ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാന ബിസിനസ് വാര്‍ത്തകള്‍; നവംബര്‍ 21

Update: 2019-11-21 04:30 GMT

1. സംരംഭകന്റെ സാക്ഷ്യപത്രത്തില്‍ 10 കോടിയുടെ വ്യവസായം തുടങ്ങാം

10 കോടി രൂപ വരെ മുതല്‍ മുടക്കിലുള്ള വ്യവസായം തുടങ്ങാന്‍ സംരംഭകന്റെ സാക്ഷ്യപത്രം മാത്രം മതി എന്ന ബില്‍ നിയമസഭ പാസാക്കി. മൂന്നു വര്‍ഷത്തിനുശേഷം ആറ് മാസത്തിനകം എല്ലാ ലൈസന്‍സുകളും നേടണമെന്നതാണ് ബില്‍ പ്രകാരമുള്ള വ്യവസ്ഥ. കെട്ടിട നമ്പര്‍ ഇല്ലാതെയും വ്യവസായം ആരംഭിക്കാം. എന്നാല്‍ നെല്‍വയലുകള്‍ നികത്തി കെട്ടിടം പണിയാന്‍ പാടില്ല.

2. ലിസ്റ്റഡ് കമ്പനികളുടെ തിരിച്ചടവു മുടങ്ങിയാല്‍ മുപ്പത്തിയൊന്നാം ദിവസം അറിയിക്കണം

സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വായ്പയോ മറ്റേതെങ്കിലും തിരിച്ചടവോ നിശ്ചിത തിയതി മുതല്‍ 30 ദിവസം മുടങ്ങിയാല്‍ അക്കാര്യം 31- ാമത്തെ ദിവസം തന്നെ അറിയിച്ചിരിക്കണമെന്ന് ഓഹരി വിപണി നിയന്ത്രണ ഏജന്‍സിയായ സെബി. കമ്പനികളുടെ സാമ്പത്തിക പ്രതിസന്ധികള്‍ തിരിച്ചറിയാനാണ് പുതിയ സമയപരിധി നിശ്ചയിച്ചിട്ടുള്ളത്.

3. ബിപിസിഎല്‍ വില്‍പ്പനയ്ക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം

ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ (ബിപിസിഎല്‍) വില്‍പ്പനയ്ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ബിപിസിഎല്ലിലെ സര്‍ക്കാരിനുള്ള 53.29% ഓഹരികളാണ് വില്‍ക്കുന്നത്. അസമിലെ നുമാലിഗഡ് റിഫൈനറി ഒഴിവാക്കിയാണ് വില്‍പ്പന. ബിപിസിഎല്‍ ഉള്‍പ്പെടെ അഞ്ച് പൊതുമേഖല സ്ഥാപനകളുടെ വില്‍പ്പനയ്ക്കാണ് മന്ത്രിസഭ അംഗീകാരം.

4. ടെലികോം സ്‌പെക്ട്രം പണമടയ്ക്കലിന് രണ്ട് വര്‍ഷത്തെ മോറട്ടോറിയം

ടെലികോം കമ്പനികള്‍ സ്‌പെക്ട്രം വാങ്ങിയ ഇനത്തിലുള്ള പണമടയ്ക്കുന്നതിന് രണ്ട് വര്‍ഷത്തെ മോറട്ടോറിയം നല്‍കി കേന്ദ്ര മന്ത്രിസഭ. എയര്‍ടെല്‍, വോഡഫോണ്‍, റിലയന്‍സ് ജിയോ കമ്പനികള്‍ക്ക് 42000 കോടി രൂപയുടെ ആശ്വാസമാണ് മോറട്ടോറിയം നല്‍കുന്നത്.

5. ഡിഎച്ച്എഫ്എല്‍ നിയന്ത്രണം റിസര്‍വ് ബാങ്കിന് കീഴില്‍

സാമ്പത്തിക പ്രതിസന്ധിയിലായ ദിവാന്‍ ഹൗസിംഗ് ഫിനാന്‍സിന്റെ (ഡിഎച്ച്എഫ്എല്‍) ഭരണം റിസര്‍വ് ബാങ്ക് ഏറ്റെടുത്തു. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ മുന്‍ മേധാവിയായിരുന്ന ആര്‍. സുബ്രഹ്മണ്യ കുമാറിനെ അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ചു. പാപ്പരത്ത വ്യവസ്ഥ പ്രകാരമുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News