മുല്ലപ്പെരിയാറില്‍ 'ദ്വിമുഖ' നീക്കവുമായി കേരളം, പുതിയ ഡാം നിര്‍മിക്കാന്‍ വേണ്ടത് 1,400 കോടി രൂപ; റിപ്പോര്‍ട്ട് ഇങ്ങനെ
2011ല്‍ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കിയപ്പോള്‍ 600 കോടി രൂപയായിരുന്നു ചെലവ് കണക്കാക്കിയിരുന്നത്
മുല്ലപ്പെരിയാറില്‍ പുതിയ ഡാമിനായുള്ള നീക്കങ്ങള്‍ ഊര്‍ജിതപ്പെടുത്തി കേരളം. വിവിധ മേഖലകള്‍ കേന്ദ്രീകരിച്ച് ഏകീകൃത നീക്കങ്ങളാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ വിഷയം ഉന്നയിച്ചിരുന്നു കേരളത്തില്‍ നിന്നുള്ള എം.പിമാര്‍. ഇതിനൊപ്പം ഡാം നിര്‍മാണത്തിന്റെ പ്രോജക്ട് റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ പുതുക്കുകയും ചെയ്തിട്ടുണ്ട്.
നിലവിലുള്ള ഡാമില്‍ നിന്ന് 366 മീറ്റര്‍ താഴെ പുതിയ ഡാം നിര്‍മിക്കാനാണ് കേരളത്തിന്റെ ശ്രമം. ഇതിനു തമിഴ്‌നാട് സര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്. എട്ടു വര്‍ഷമെങ്കിലും വേണ്ടിവരും പുതിയ ഡാം നിര്‍മിക്കാന്‍. 1,400 കോടി രൂപ ചെലവു വരും. 2011ല്‍ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കിയപ്പോള്‍ 600 കോടി രൂപയായിരുന്നു ചെലവ് കണക്കാക്കിയിരുന്നത്.
അടിയന്തിര പ്രമേയവുമായി എം.പിമാര്‍
നിലവിലെ ഡാം ഡീകമ്മീഷന്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡീന്‍ കുര്യാക്കോസ് എം.പി ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. ഡാമിന് സമീപത്തുള്ള ജനങ്ങളുടെ ജീവന്‍ അപകടത്തിലാണെന്നും വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യണമെന്നുമാണ് നോട്ടീസില്‍ ആവശ്യപ്പെട്ടത്. മറ്റ് എം.പിമാരും ഈ ആവശ്യം സഭയ്ക്കകത്തും പുറത്തും ഉന്നയിക്കുന്നുണ്ട്.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് രാജ്യസഭയില്‍ ഹാരിസ് ബീരാന്‍ എം.പി ആവശ്യപ്പെട്ടു. വിദഗ്ധ പരിശോധനയ്ക്ക് ശേഷം അണക്കെട്ട് സുരക്ഷിതമാണോയെന്ന് ജനങ്ങളോട് പറയണം. ഇല്ലെങ്കില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാമെന്ന കേരളത്തിന്റെ നിര്‍ദേശം അംഗീകരിക്കണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെടണമെന്നും ഹാരിസ് ബീരാന്‍ ആവശ്യപ്പെട്ടു.
തമിഴ്‌നാടിന് തലവേദനയാകും
കേന്ദ്ര സര്‍ക്കാരില്‍ പഴയപോലെ പിടിപാട് ഇല്ലാത്തതിനാല്‍ തമിഴ്‌നാടിന് ഇത്തവണ കാര്യങ്ങള്‍ അനുകൂലമല്ല. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്ക് തമിഴ്‌നാട്ടില്‍ നിന്ന് എംപിമാരില്ല. കേരളത്തില്‍ ഇത്തവണ സുരേഷ് ഗോപിയിലൂടെ അക്കൗണ്ട് തുറക്കാനും സാധിച്ചു. പുതിയ ഡാമിനായുള്ള കേരളത്തിന്റെ നീക്കങ്ങള്‍ക്ക് പിന്തുണ കൊടുത്തില്ലെങ്കില്‍ രാഷ്ട്രീയ തിരിച്ചടി നേരിടേണ്ടി വരുമെന്ന ഭയം ബി.ജെ.പിക്കുമുണ്ട്.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരളം ഉന്നയിക്കുന്ന ആശങ്കകളോട് മുഖംതിരിക്കാന്‍ കേന്ദ്രത്തിന് സാധിക്കില്ല. പ്രശ്‌നം ഇലയ്ക്കും മുള്ളിനും കേടില്ലാതെ തീര്‍ക്കാനായില്ലെങ്കില്‍ രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള പ്രശ്‌നത്തിലേക്ക് അതു മാറാനിടയുണ്ട്. വയനാട്ടിലെ ഉരുള്‍പൊട്ടല്‍ മേഖല സന്ദര്‍ശിക്കാനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മുന്നില്‍ പുതിയ ഡാമിന്റെ വിഷയം സംസ്ഥാനം ഉന്നയിച്ചേക്കും. മുല്ലപ്പെരിയാര്‍ ഡാം ഡികമ്മീഷന്‍ ചെയ്യണമെന്നാവശ്യപ്പെട്ട് നടക്കുന്ന ഓണ്‍ലൈന്‍ ഒപ്പുശേഖരണത്തില്‍ ഇതുവരെ 18 ലക്ഷത്തോളം പേര്‍ ഒപ്പുവച്ചു.
1887ല്‍ നിര്‍മാണം ആരംഭിച്ച മുല്ലപ്പെരിയാര്‍ അണക്കെട്ട് പൂര്‍ത്തിയാകുന്നത് 1895ലാണ്. സുര്‍ക്കി മിശ്രിതം ഉപയോഗിച്ചാണ് ഇത് നിര്‍മിച്ചിരിക്കുന്നത്.