വാലിഡിറ്റി കുറച്ച് ഉപയോക്താക്കളെ പ്ലാന്‍ മാറ്റിക്കാന്‍ നീക്കവുമായി ജിയോ രംഗത്ത്; തിരിച്ചടി ഡേറ്റ മോഹികള്‍ക്ക്
ഒരു ദിവസത്തേക്കോ മണിക്കൂറുകള്‍ക്കോ വേണ്ടി മാത്രം അധിക വൗച്ചറുകള്‍ ചെയ്യേണ്ട അവസ്ഥയാണ് മാറ്റത്തോടെ സംഭവിക്കുക
ഇന്ത്യന്‍ ടെലികോം രംഗം റിലയന്‍സ് ജിയോ കുത്തകയാക്കി വയ്ക്കുമെന്ന് തോന്നിച്ച സമയത്താണ് മൊബൈല്‍ സേവനദാതാക്കള്‍ കൂട്ടായൊരു തീരുമാനമെടുത്തത്. താരിഫ് പ്ലാനുകളില്‍ നിരക്ക് വര്‍ധിപ്പിക്കുക. നിരക്ക് കൂട്ടിയതിന് പിന്നാലെ സ്വകാര്യ ടെലികോം കമ്പനികളില്‍ നിന്ന് ലക്ഷക്കണക്കിന് ഉപയോക്താക്കളാണ് പൊതുമേഖല സേവനദാതാവായ ബി.എസ്.എന്‍.എല്ലിലേക്ക് ഒഴുക്കിയത്.
കൈവിട്ടു പോയ ഉപയോക്താക്കളെ തിരിച്ചുപിടിക്കാന്‍ പൊടിക്കൈകളുമായി കമ്പനികള്‍ വന്നെങ്കിലും കാര്യമായ പ്രയോജനം ചെയ്തതുമില്ല. ഇപ്പോഴിതാ, വരിക്കാര്‍ക്ക് തിരിച്ചടിയായേക്കാവുന്ന മറ്റൊരു മാറ്റം കൂടി വരുത്തിയിരിക്കുകയാണ് ജിയോ.
ഡാറ്റ വൗച്ചറുകളില്‍ മാറ്റം
ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ സ്ഥിരമായി ഉപയോഗിക്കുന്നതാണ് ഡേറ്റ വൗച്ചറുകള്‍. അടിസ്ഥാന പ്ലാനിലെ ഇന്റര്‍നെറ്റ് ഡേറ്റ തീരുമ്പോഴാണ് പലരും അധിക ഡേറ്റ വൗച്ചര്‍ പ്ലാനുകള്‍ ഉപയോഗിക്കുന്നത്. അടിസ്ഥാന പ്ലാനിന്റെ വാലിഡിറ്റി എത്രയാണോ അത്രത്തോളം കാലയളവ് സാധുത ഡേറ്റ വൗച്ചറുകള്‍ മുമ്പ് ലഭിച്ചിരുന്നു. എന്നാല്‍ പുതിയ മാറ്റം ഉപയോക്താക്കള്‍ക്ക് തിരിച്ചടിയാകുന്നതാണ്. 19 രൂപയുടെ ഒരു ജി.ബി ഡേറ്റ ലഭിക്കുന്ന വൗച്ചറിന്റെ കാലാവധി ഇനി ഒരു ദിവസം മാത്രമാണ്. 29 രൂപയുടെ വൗച്ചറിന്റെ വാലിഡിറ്റി രണ്ടു ദിവസം കൊണ്ടും അവസാനിക്കും.
ഉപയോക്താക്കളെ സംബന്ധിച്ച് ഒരു ദിവസത്തേക്കോ മണിക്കൂറുകള്‍ക്കോ വേണ്ടി മാത്രം അധിക വൗച്ചറുകള്‍ ചെയ്യേണ്ട അവസ്ഥയാണ് മാറ്റത്തോടെ സംഭവിക്കുക. ഇതുവഴി വലിയ നിരക്കിലുള്ള പ്ലാനുകളിലേക്ക് തിരിയാന്‍ ഉപയോക്താക്കള്‍ നിര്‍ബന്ധിതരാകും.