ഋഷഭ് ഷെട്ടി മികച്ച നടന്‍, നടി നിത്യ മേനന്‍, മികച്ച ചിത്രം ആട്ടം: ദേശീയ ചലചിത്ര പുരസ്‌ക്കാരത്തില്‍ മലയാളിത്തിളക്കം
മികച്ച മലയാള സിനിമയ്ക്കുള്ള പുരസ്‌ക്കാരം സൗദി വെള്ളയ്ക്ക നേടി;
മലയാളത്തിന് അഭിമാനിക്കാവുന്ന ഒരുപിടി അവാര്‍ഡുകളുമായി 70ാമത് ദേശീയ ചലച്ചിത്ര പുരസ്‌ക്കാരം. മികച്ച നടനായി കാന്താര സിനിമയിലെ പ്രകടനത്തിന് ഋഷഭ് ഷെട്ടിയെ തിരഞ്ഞെടുത്തു. തിരുച്ചിത്രമ്പലം എന്ന സിനിമയിലെ അഭിനയത്തിന് നിത്യ മേനനും കച്ച് എക്‌സ്പ്രസിലെ അഭിനയത്തിന് മാനസി പരേഖും മികച്ച നടിയ്ക്കുള്ള പുരസ്‌ക്കാരം പങ്കിട്ടു. ആനന്ദ് ഏകര്‍ഷി രചനയും സംവിധാനവും നിര്‍വഹിച്ച ആട്ടം മികച്ച സിനിമയായി. എഡിറ്റിംഗ്, തിരക്കഥ എന്നീ കാറ്റഗറിയിലുള്ള പുരസ്‌ക്കാരങ്ങളും ആട്ടം സ്വന്തമാക്കി. മഹേഷ് ഭുവാനന്ദ് എഡിറ്റിംഗും ആനന്ദ് ഏകര്‍ഷി തിരക്കഥയും നിര്‍വഹിച്ച സിനിമയില്‍ വിനയ് ഫോര്‍ട്ട്, കലാഭവന്‍ ഷാജോണ്‍ എന്നിവരാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത സൗദി വെള്ളയ്ക്കയാണ് മികച്ച മലയാളം സിനിമ. ഈ സിനിമയിലെ ഗാനം ആലപിച്ചതിന് ബോംബൈ ജയശ്രീയ്ക്ക് മികച്ച ഗായികയ്ക്കുള്ള പുരസ്‌ക്കാരവും ലഭിച്ചു. ബാലതാരത്തിനുള്ള പുരസ്‌ക്കാരം മാളികപ്പുറം എന്ന സിനിമയിലെ അഭിനയത്തിന് ശ്രീപദ് സ്വന്തമാക്കി.
ഊഞ്ചായ് എന്ന സിനിമയുടെ സംവിധായകന്‍ സൂരജ് ഭാര്‍ജാത്യയാണ് മികച്ച സംവിധായകനുള്ള പുരസ്‌ക്കാരം നേടിയത്. മികച്ച തമിഴ് സിനിമയായി പൊന്ന്യന്‍ സെല്‍വന്‍ 1 നേടി. ഈ സിനിമയിലെ പ്രകടനത്തിന് എ.ആര്‍ റഹ്‌മാന്‍ മികച്ച സംഗീത സംവിധായകനുള്ള പുരസ്‌ക്കാരവും രവി വര്‍മന് മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌ക്കാരവും നേടി. ഹിന്ദി സിനിമയായ ഗുല്‍മോഹറിലെ അഭിനയത്തിന് മനോജ് വാജ്‌പേയിക്കും മലയാള സിനിമയായ കാഥികനിലെ സംഗീത സംവിധാനത്തിന് സഞ്ജയ് സലില്‍ ചൗധരിക്കും പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു. മികച്ച ഗായകനായി അര്‍ജിത് സിംഗിനെയും സംഗീത സംവിധായകനായി പ്രീതമിനെയും തിരഞ്ഞെടുത്തു. ബ്രഹ്‌മാസ്ത്ര എന്ന സിനിമയിലെ പ്രകടനമാണ് ഇരുവരെയും പുരസ്‌ക്കാരത്തിന് അര്‍ഹരാക്കിയത്.
ഊഞ്ചായി എന്ന സിനിമയിലെ പ്രകടനത്തിന് നീന ഗുപ്ത സഹനടിക്കുള്ള പുരസ്‌ക്കാരവും ഫൗജ എന്ന സിനിമയിലെ അഭിനയത്തിന് പവന്‍ രാജ് മല്‍ഹോത്ര സഹനടനുള്ള പുരസ്‌ക്കാരവും സ്വന്തമാക്കി.