മോദിയെ കണ്ട് പഠിക്കണം, നന്നാകണമെങ്കില്‍ ആഴ്ചയില്‍ 70 മണിക്കൂർ ജോലി; നിലപാടിലുറച്ച് നാരായണ മൂര്‍ത്തി
വര്‍ക്ക്-ലൈഫ് ബാലന്‍സില്‍ താന്‍ വിശ്വസിക്കുന്നില്ലെന്ന് പറഞ്ഞ മൂര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ആഴ്ചയില്‍ 100 മണിക്കൂറാണ് ജോലി ചെയ്യുന്നതെന്നും കൂട്ടിച്ചേര്‍ത്തു
സമ്പന്ന രാഷ്ട്രങ്ങളുമായി മത്സരിക്കാന്‍ ഇന്ത്യയിലെ യുവാക്കള്‍ ആഴ്ചയില്‍ 70 മണിക്കൂര്‍ ജോലി ചെയ്യണമെന്ന പ്രസ്താവന ആവര്‍ത്തിച്ച് ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ എന്‍.ആര്‍ നാരായണ മൂര്‍ത്തി. വര്‍ക്ക്-ലൈഫ് ബാലന്‍സില്‍ താന്‍ വിശ്വസിക്കുന്നില്ലെന്ന് പറഞ്ഞ മൂര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ആഴ്ചയില്‍ 100 മണിക്കൂറാണ് ജോലി ചെയ്യുന്നതെന്നും കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥരും കഠിനാധ്വാനം ചെയ്യുമ്പോള്‍ സമാനമായ രീതിയില്‍ ജോലി ചെയ്താണ് ബാക്കിയുള്ളവര്‍ കടമ നിറവേറ്റേണ്ടതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഒരു ദേശീയ വാര്‍ത്താ ചാനലിന്റെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജോലി 5 ദിവസമാക്കിയതില്‍ നിരാശ
ആഴ്ചയില്‍ ആറ് ദിവസമായിരുന്ന ജോലി അഞ്ച് ദിവസത്തിലേക്ക് 1986 മുതല്‍ ചുരുക്കിയതില്‍ താന്‍ നിരാശനാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന് വേണ്ടി കഠിനാധ്വാനം ചെയ്യേണ്ട സമയമാണിത്. അത് മാറ്റി വെക്കേണ്ട കാര്യമല്ല. നിങ്ങള്‍ അതീവ ബുദ്ധിശാലിയാണെങ്കിലും കഠിനാധ്വാനം ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇക്കാര്യത്തിലെ നിലപാടില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ല. മരിക്കുന്നതു വരെ അത് തുടരുമെന്നും മൂര്‍ത്തി പറഞ്ഞു. സ്വന്തം ജീവിതത്തില്‍ ദിവസവും 14 മണിക്കൂര്‍ വരെയും ആഴ്ചയില്‍ ആറര ദിവസവും ജോലി ചെയ്തയാളാണ് താനെന്നും അതില്‍ അഭിമാനിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആഴ്ചയില്‍ 70 മണിക്കൂര്‍ ജോലി
കഴിഞ്ഞ വര്‍ഷം ഇന്‍ഫോസിസ് സി.ഇ.ഒ മോഹന്‍ദാസ് പൈയുമായുള്ള പോഡ്കാസ്റ്റിനിടെ മൂര്‍ത്തി നടത്തിയ 'ആഴ്ചയില്‍ 70 മണിക്കൂര്‍' പരാമര്‍ശം ഏറെ ചര്‍ച്ചയായിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ജര്‍മനിയും ജപ്പാനുമൊക്കെ കഠിനാധ്വാനത്തിലൂടെ മുന്നേറിയത് പാഠമാക്കണമെന്നും മൂര്‍ത്തി ഇന്ത്യയിലെ യുവാക്കളോട് ഉപദേശിച്ചിരുന്നു. മൂര്‍ത്തിയുടെ പ്രസ്താവനക്കെതിരെ നിരവധി തൊഴിലാളി സംഘടനകള്‍ രംഗത്തുവന്നു. ആഴ്ചയില്‍ 70 മണിക്കൂര്‍ പണിയെടുപ്പിക്കുന്നത് നിയമവിരുദ്ധമാണെന്നും തൊഴിലാളിയെ ആഴ്ചയില്‍ 48 മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കരുതെന്നുമായിരുന്നു ഇവരുടെ ആവശ്യം. എന്നാല്‍ മൂര്‍ത്തിയുടെ പ്രസ്താവനയെ പിന്തുണച്ച് ഓല സി.ഇ.ഒ ഭവീഷ് അഗര്‍വാള്‍ അടക്കമുള്ളവര്‍ രംഗത്ത് വന്നത് ചര്‍ച്ച കൊഴുപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അവസാനിച്ചുവെന്ന പ്രതീതിക്കിടെയാണ് നാരായണ മൂര്‍ത്തി തന്റെ നിലപാട് ആവര്‍ത്തിച്ചത്. വരും ദിവസങ്ങളില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.