ക്രെഡിറ്റ് കാര്‍ഡുകള്‍ ആളുകള്‍ക്ക് മടുത്തോ? പുതിയ കണക്കുകള്‍ കാണിക്കുന്നത് ഇതാണ്
ക്രെഡിറ്റ് കാര്‍ഡുകളോടുള്ള ഭയം പലരെയും ഇത് സ്വന്തമാക്കുന്നതില്‍ നിന്ന് പിന്നോട്ടടിക്കുന്നുണ്ട്
രാജ്യത്ത് ക്രെഡിറ്റ് കാര്‍ഡ് സ്വന്തമാക്കുന്നവരുടെ എണ്ണത്തില്‍ വന്‍ കുറവ്. മുന്‍ വര്‍ഷം ഒക്ടോബറിനെ അപേക്ഷിച്ച് 45 ശതമാനമാണ് ഈ വര്‍ഷം പുതിയ ക്രെഡിറ്റ് കാര്‍ഡുകള്‍ അനുവദിക്കുന്നതില്‍ കുറവ് വന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 16 ലക്ഷം ക്രെഡിറ്റ് കാര്‍ഡുകളായിരുന്നു അനുവദിച്ചിരുന്നത്. ഈ വര്‍ഷം ഇതേ മാസം 7.8 ലക്ഷമായി കുറഞ്ഞു.
ഇത്തവണ ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി പണം ചെലവാക്കുന്നത് ഒക്ടോബറില്‍ 1.78 ലക്ഷം കോടി രൂപയായി. ഇടപാടുകളുടെ എണ്ണം പ്രതിവര്‍ഷം 35.4 ശതമാനം വര്‍ധിച്ച് 433 ലക്ഷം കോടി രൂപയായി. പോയിന്റ്-ഓഫ്-സെയില്‍ (പിഒഎസ്) ഇടപാടുകളും ഇ-കൊമേഴ്‌സ് ഇടപാടുകളുമാണ് ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകളില്‍ ഭൂരിഭാഗവും.
മൂല്യത്തിലും കുറവ്
രാജ്യത്ത് ക്രെഡിറ്റ് കാര്‍ഡ് വഴി മൊത്തം ചെലവാക്കുന്നതിന്റെ മൂല്യത്തില്‍ ഇ-കൊമേഴ്‌സിന്റെ വിഹിതം ഈ വര്‍ഷം സെപ്റ്റംബറിലെ 65 ശതമാനത്തില്‍ നിന്ന് 2024 ഒക്ടോബര്‍ മാസത്തില്‍ 61 ശതമാനമായി കുറഞ്ഞു. അതേസമയം പിഒഎസ് ഇടപാടുകള്‍ മുന്‍ മാസത്തെ 35 ശതമാനത്തില്‍ നിന്ന് 39 ശതമാനമായി വര്‍ധിച്ചു. മൊത്തം ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകളുടെ ഏകദേശം 51 ശതമാനവും ഇപ്പോള്‍ പിഒഎസ് ഇടപാടുകളാണ്.
വളരെയധികം ശ്രദ്ധിച്ചില്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് ഫീസ് വലിയ തുകയായി കുമിഞ്ഞുകൂടാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഉപയോക്താക്കള്‍ വിവിധ തരത്തിലുള്ള ഫീസുകള്‍ മനസിലാക്കുകയും അവ ഒഴിവാക്കാനുള്ള നടപടികള്‍ കൈക്കൊള്ളുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്. ക്രെഡിറ്റ് കാര്‍ഡുകളോടുള്ള ഭയം പലരെയും ഇത് സ്വന്തമാക്കുന്നതില്‍ നിന്ന് പിന്നോട്ടടിക്കുന്നുണ്ട്.