നായിഡുവും നിതീഷും ക്യൂവില്‍; 24,000 കോടി ചോദിച്ച പിണറായിക്ക് എന്തു കിട്ടും?
രാഷ്ട്രീയ പരിഗണനകള്‍ ബജറ്റിനെ ഭരിച്ചാല്‍ കേരളത്തിനു മുന്നില്‍ വഴി എന്താണ്?
24,000 കോടി രൂപയുടെ പ്രത്യേക സഹായം ആവശ്യപ്പെട്ട് കാത്തുനില്‍ക്കുന്ന കേരളത്തിന് 23ലെ കേന്ദ്രബജറ്റില്‍ എന്തു കിട്ടും? അഥവാ, എന്തെങ്കിലും കിട്ടുമോ? കേന്ദ്രത്തില്‍ ബി.ജെ.പിയുടെ രണ്ട് പ്രധാന സഖ്യകക്ഷികള്‍ അമ്പരപ്പിക്കുന്ന തുകയാണ് അവരുടെ സംസ്ഥാനത്തേക്ക് ചോദിച്ചിരിക്കുന്നത്. ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും തെലുങ്കുദേശം പാര്‍ട്ടി നേതാവുമായ ചന്ദ്രബാബു നായിഡുവിന് ഒരു ലക്ഷം കോടി രൂപയെങ്കിലും കിട്ടണം. ബിഹാര്‍ മുഖ്യമന്ത്രിയും ജനതദള്‍-യു നേതാവുമായ നിതീഷ് കുമാറിന് 30,000 കോടി രൂപ ഉടനെ വേണം. രാഷ്ട്രീയ പരിഗണനകള്‍ ബജറ്റിനെ ഭരിക്കുമെന്ന് വ്യക്തം. അതിനിടയില്‍ കേരളത്തോടുള്ള കേന്ദ്രത്തിന്റെ പ്രതികരണം എന്താവും? അതു ഏകദേശം ഊഹിക്കാമെന്നിരിക്കേ, കേന്ദ്രത്തെ പഴി ചാരാനുള്ള രാഷ്ട്രീയ നീക്കമാണോ കേരളം മുന്‍കൂട്ടി നടത്തിയത്?
ആന്ധ്രയുടെ ബാധ്യത 4.85 ലക്ഷം കോടി
ആന്ധ്രപ്രദേശിന്റെ പുനര്‍നിര്‍മാണം, തലസ്ഥാനമായ അമരാവതിയുടെ വികസനം തുടങ്ങി പല മുന്‍ഗണനകളാണ് ചന്ദ്രബാബു നായിഡുവിന്റെ മനസില്‍. അധികാരം കൈവിട്ട ജഗന്‍ മന്ത്രിസഭ സംസ്ഥാനത്തിന് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെച്ചതിന്റെ വിശദ കണക്കുകള്‍ നായിഡു ഇതിനകം പുറത്തിറക്കിയിട്ടുമുണ്ട്. റിസര്‍വ് ബാങ്കിന്റെ കണക്കനുസരിച്ച് ആന്ധ്രയുടെ ബാധ്യത ഇപ്പോള്‍ 4.85 ലക്ഷം കോടി രൂപ കടന്നു. ബി.ജെ.പി ഉള്‍പ്പെട്ട മുന്നണി തെരഞ്ഞെടുപ്പില്‍ മുന്നോട്ടു വെച്ച ചില വാഗ്ദാനങ്ങള്‍ പാലിക്കേണ്ട ബാധ്യതയും നായിഡുവിനു മുന്നിലുണ്ട്. ഇതെല്ലാം മുന്നില്‍ക്കണ്ടാണ് നായിഡു ലക്ഷം കോടി രൂപ വേണമെന്ന ആവശ്യവുമായി കഴിഞ്ഞ ദിവസം ധനമന്ത്രി നിര്‍മല സീതരാമനെ കണ്ടത്.
ബി.ജെ.പിയെ ഭരണത്തില്‍ സഹായിക്കുന്ന രണ്ടാമത്തെ വലിയ കക്ഷിയുടെ നേതാവായ നിതീഷ് കുമാര്‍ ബിഹാറിന് പ്രത്യേക പദവി അനുവദിക്കണമെന്ന ആവശ്യത്തില്‍ മുറുകെ പിടിച്ചിരിക്കുകയാണ്. 30,000 കോടി രൂപയുടെ പ്രത്യേക സഹായം ആവശ്യപ്പെടുന്ന നിതീഷിന്റെ സ്വപ്നങ്ങള്‍ പലതാണ്. ബിഹാറില്‍ ഒന്‍പത് വിമാനത്താവളങ്ങള്‍, നാല് മെട്രോ റെയില്‍, ഏഴ് മെഡിക്കല്‍ കോളജ്, 20,000 കോടിയുടെ താപനിലയം, 20,000 കോടിയുടെ റോഡ് വികസനം എന്നിങ്ങനെ നീളുന്നതാണ് സ്വപ്‌നങ്ങള്‍. ചിലതെങ്കിലും സാധിച്ചു കൊടുക്കാതെ സംസ്ഥാന ഭരണമുന്നണിയിലും അംഗമായ ബി.ജെ.പിക്കുമില്ല, രക്ഷ.
മോദിക്കും തൃപ്തിപ്പെടുത്തണം, വോട്ടര്‍മാരെ
സാമ്പത്തിക അച്ചടക്കം പാലിക്കുക, കടബാധ്യത കുറച്ചു കൊണ്ടുവരുക, തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം ഒറ്റക്ക് നല്‍കിയില്ലെങ്കിലും മൂന്നാമൂഴത്തിന് അവസരം നല്‍കിയ വോട്ടര്‍മാര്‍ക്ക് ചില പാരിതോഷികങ്ങള്‍ പ്രഖ്യാപിക്കുക, സഖ്യകക്ഷികളെ കൂടെ നിര്‍ത്തുക തുടങ്ങിയ ഉത്തരവാദിത്തങ്ങള്‍ മുന്നിലുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയും ധനമന്ത്രി നിര്‍മല സീതാരാമനും ബജറ്റില്‍ രാഷ്ട്രീയ തന്ത്രം പുറത്തെടുക്കുക തന്നെ ചെയ്യും. പ്രതിപക്ഷ സംസ്ഥാനങ്ങളുടെ ആവശ്യങ്ങളുടെ കാര്യത്തില്‍ പുതിയ സമീപനമോ വിശദീകരണമോ കൊണ്ടുവരും.
ബജറ്റിന് പിന്നാലെ വരാനിരിക്കുന്നു, പ്രസ്താവനയുടെ തെരുവു യുദ്ധം
ആന്ധ്രയും ബിഹാറും കേരളവും മറ്റു ചില സംസ്ഥാനങ്ങളും ഒരുപോലെ ആവശ്യപ്പെടുന്ന ഒരു കാര്യമുണ്ട്. മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ മൂന്നു ശതമാനമെന്ന വായ്പാ പരിധി ഉയര്‍ത്തി സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ പണം കണ്ടെത്താന്‍ വഴി തുറക്കുക എന്നതാണ് അത്. സംസ്ഥാനങ്ങളുടെ വായ്പ പരിധി ഉയര്‍ത്തിയാല്‍ സാമ്പത്തിക അച്ചടക്കത്തിന്റെ ട്രാക്ക് തെറ്റുമെന്നാണ് കേന്ദ്രം സ്വീകരിച്ചു പോന്ന നിലപാട്. പുതിയ സാഹചര്യങ്ങളില്‍ ഒരു വെടിക്ക് പല പക്ഷിയെന്ന ലാക്കോടെ 0.5 ശതമാനമെങ്കിലും വായ്പ പരിധി ഉയര്‍ത്താന്‍ കേന്ദ്രം തയാറാകുമോ? കാത്തിരുന്നു കാണേണ്ടി വരും. 24,000 കോടി കിട്ടിയാലും ഇല്ലെങ്കിലും, വായ്പ പരിധി ഉയര്‍ത്തിക്കിട്ടിയാല്‍ കേരള സര്‍ക്കാറിന് പിടിച്ചു നില്‍ക്കാം. രണ്ടും നടന്നില്ലെങ്കിലോ? ബജറ്റിന് ശേഷം വെടിയും പുകയുമായി പ്രസ്താവനയുടെ തെരുവു യുദ്ധം തന്നെ കാണേണ്ടി വരും.