ടിക്കറ്റ് നിരക്ക് വെറും 30 രൂപ, അതിവേഗ എ.സി യാത്ര; കേരളത്തിന്റെ ട്രാക്കിലേക്ക് 10 വന്ദേ മെട്രോ ട്രെയിനുകള്‍ എത്തുന്നു
എട്ട് മുതല്‍ 16 വരെ കോച്ചുകള്‍ ഓരോ ട്രെയിനിലും ഉണ്ടാകും. സാധാരണ കോച്ചുകളില്‍ 104 പേര്‍ക്ക് ഇരുന്ന് യാത്ര ചെയ്യാം
വന്ദേ മെട്രോ എന്ന പേരില്‍ പുറത്തിറക്കുന്ന നമോ ഭാരത് റാപ്പിഡ് റെയിലില്‍ കേരളത്തെ കാത്തിരിക്കുന്നത് ബംപര്‍ ലോട്ടറിയെന്ന് റിപ്പോര്‍ട്ട്. 10 പുതിയ വന്ദേ മെട്രോ ട്രെയിനുകള്‍ കേരളത്തിന് ലഭിക്കുമെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങള്‍ക്ക് കൂടുതല്‍ ഗുണം ചെയ്യുന്ന രീതിയിലാണ് വന്ദേ മെട്രൊ ട്രെയിനുകള്‍ കേന്ദ്ര സര്‍ക്കാര്‍ വിഭാവനം ചെയ്തിരിക്കുന്നതെന്നാണ് സൂചന.
സീസണ്‍ ടിക്കറ്റ് ഉള്‍പ്പെടെ പ്രതിദിന യാത്രക്കാര്‍ക്ക് ഗുണകരമാകുന്ന രീതിയിലാകും ട്രെയിനിന്റെ സര്‍വീസ്. ഒരാഴ്ച മുതല്‍ ഒരു മാസം വരെ ഇത്തരത്തില്‍ സീസണ്‍ ടിക്കറ്റ് സ്വന്തമാക്കാന്‍ സാധിക്കും. വന്ദേ ഭാരതിന്റെ മിനി പതിപ്പാണ് ഈ അത്യാധുനിക ട്രെയിന്‍.
മിനിമം നിരക്ക് 30 രൂപ
ജി.എസ്.ടി ഉള്‍പ്പെടെ 30 രൂപയാകും മിനിമം ചാര്‍ജെന്നാണ് സൂചന. രാജ്യത്തെ ആദ്യത്തെ വന്ദേ മെട്രോ സര്‍വീസ് നടത്തുന്ന അഹമ്മദാബാദ്-ഭുജ് റൂട്ടില്‍ ഇതേ ചാര്‍ജാണ്. ജി.എസ്.ടി കൂടി ഉള്‍പ്പെടുത്തിയുള്ള ചാര്‍ജാണിത്. തിരുവനന്തപുരം ഡിവിഷന് കീഴില്‍ കൊല്ലം-തൃശൂര്‍, കൊല്ലം-തിരുനെല്‍വേലി, തിരുവനന്തപുരം-എറണാകുളം, മധുര-ഗുരുവായൂര്‍ റൂട്ടുകളിലും സര്‍വീസ് ഉണ്ടാകും. പുതിയ വന്ദേഭാരത് ട്രെയിനുകളില്‍ രണ്ടെണ്ണം യാത്ര ആരംഭിക്കുന്നത് കൊല്ലത്ത് നിന്നായിരിക്കുമെന്നാണ് റെയില്‍വേ നല്‍കുന്ന സൂചന. ഒന്ന് തിരുനല്‍വേലിക്കും മറ്റൊന്ന് തൃശൂരിലേക്കുമാകും യാത്ര.
വന്ദേ ഭാരത് ട്രെയിനുകളില്‍ ലഭിക്കുന്ന ഭക്ഷണം ഉള്‍പ്പെടെ ചില സൗകര്യങ്ങള്‍ വന്ദേ മെട്രോയില്‍ ഉണ്ടാകില്ല. എട്ട് മുതല്‍ 16 വരെ കോച്ചുകള്‍ ഓരോ ട്രെയിനിലും ഉണ്ടാകും. സാധാരണ കോച്ചുകളില്‍ 104 പേര്‍ക്ക് ഇരുന്ന് യാത്ര ചെയ്യാം. 185 പേര്‍ക്ക് നിന്നു യാത്ര ചെയ്യാനും സാധിക്കും. കേരളത്തിലെ ട്രെയിന്‍ യാത്രദുരിതം പരിഹരിക്കാന്‍ പുതിയ ട്രെയിനുകള്‍ വരുന്നതോടെ സാധിക്കുമെന്നാണ് പ്രതീക്ഷ. സര്‍വീസ് എന്നു മുതലാണ് ആരംഭിക്കുകയെന്ന കാര്യത്തില്‍ റെയില്‍വേ വ്യക്തത വരുത്തിയിട്ടില്ല.