കര്‍ണാടകയില്‍ ₹1,400 കോടിയുടെ നിക്ഷേപം നടത്തി മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം

ശ്രീലങ്കയിലെ പ്രമുഖ സോഫ്റ്റ് ഡ്രിങ്ക് ബ്രാന്‍ഡിന്റെ ഉടമയാണ് താരം

Update:2024-06-20 14:04 IST

image credit: www.facebook.com/mbpatilmla

മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്‍ കര്‍ണാടകയില്‍ 1400 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് വ്യവസായ വകുപ്പ് മന്ത്രി എം.ബി പാട്ടീല്‍. ചാമരാജനഗര്‍ ജില്ലയിലെ ബദനക്കുപ്പെയിലാണ് താരത്തിന്റെ ശീതളപാനീയ നിര്‍മാണ യൂണിറ്റ് സ്ഥാപിക്കുന്നത്. പാട്ടീലും മുരളീധരനും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച അന്തിമ തീരുമാനമായത്.
ശ്രീലങ്കയിലെ പ്രമുഖ ശീതളപാനീയ ബ്രാന്‍ഡിന്റെ ഉടമയാണ് മുത്തയ്യ മുരളീധരന്‍. മുത്തയ്യ ബിവറേജസ് ആന്‍ഡ് കോണ്‍ഫെക്ഷനറീസ് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ബ്രാന്‍ഡ് വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യയില്‍ യൂണിറ്റ് ആരംഭിക്കുന്നത്. അടുത്ത വര്‍ഷത്തിന്റെ തുടക്കത്തില്‍ യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങുമെന്നാണ് പ്രതീക്ഷ. ആദ്യഘട്ടത്തില്‍ 230 കോടിയുടെ നിക്ഷേപം നടത്താനായിരുന്നു താരത്തിന്റെ പദ്ധതിയെന്ന് മന്ത്രി പറഞ്ഞു. അത് പിന്നീട് 1400 കോടി രൂപയാക്കി വര്‍ധിപ്പിക്കുകയായിരുന്നു. പദ്ധതിക്കായി 46 ഏക്കര്‍ ഭൂമി അനുവദിച്ചു. ഭൂമി അനുവദിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഗുരുതരമല്ലാത്ത പ്രശ്‌നങ്ങള്‍ അവഗണിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. കര്‍ണാടകയില്‍ മറ്റൊരു പ്ലാന്റ് സ്ഥാപിക്കാനും താരത്തിന് പദ്ധതിയുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Tags:    

Similar News