സിനിമ തിയേറ്ററുകള്‍ തുറക്കും, കൂടുതല്‍ ഇളവുകളുടെ വിശദാംശങ്ങളറിയാം
ഒക്ടോബര്‍ 25 മുതലാകും അനുമതി. കോളെജുകള്‍ക്ക് 18 മുതല്‍ പ്രവര്‍ത്തിക്കാം.
കേരളത്തില്‍ കൂടുതല്‍ കോവിഡ് ഇളവുകള്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 25 മുതല്‍ തിയേറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കും. രണ്ട് വാക്‌സിന്‍ പൂര്‍ത്തിയായവര്‍ക്ക് 50 ശതമാനം സീറ്റുകളിലേ പ്രവേശനം അനുവദിക്കും. എസി പ്രവര്‍ത്തിപ്പിക്കാമെങ്കിലും നിയന്ത്രണങ്ങളുണ്ടായേക്കും. കോളെജുകള്‍ പൂര്‍ണമായി തുറക്കാനും തീരുമാനമായി. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും രണ്ടു ഡോസ് വാക്‌സീന്‍ നിര്‍ബന്ധമാണ്.
സെക്കന്‍ഡ് ഷോയ്ക്കും അനുമതി. അതേസമയം തിയേറ്ററുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ കൂടുതല്‍ മാനദണ്ഡങ്ങള്‍ സംഘടനയോട് നിര്‍ദേശിക്കാനും സാധ്യത. കോവിഡ് അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്.
ഒക്ടോബര്‍ 18 മുതലാണ് സംസ്ഥാനത്തെ എല്ലാ കോളെജുകള്‍ക്കും പ്രവര്‍ത്തനാനുമതി. പൂര്‍ണമായ വാക്‌സിന്‍ എടുത്ത, സുരക്ഷാ നിയന്ത്രണങ്ങള്‍ക്ക് സൗകര്യമുള്ള എല്ലാ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകളും തുറക്കാം. വിവാഹച്ചടങ്ങുകളില്‍ 50 പേര്‍ക്ക് പങ്കെടുക്കാം. 50 അംഗങ്ങളുമായി ഗ്രാമസഭകള്‍ ചേരാനും അനുമതിയായി.
ടിപിആര്‍ 13.65
കേരളത്തില്‍ ഇന്ന് 13,217 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. ടിപിആര്‍ 13.65 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 96,835 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 745 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 121 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 25,303 ആയി.