അപ്പൂപ്പന്റെ സമ്മാനം ₹240 കോടി! ശതകോടീശ്വരനായി ഈ നാല് മാസപ്രായക്കാരന്‍
15 ലക്ഷം ഓഹരികളാണ് സ്‌നേഹസമ്മാനമായി കൈമാറിയത്
ജനിച്ച് വെറും നാല് മാസത്തിനുള്ളില്‍ 240 കോടി രൂപയുടെ അവകാശിയായി മാറിയിരിക്കുകയാണ് ഏകാഗ്രഹ് എന്ന പിഞ്ചു ബാലന്‍. അപ്പൂപ്പന്‍ സ്‌നേഹ സമ്മാനമായി നല്‍കിയ ഓഹരികളാണ് ഈ പിഞ്ചോമനയെ ശതകോടീശ്വരനാക്കി മാറ്റിയത്. ഇന്‍ഫോസിസിസ് സഹസ്ഥാപകന്‍ സാക്ഷാല്‍ എന്‍.ആര്‍ നാരായണ മൂര്‍ത്തിയാണ് തന്റെ കൊച്ചു മകനായി വമ്പന്‍ സമ്മാനം നല്‍കിയത്.
സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് നല്‍കിയിരിക്കുന്ന രേഖകള്‍ പ്രകാരം 240 കോടി രൂപ മൂല്യം വരുന്ന 15 ലക്ഷം ഓഹരികളാണ് എന്‍.ആര്‍ നാരായണ മൂര്‍ത്തി കൊച്ചു മകന് സമ്മാനമായി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച വിപണിക്ക് പുറത്തു നടന്ന ഇടപാടു വഴിയാണ് 0.04 ശതമാനം ഓഹരികള്‍ കൈമാറ്റം ചെയതത്. ഇതോടെ എന്‍.ആര്‍. നാരായണ മൂര്‍ത്തിക്ക് ഇന്‍ഫോസിസിലുള്ള ഓഹരി പങ്കാളിത്തം 0.36 ശതമാനമായി കുറഞ്ഞു.
നാരായാണ മൂര്‍ത്തിയുടേയും ഭാര്യ സുധാമൂര്‍ത്തിയുടേയും മകന്‍ രോഹന്‍ മൂര്‍ത്തിയുടേയും ഭാര്യ അപര്‍ണ കൃഷ്ണന്റെയും മകനാണ് ഏകാഗ്രഹ്. ഇക്കഴിഞ്ഞ നവംബര്‍ 10നായിരുന്നു ഇരുവര്‍ക്കും കുഞ്ഞ് ജനിച്ചത്. ഹാര്‍വാഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കംപ്യൂട്ടര്‍ സയന്‍സില്‍ പി.എച്ച്.ഡി നേടിയ രോഹന്‍ ബോസ്റ്റണ്‍ ആസ്ഥാനമായ സോറോകോ എന്ന സോഫ്റ്റ്‌വെയര്‍ സ്ഥാപനം നടത്തി വരുന്നു. മൂര്‍ത്തി മീഡിയയുടെ മേധാവിയാണ് അപര്‍ണ.
മൂന്നാമത്തെ പേരക്കുട്ടി
ഇന്നത്തെ വ്യാപാരമനുസരിച്ച് ബി.എസ്.ഇയില്‍ ഇന്‍ഫോസിസിന്റ ഒരു ഓഹരിയുടെ വില 1,602 രൂപയാണ്. ഇതു പ്രകാരം ഏകാഗ്രഹിന് കിട്ടിയിരിക്കുന്ന ഓഹരികളുടെ മൂല്യം 243 കോടി രൂപ വരും. നാരായണ മൂര്‍ത്തിയുടെയും സുധാ മൂര്‍ത്തിയുടെയും മൂന്നാമത്തെ പേരകുട്ടിയാണ് ഏകാഗ്രഹ്. മകള്‍ അക്ഷത മൂര്‍ത്തിയുടെയും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെയും മക്കളായ കൃഷ്ണയും അനൗഷ്‌കയുമാണ് മറ്റ് പേരക്കുട്ടികള്‍.
ഡിസംബര്‍ പാദത്തിലെ കണക്കനുസരിച്ച് അക്ഷതയ്ക്ക് ഇന്‍ഫോസിസില്‍ 1.05 ഓഹരികളും സുധാ മൂര്‍ത്തിയ്ക്ക് 0.93 ശതമാനം ഓഹരികളും രോഹന് 1.64 ശതമാനം ഓഹരികളുമാണുള്ളത്. 1981ലാണ് എന്‍.ആര്‍ നാരായണ മൂര്‍ത്തി മറ്റ് ആറ് പേരുമായി ചേര്‍ന്ന് ഇന്‍ഫോസിസിന് തുടക്കം കുറിച്ചത്. 6.64 ലക്ഷം കോടിയാണ് ഇന്‍ഫോസിസിന്റെ ഇന്നത്തെ വിപണി മൂല്യം. ഇന്ത്യന്‍ കമ്പനികളില്‍ വിപണി മൂല്യത്തില്‍ ആറാം സ്ഥാനത്താണ് ഇന്‍ഫോസിസ്. ഇന്ന് രണ്ട് ശതമാനത്തോളം ഇടിഞ്ഞാണ് ഇന്‍ഫോസിസ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.