം കളക്ടര്‍ നിലവില്‍ അറിയിച്ചിരിക്കുന്നത്. അതത് കളക്ടറേറ്റുകളില്‍ 1077 എന്ന നമ്പരില്‍ ബന്ധപ്പെട്ട ശേഷം ദുരിതാശ്വാസ സഹായത്തിനുളള വസ്തുക്കള്‍ എത്തിച്ചാല്‍ മതിയാകും.
വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തുന്ന അവശ്യസാധനങ്ങൾ ശേഖരിച്ച് വിതരണം ചെയ്യാനുളള സൗകര്യം, ആംബുലൻസ്, വളണ്ടിയർ സേവനം, ദുരിതാശ്വാസ ക്യാമ്പുകൾക്കാവശ്യമായ മറ്റ് സൗകര്യങ്ങൾ, മെഡിക്കൽ, നിയമ സഹായങ്ങള്‍ തുടങ്ങിയവ അധികൃതരുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ പ്രദേശത്ത് നടക്കുകയാണ്.
വിവിധ സ്ഥലങ്ങളിലെ കളക്ഷന്‍ സെന്ററുകള്‍
ദുരിതാശ്വാസ സഹായങ്ങള്‍ കലക്ഷൻ സെന്ററുകള്‍ വഴി മാത്രമായിരിക്കണം എത്തിക്കേണ്ടതെന്നും നേരിട്ട് ദുരിത മേഖലയിലേക്ക് എത്തുന്നത് എല്ലാവരും ഒഴിവാക്കണമെന്നും ജില്ലാ കളക്ടര്‍മാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനായി കളക്ടറേറ്റുകളിലും അനുബന്ധ കേന്ദ്രങ്ങളിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
കളക്ടറേറ്റിലെ പ്ലാനിങ് സെക്രട്ടറിയേറ്റിലാണ് കോഴിക്കോട് കളക്ഷന്‍ സെന്റര്‍ പ്രവർത്തിക്കുന്നത്. 9961762440 എന്നതാണ് കളക്ഷൻ സെന്റര്‍ നമ്പര്‍. കാസര്‍കോട്ട് ജില്ലാ ഭരണകൂടവും ജില്ലാ പഞ്ചായത്തും കളക്ഷന്‍ സെന്ററുകള്‍ തുറന്നിട്ടുണ്ട്. 9446601700 എന്നതാണ് കളക്ടറേറ്റ് കണ്‍ട്രോള്‍ റൂം നമ്പര്‍. കണ്ണൂർ താലൂക്ക് ഓഫീസ്- 9947838198 തലശ്ശേരി സബ് കളക്ടർ ഓഫീസ്- 9446051971 തുടങ്ങിയവയാണ് കണ്ണൂരിലെ കളക്ഷന്‍ സെന്ററുകള്‍.
കടവന്ത്ര റീജിയണൽ സ്പോ൪ട്സ് സെന്ററിലെ കളക്ഷ൯ സെന്ററിൽ ഓഗസ്റ്റ് 1 വരെ അവശ്യ സാധനങ്ങള്‍ എത്തിക്കാം. പത്തനംതിട്ട പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിലുളള കളക്ഷന്‍ സെന്ററിന്റെ നമ്പര്‍ 9188297112, 8289922295 എന്നിങ്ങനെയാണ്.

ദുരിതാശ്വാസ നിധിയുടെ പ്രവര്‍ത്തനം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ ഫണ്ട് കൈകാര്യം ചെയ്യുന്നതിന്റെ ചുമതല ധനകാര്യ വകുപ്പിലെ അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് നിര്‍വഹിക്കുന്നത്. നിലവില്‍ രാജേഷ് കുമാര്‍ സിങ്ങിനാണ്‌ ഇതിന്റെ ചുമതല. സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച് റവന്യൂ സെക്രട്ടറി പുറപ്പെടുവിക്കുന്ന ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ധനകാര്യ സെക്രട്ടറിക്ക് ദുരിതാശ്വാസ നിധിയിലെ പണം പിന്‍വലിക്കുന്നത് അടക്കമുളള കാര്യങ്ങള്‍ ചെയ്യാനാകുക. സംഭാവന നല്‍കിയ പണത്തിന്റെ വിവരങ്ങൾ ഇതുസംബന്ധിച്ച വെബ്‌സൈറ്റില്‍ (donation.cmdrf.kerala.gov.in) ഉള്‍പ്പെടുത്തിയിട്ടുണ്ട്. കണ്‍ട്രോളര്‍ ആന്‍ഡ് അക്കൗണ്ടന്റ് ജനറലാണ് ലഭിക്കുന്ന പണം ഓഡിറ്റ് ചെയ്യുന്നത്.
Tags:    

Similar News