കണ്ണുതള്ളി നില്‍ക്കാന്‍ കേരളത്തിന് യോഗം, ആന്ധ്രക്കും ബിഹാറിനും 6,798 കോടിയുടെ റെയില്‍ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രം
കേരളത്തിലെ റെയില്‍പാതകള്‍ പൂര്‍ത്തിയാക്കുന്നതില്‍ തികഞ്ഞ അനിശ്ചിതത്വം; ട്രെയിനുകളില്‍ ശ്വാസം കിട്ടാത്ത തിരക്ക്;
ബി.ജെ.പിയുടെ പ്രധാന സഖ്യകക്ഷികള്‍ ഭരിക്കുന്ന ബിഹാറിനും ആന്ധ്രപ്രദേശിനും റെയില്‍വേ അടിസ്ഥാന സൗകര്യം വികസിപ്പിക്കാനും പാത വിപുലീകരണത്തിനുമായി 6,798 കോടി രൂപയുടെ പദ്ധതികള്‍ അംഗീകരിച്ച് കേന്ദ്രമന്ത്രിസഭ. അമരാവതിയെ ഹൈദരാബാദ്, ചെന്നൈ തുടങ്ങി പ്രധാന നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന 2,245 കോടി രൂപയുടെ പദ്ധതിയാണ് ഒന്ന്. നേപ്പാളിലേക്ക് നീളുന്ന റെയില്‍ ഇടനാഴി വികസിപ്പിക്കുന്നതിന് 4,553 കോടി രൂപയുടെ പദ്ധതിയാണ് ബിഹാറിന് അനുവദിച്ചത്. അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം ഈ സംസ്ഥാനങ്ങളില്‍ വലിയ തോതില്‍ തൊഴിലവസരങ്ങള്‍ക്കും പദ്ധതികള്‍ വഴി തുറക്കും.
കേരളത്തിന്റെ നിലവിളി
റെയില്‍വേയുടെ അവഗണനയില്‍ കേരളം അടക്കം വിവിധ സംസ്ഥാനങ്ങള്‍ പ്രതിഷേധിക്കുന്നതിനിടയിലാണ് ഭരണസഖ്യത്തിലെ പങ്കാളികളെ സന്തോഷിപ്പിക്കുന്ന പ്രത്യേക തീരുമാനങ്ങള്‍ ഉണ്ടായത്. കേന്ദ്രബജറ്റിലും ഈ സംസ്ഥാനങ്ങള്‍ക്ക് വലിയ പദ്ധതികള്‍ പ്രഖ്യാപിച്ച് തുക വകയിരുത്തിയത് ഏറെ ചര്‍ച്ച ഉയര്‍ത്തിയിരുന്നു.
റെയില്‍വേയുടെ അവഗണന കേരളത്തിന്റെ വികസന സ്വപ്‌നങ്ങള്‍ക്കു മേല്‍ കരിനിഴല്‍ വീഴ്ത്തിയിരിക്കുന്നുവെന്ന ആക്ഷേപം ശക്തമാണ്. മറ്റെല്ലാ സംസ്ഥാനങ്ങളിലും പുതിയ റെയില്‍വേ ലൈനുകള്‍ വന്നുകൊണ്ടിരിക്കുമ്പോള്‍ കേരളത്തില്‍ പുതിയ പാതയുടെ നിര്‍മാണം തികഞ്ഞ അനിശ്ചിതത്വത്തിലാണ്. അങ്കമാലിയില്‍ നിന്നുള്ള ശബരി പാത ഉദാഹരണം. ശ്വാസം കിട്ടാന്‍ ബുദ്ധിമുട്ടുന്ന വിധമുള്ള ട്രെയിന്‍ യാത്രകളെക്കുറിച്ച യാത്രക്കാരുടെ പരാതികളും ബാക്കി.