പാർക്കിംഗിൽ തലസ്ഥാന നഗരി വീണ്ടും സ്മാർട്ടാവുന്നു
സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം നഗരത്തിൽ ബഹുനില പാർക്കിംഗ് സൗകര്യങ്ങൾ.;
തിരുവനന്തപുരം നഗരത്തിൽ വീണ്ടും ഓട്ടോമാറ്റിക് പാർക്കിംഗ് സൗകര്യം വരുന്നു. പബ്ലിക് ഓഫീസ് പരിസരത്താണ് പുതിയ സംവിധാനം ഏർപ്പെടുത്തുന്നത്. പദ്ധതിക്കായി 10 കോടി രൂപയുടെ ടെൻഡർ ക്ഷണിച്ചു. ഇലക്ട്രോമെക്കാനിക്കൽ കാർ പാർക്കിംഗ് സംവിധാനം ആണ് ഇവിടെ വരുന്നതെന്ന് പദ്ധതി നടപ്പാക്കുന്ന തിരുവനന്തപുരം സ്മാർട്ട് സിറ്റി ജനറൽ മാനേജർ സനൂപ് ഗോപീകൃഷ്ണൻ 'ധന'ത്തോട് പറഞ്ഞു. കുറഞ്ഞത് 80 കാറുകൾ ഉൾക്കൊള്ളാൻ കഴിയും. പാർക്കിങ് സൗകര്യത്തിന് സമീപം കഫറ്റീരിയ നിർമ്മിക്കാനും പദ്ധതിയുണ്ട്. നിർമ്മാണം പൂർത്തിയാക്കുന്നതിനുള്ള കാലാവധി 12 മാസമാണ്. പ്രോജക്റ്റ് ഡിസൈൻ അനുസരിച്ച്, ഏറ്റവും താഴെയുള്ള ഭാഗം ഇരുചക്രവാഹന പാർക്കിംഗിനും മുകളിലത്തെ ഭാഗം കാർ പാർക്കിംഗിനും ഉപയോഗിക്കും. താഴത്തെ നിലയിൽ പൊതു ശൗചാലയങ്ങൾ സ്ഥാപിക്കും. തിരക്ക് ഒഴിവാക്കാൻ പ്രവേശനത്തിനും പുറത്തു പോകാനും രണ്ടു വഴികൾ ഉണ്ടാകും. ഓരോ കാറിനും 2000 കിലോഗ്രാം ലോഡ് എടുക്കാൻ ഇലക്ട്രോ മെക്കാനിക്കൽ കാർ പാർക്കിംഗ് സംവിധാനവും രൂപകൽപ്പന ചെയ്തിട്ടുണ്ട്. 80 കാറുകൾ ഒരേ സമയം പാർക്ക് ചെയ്യാനാകും. നിർമ്മാണം പൂർത്തിയാക്കിയ തീയതി മുതൽ അഞ്ച് വർഷത്തേക്ക്, കരാറുകാരൻ സ്വയം പദ്ധതി പ്രവർത്തിപ്പിക്കുകയും, ഈ പദ്ധതി വിജയകരമായി കമ്മീഷൻ ചെയ്ത തീയതി മുതൽ 12 മാസത്തെ വാറന്റി കാലയളവിനു ശേഷം നാല് വർഷത്തേക്ക് പരിപാലിക്കുകയും ചെയ്യണം. വൈദ്യുതി ഉപഭോഗ ചാർജുകൾ സ്മാർട്ട് സിറ്റി വഹിക്കും. പാർക്കിങ് പ്രവർത്തനങ്ങൾ ഇന്റർഫേസ് കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുമായി ലയിപ്പിക്കും. ദേശീയ പാത ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷൻ ഇലക്ട്രോമെക്കാനിക്കൽ കാർ പാർക്കിംങ് പദ്ധതിയിൽ നിന്ന് പിൻവാങ്ങിയതിനെ തുടർന്നാണ് സ്മാർട്ട് സിറ്റി ഈ പദ്ധതി ഏറ്റെടുത്തത്തത്.
ഇതോടെ പാർക്കിംഗിൽ സ്മാർട്ട് അല്ലാതിരുന്ന തിരുവനന്തപുരം നഗരത്തിൽ ഒട്ടേറെ ഓട്ടോമാറ്റിക് പാർക്കിങ് സൗകര്യങ്ങൾ ആണ് വരാൻ പോകുന്നത്. തമ്പാനൂർ, പാളയം, പുത്തരിക്കണ്ടം, മെഡിക്കൽ കോളേജ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം മൾട്ടിലെവൽ പാർക്കിംഗ് സൗകര്യങ്ങൾ വരുന്നുണ്ട്. കോർപ്പറേഷൻ ഭാഗത്ത് ആട്ടോമാറ്റിക് പാർക്കിംഗ് സംവിധാനം ഇപ്പോൾ തന്നെയുണ്ട്.
നിർമ്മാണം ആരംഭിച്ച തമ്പാനൂർ ഭാഗത്തെ പണി ഏതാണ്ട് പൂർത്തിയായി. നാല് നിലകളിലായാണ് ഇവിടെ ബഹുനില പാർക്കിംഗ് കേന്ദ്രം വരാൻ പോകുന്നത്. ഒരേ സമയം 22കാറുകളും 400ബൈക്കുകളും ഇവിടെ പാർക്ക് ചെയ്യാം.