പോസ്‌റ്റോഫീസില്‍ നിങ്ങള്‍ക്ക് സേവിംഗ് അക്കൗണ്ട് ഉണ്ടോ? ഈ മാറ്റങ്ങള്‍ അറിഞ്ഞിരിക്കുക
ഒക്ടോബര്‍ മുതല്‍ വരുന്ന മാറ്റങ്ങള്‍ അറിഞ്ഞില്ലെങ്കില്‍ ഈ പദ്ധതികളില്‍ നിന്നുള്ള വരുമാനം ചിലപ്പോള്‍ നഷ്ടപ്പെട്ടേക്കാം
പോസ്‌റ്റോഫീസിലെ സമ്പാദ്യ പദ്ധതിയില്‍ അടക്കം ലഘുസമ്പാദ്യ പദ്ധതികളില്‍ നിക്ഷേപം നടത്തിയിട്ടുള്ളവരാണോ നിങ്ങള്‍? എങ്കില്‍ ഒക്ടോബര്‍ മുതല്‍ വരുന്ന ചില മാറ്റങ്ങള്‍ അറിഞ്ഞിരിക്കണം. ഇല്ലെങ്കില്‍ ഈ പദ്ധതികളില്‍ നിന്നുള്ള വരുമാനം ചിലപ്പോള്‍ നഷ്ടപ്പെട്ടേക്കാം. ധനകാര്യ വകുപ്പ് ചെറുകിട സമ്പാദ്യ പദ്ധതികളിലെ നിക്ഷേപത്തിന് ചില മാനദണ്ഡങ്ങളും മാറ്റങ്ങളും കൊണ്ടുവന്നിട്ടുണ്ട്. സുകന്യ സമൃദ്ധി യോജന, പബ്ലിക് പ്രൊവിഡന്റ് ഫണ്ട് തുടങ്ങിയവയിലും മാറ്റമുണ്ടാകും. എന്തൊക്കെയാണ് ആ മാറ്റമെന്ന് നോക്കാം.
നാഷണല്‍ സേവിംഗ് സ്‌കീം
1990 ഏപ്രില്‍ രണ്ടിന് മുമ്പും ശേഷവും തുറന്ന അക്കൗണ്ടുകളില്‍ ഇനി രണ്ടു നിരക്കിലുള്ള പലിശയാകും ലഭിക്കുക. 1990 ഏപ്രില്‍ രണ്ടിനു തുറന്ന അക്കൗണ്ടുകളില്‍ നിലവില്‍ ലഭിക്കുന്ന പലിശ തന്നെ തുടര്‍ന്നും ലഭിക്കും. എന്നാല്‍ ഈ തിയതിക്കു ശേഷം തുറന്ന അക്കൗണ്ടുകള്‍ക്ക് പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ടുകളുടെ പലിശ നിരക്കായിരിക്കും ലഭിക്കുക. ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ അക്കൗണ്ടുകള്‍ ഉണ്ടെങ്കില്‍ ഒരെണ്ണത്തിന് മാത്രമേ പലിശ ലഭിക്കൂ. രണ്ടാമത്തെ അക്കൗണ്ടിലെ തുക തിരികെ ലഭിക്കും.
പി.പി.എഫ് അക്കൗണ്ടിലെ മാറ്റം
ഒന്നിലധികം പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടുകള്‍ ഉണ്ടെങ്കില്‍ അതിലും മാറ്റം ഉണ്ടാകും. ആദ്യത്തെ അക്കൗണ്ടിന് നിലവിലെ നിരക്കില്‍ തന്നെ പലിശ ലഭിക്കും. എന്നാല്‍ രണ്ടാമത്തെ അക്കൗണ്ടിലെ ബാക്കിയുള്ള തുക ആദ്യ അക്കൗണ്ടുമായി യോജിപ്പിക്കും. രണ്ടില്‍ കൂടുതല്‍ അക്കൗണ്ട് ഉള്ളവര്‍ക്കും പലിശ ലഭിക്കില്ല.
പ്രായപൂര്‍ത്തിയാകാത്ത ആളുടെ പേരില്‍ തുറന്ന പി.പി.എഫ് അക്കൗണ്ട് ഉടമകള്‍ക്ക് പ്രായപൂര്‍ത്തിയാകും വരെ പോസ്റ്റ് ഓഫീസ് സേവിംഗ് അക്കൗണ്ട് പലിശ നിരക്കായിരിക്കും ലഭിക്കുക. 18 വയസ് പൂര്‍ത്തിയായ ശേഷം മാത്രമേ പബ്ലിക് പ്രൊവിഡന്റ് പലിശ നിരക്കിന് അര്‍ഹതയുണ്ടാകൂ.
സുകന്യ സമൃദ്ധി പദ്ധതിയിലും മാറ്റമുണ്ട്. രക്ഷിതാക്കള്‍ അല്ലാത്തവര്‍ കുട്ടികളുടെ പേരില്‍ തുറക്കുന്ന അക്കൗണ്ടുകള്‍ നിയമപരമായ മാതാപിതാക്കള്‍ക്ക് കൈമാറും. ഒക്ടോബര്‍ ഒന്നുമുതല്‍ ഈ മാറ്റങ്ങള്‍ നിലവില്‍ വരും.