ട്രെയിന്‍ ടിക്കറ്റ്, ബാങ്ക് ഇടപാട്, ക്രെഡിറ്റ് കാര്‍ഡ്; നവംബര്‍ മുതല്‍ പ്രധാന സാമ്പത്തിക മാറ്റങ്ങള്‍ വരുന്നു, അറിഞ്ഞിരിക്കാം

സാമ്പത്തികരംഗത്ത് ചെറുതും വലുതുമായ ചില മാറ്റങ്ങള്‍ക്കാകും നവംബര്‍ സാക്ഷ്യം വഹിക്കുക

Update:2024-11-01 11:30 IST
Image : Canva
സാമ്പത്തികരംഗത്ത് ചെറുതും വലുതുമായ ചില മാറ്റങ്ങള്‍ക്കാകും നവംബര്‍ സാക്ഷ്യം വഹിക്കുക. ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ് മുതല്‍ ബാങ്കിംഗ് ചാനലുകള്‍ വഴിയുള്ള പണമിടപാടില്‍ വരെ മാറ്റങ്ങളുണ്ടാകും. നിത്യജീവിതത്തില്‍ വളരെ നിര്‍ണായകമായ ഈ മാറ്റങ്ങള്‍ അറിഞ്ഞിരിക്കാം.

എസ്.ബി.ഐ ക്രെഡിറ്റ് കാര്‍ഡ്

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കീഴിലുള്ള എസ്.ബി.ഐ കാര്‍ഡ് നവംബര്‍ മുതല്‍ ക്രെഡിറ്റ് കാര്‍ഡ് നിയമങ്ങളില്‍ മാറ്റം വരുത്തും. ചില വിഭാഗം ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് 3.75 ശതമാനം പ്രതിമാസ ചാര്‍ജ് ഈടാക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. ഗ്യാസ്, വൈദ്യുതി ബില്‍ തുടങ്ങി 50,000 രൂപയ്ക്ക് മുകളിലുള്ള പേയ്‌മെന്റുകള്‍ക്ക് ഒരു ശതമാനം ഫീസ് നവംബര്‍ മുതല്‍ ഈടാക്കും.

ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ്

ഇനി മുതല്‍ യാത്രയുടെ 60 ദിവസം മുന്‍പ് മാത്രമായിരിക്കും ടിക്കറ്റ് ബുക്ക് ചെയ്യാനാവുക. നേരത്തെ ഇത് 120 ദിവസമായിരുന്നു. പുതിയ രീതി നവംബര്‍ ഒന്ന് മുതല്‍ നിലവില്‍ വരും. ഒക്ടോബര്‍ 31 വരെ 120 ദിവസത്തേക്കുള്ള അഡ്വാന്‍സ് ബുക്കിംഗ് സൗകര്യം ലഭ്യമാകുമെന്നും റെയില്‍വേ അറിയിച്ചു.

ബാങ്ക് വഴി പണമയയ്ക്കല്‍ മാറ്റം

ആഭ്യന്തര പണ കൈമാറ്റത്തിന് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച പുതിയ നിയമങ്ങള്‍ നവംബര്‍ ഒന്നുമുതല്‍ നിലവില്‍ വരും. തട്ടിപ്പുകാര്‍ ബാങ്കിംഗ് സംവിധാനത്തെ ദുരുപയോഗം ചെയ്യാതിരിക്കാനാണ് പുതിയ വനിയമങ്ങള്‍ കൊണ്ടുവന്നത്. ഫോണ്‍ നമ്പറും അപ്ഡേറ്റ് ചെയ്ത കെ.വൈ.സി നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ രേഖയും അടിസ്ഥാനമാക്കി പണമടയ്ക്കുന്നയാളുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്ന് പുതിയ നിയമം അനുശാസിക്കുന്നു.
ഇനി മുതല്‍ ബാങ്ക് വഴി പണം അയയ്ക്കുമ്പോള്‍ ഈ മാറ്റങ്ങളുണ്ടാകും-
♦ പണം അയയ്ക്കുന്ന ബാങ്ക് ഉപഭോക്താവിന്റെ പേരും വിലാസവും രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതാണ്.
♦ ഫോണ്‍ നമ്പറും രേഖകളും പരിശോധിക്കണം
♦ മൊബൈല്‍ ഫോണ്‍ നമ്പറും സ്വയം സാക്ഷ്യപ്പെടുത്തിയ ഔദ്യോഗികമായി സാധുതയുള്ള രേഖയും ഉപയോഗിച്ച് പണമയക്കുന്നയാളെ രജിസ്റ്റര്‍ ചെയ്യണം
♦ പണമടയ്ക്കുന്നയാള്‍ നടത്തുന്ന എല്ലാ ഇടപാടുകള്‍ക്കും ഒരു അഡീഷണല്‍ ഫാക്ടര്‍ ഓഫ് ഓതന്റിക്കേഷന്‍ (AFA) നടത്തണം
♦ ഐ.എം.പി.എസ്, നെഫ്റ്റ് ഇടപാടിന് ബാങ്ക് പണമടയ്ക്കുന്നയാളുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തണം.
♦ പണമയയ്ക്കാനായി ഫണ്ട് കൈമാറ്റം തിരിച്ചറിയുന്നതിനുള്ള ഒരു ഐഡന്റിഫയര്‍, ഇടപാടിന്റെ സന്ദേശത്തില്‍ ഉള്‍പ്പെടുത്തണം.
Tags:    

Similar News