ജിഗാ ഫൈബര്‍ ബ്രോഡ്ബാന്‍ഡില്‍ സംയുക്ത സേവനങ്ങള്‍ പ്രവചിച്ച് ബാങ്ക് ഓഫ് അമേരിക്ക -മെറില്‍ ലിഞ്ച്

Update: 2019-08-01 12:37 GMT

റിലയന്‍സ് ജിയോ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുന്ന ജിഗാ ഫൈബര്‍ ബ്രോഡ്ബാന്‍ഡിന്റെ ഓഫറുകള്‍ സംബന്ധിച്ച് ഇതുവരെ പുറത്തുവന്ന അനൗപചാരിക റിപ്പോര്‍ട്ടുകള്‍ ഏകദേശം ശരിവയ്ക്കുന്നു യു.എസ് ബ്രോക്കറേജ് കമ്പനിയായ ബാങ്ക് ഓഫ് അമേരിക്ക - മെറില്‍ ലിഞ്ച്. ഉപയോക്താക്കള്‍ വമ്പന്‍ ആനുകൂല്യങ്ങള്‍ പ്രതീക്ഷിക്കേണ്ടതില്ലെങ്കിലും പല സേവനങ്ങള്‍ ഏകോപിപ്പിച്ചുകൊണ്ടുള്ളതാകും പുതിയ ഓഫറുകളത്രേ. 

ഈ മസം 12 ന് നടക്കുന്ന വാര്‍ഷിക പൊതുയോഗത്തില്‍ ജിഗാ ഫൈബര്‍ ഡാറ്റാ പ്ലാനുകളും മറ്റ് അനുബന്ധ സേവനങ്ങളും ഉല്‍പ്പന്നങ്ങളും സംബന്ധിച്ച വിവരങ്ങള്‍ കമ്പനി ചെയര്‍മാന്‍ മുകേഷ് അംബാനി വെളിപ്പെടുത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. അടുത്ത മൂന്ന് മുതല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ 50 ദശലക്ഷം ജിഗാ ഫൈബര്‍ വരിക്കാരിലേക്ക് എത്തുകയാണ് റിലയന്‍സ് ജിയോയുടെ ലക്ഷ്യമെന്ന് ബാങ്ക് ഓഫ് അമേരിക്ക- മെറില്‍ ലിഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്ന് ഡാറ്റാ പ്ലാനുകളെങ്കിലും ജിഗാ ഫൈബര്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട് പ്രവചിക്കുന്നു.

റിലയന്‍സ് ജിയോയുടെ ഏറ്റവും വിലകുറഞ്ഞ ബ്രോഡ്ബാന്‍ഡ് എഫ്ടിടിഎച്ച് പ്ലാന്‍ 100 എംബിപിഎസ് ഡാറ്റ വേഗത വാഗ്ദാനം ചെയ്യുമെന്നാണു പ്രതീക്ഷിക്കുന്നത്. ഈ അടിസ്ഥാന പദ്ധതിക്ക് പ്രതിമാസം 500 രൂപ ചിലവാകും. ജിഗാ ഫൈബറില്‍ നിന്നുള്ള രണ്ടാമത്തെ പ്ലാന്‍ പ്രതിമാസം 600 രൂപയുടേതാകും. ഡിടിഎച്ച്, ബ്രോഡ്ബാന്‍ഡ്, ലാന്‍ഡ്ലൈന്‍ സേവനങ്ങള്‍ എന്നിവ സംയോജിപ്പിക്കുന്നതാകും ഈ ട്രിപ്പിള്‍ പേ പ്ലാന്‍.

മൂന്നാമത്തെ പ്രീമിയം പ്ലാന്‍ പ്രതിമാസം 1,000 രൂപയുടേതാകും.ഇതില്‍ ബ്രോഡ്ബാന്‍ഡ് സേവനം, ടി.വി, ഐ.ഒ.ടി ഉല്‍പ്പന്നങ്ങള്‍ക്കുള്ള പിന്തുണ എന്നിവ സംയോജിപ്പിക്കും. ജിയോ അതിന്റെ എല്ലാ ഡാറ്റാ പ്ലാനുകള്‍ക്കും കോംപ്ലിമെന്ററി സേവനമായി ലാന്‍ഡ്ലൈന്‍ വാഗ്ദാനം ചെയ്യാന്‍ സാധ്യതയുണ്ടത്രേ.

Similar News