ഓണ്‍ലൈന്‍ 'ചീട്ടുകളി' കമ്പനിയില്‍ പണമിട്ട് നിഖില്‍ കാമത്ത്; വഴിമാറി കളംപിടിക്കാന്‍ സെറോദ സഹസ്ഥാപകന്‍

പുതിയ നിക്ഷേപത്തിന്റെ വാര്‍ത്ത വന്നതോടെ നസാര ടെക്‌നോളജീസിന്റെ ഓഹരികള്‍ കുതിച്ചുയര്‍ന്നു.

Update:2024-09-14 14:35 IST
പ്രമുഖ ഓഹരി ബ്രോക്കിംഗ് കമ്പനിയായ സെറോദയുടെ സഹസ്ഥാപകന്‍ നിഖില്‍ കാമത്ത് പുതിയ മേഖലയിലേക്ക് നിക്ഷേപം നടത്തുന്നു. നിഖിലിന് പങ്കാളിത്തമുള്ള ഐ.ടി സോഫ്റ്റ്‌വെയര്‍ കമ്പനിയായ നസാറ ടെക്‌നോളജീസാണ് വിപണിയില്‍ വൈവിധ്യവല്‍ക്കരണത്തിലേക്ക് നീങ്ങുന്നത്. രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ പോക്കര്‍ ഗെയിമിംഗ് പ്ലാറ്റ്‌ഫോമായ പോക്കര്‍ ബാസിയിലാണ് നിഖിലിന്റെ നിക്ഷേപം വരുന്നത്.

ഏകദേശം 982 കോടി രൂപയാണ് നസാറ നിക്ഷേപിക്കുന്നത്. 47.7 ശതമാനം ഓഹരി പങ്കാളിത്തമാകും ഇതുവഴി നിഖിലിന്റെ കമ്പനിക്ക് ലഭിക്കുക. പോക്കര്‍ ബാസിയുടെ മാതൃകമ്പനിയായ മൂണ്‍ഷൈന്‍ ടെക്‌നോളജിയില്‍ നിന്നാണ് ഈ ഓഹരികള്‍ സ്വന്തമാക്കുന്നത്.

നസാരയുടെ വ്യത്യസ്ത സഞ്ചാരം

പോക്കര്‍ ബാസിയുടെ മാതൃകമ്പനിയായ മൂണ്‍ഷൈനിനിന് സ്‌പോര്‍ട്‌സ്ബാസി എന്നൊരു ഗെയിമിംഗ് കമ്പനി കൂടിയുണ്ട്. കമ്പനിയുടെ മൊത്തം വരുമാനത്തിന്റെ 12 ശതമാനം സംഭാവനയാണ് സ്‌പോര്‍ട്‌സ്ബാസിയുടെ വക. 85 ശതമാനവും പോക്കര്‍ബാസിയിലൂടെയാണ്.

നസാര ടെക്‌നോളജീസ് ഇന്ത്യയിലെ പ്രമുഖ ഗെയിമിംഗ് സ്‌പോര്‍ട്‌സ് കമ്പനികളില്‍ നിക്ഷേപം നടത്തുന്നുണ്ട്. ഓണ്‍ലൈന്‍ ന്യൂസ് പ്ലാറ്റ്‌ഫോമായ സ്‌പോര്‍ട്‌സ്‌കീഡയിലൂടെ മാധ്യമരംഗത്തും അവര്‍ക്ക് സാന്നിധ്യമുണ്ട്. ജൂണില്‍ അവസാനിച്ച പാദത്തില്‍ 250 കോടി രൂപയായിരുന്നു അവരുടെ വിറ്റുവരവ്. ലാഭം 24 കോടിയായും ഉയര്‍ന്നു. തൊട്ടുമുന്‍ പാദത്തില്‍ ലാഭം ഇല്ലാത്ത അവസ്ഥയില്‍ നിന്നായിരുന്നു ഈ വളര്‍ച്ച. 8,034 കോടി രൂപയുടെ വിപണിമൂല്യമുള്ള കമ്പനിയാണ് നസാര ടെക്‌നോളജീസ്.

പുതിയ നിക്ഷേപത്തിന്റെ വാര്‍ത്ത വന്നതോടെ വെളളിയാഴ്ച്ച നസാര ടെക്‌നോളജീസിന്റെ ഓഹരികള്‍ കുതിച്ചുയര്‍ന്നു. ഒരുഘട്ടത്തില്‍ 52 ആഴ്ച്ചയിലെ ഉയര്‍ന്ന വിലയായ 1059.45 പിന്നിട്ട ഓഹരിവില 1050.40ത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 4.33 ശതമാനം വര്‍ധനയാണ് വെള്ളിയാഴ്ച്ച ഓഹരിയില്‍ ഉണ്ടായത്.
Tags:    

Similar News