അടിച്ചു മോനേ, ലഡു! ഒന്നല്ല ആറ്, ഇത് ഗൂഗ്ള്‍ പേയുടെ ട്വിങ്കിള്‍ ലഡു
കളര്‍, ഫൂഡി, ഡിസ്‌കോ, ദോസ്തി, ട്രെന്‍ഡി, ട്വിങ്കിള്‍ എന്നിങ്ങനെ ആറ് തരം ലഡുവാണുള്ളത്
സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴത്തെ താരം ഗൂഗിള്‍ പേയിലെ ലഡുവാണ്. ആറ് ലഡു തികയ്ക്കാന്‍ കഴിയാത്തവര്‍ സുഹൃത്തുക്കളോട് കടം ചോദിക്കുന്നു. എങ്ങനെ കൂടുതല്‍ ലഡു കിട്ടുമെന്ന ആലോചനയിലാണ് ചില വിദ്വാന്‍മാര്‍. സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡായ ട്വിങ്കിള്‍ ലഡു എന്താണ്? പരിശോധിക്കാം
എന്താണ് ട്വിങ്കിള്‍ ലഡു
ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഗൂഗിള്‍ പേ നടപ്പിലാക്കിയ പുതിയ ഫണ്‍ ഗെയിമുകളിലൊന്നാണിത്. അതായത് ഒക്ടോബര്‍ 21 മുതല്‍ നവംബര്‍ ഏഴ് വരെ ഗൂഗിള്‍ പേ ഉപയോഗിച്ച് ഇടപാടുകള്‍ നടത്തുമ്പോള്‍ ലഭിക്കുന്ന വിര്‍ച്വല്‍ ലഡുക്കള്‍ ശേഖരിച്ചാല്‍ 1,001 രൂപ വരെ ക്യാഷ് ബാക്ക് ലഭിക്കും. എന്നിങ്ങനെ ആറ് തരം ലഡുവാണുള്ളത്. ഇതില്‍ ആറെണ്ണവും ലഭിച്ചാലേ ക്യാഷ് ബാക്കിന് അര്‍ഹതയുള്ളൂ. കൈവശമില്ലാത്ത ലഡു വേണമെങ്കില്‍ സുഹൃത്തിനോട് ആവശ്യപ്പെടാനും അധികമുള്ളത് അയച്ചു കൊടുക്കാനും ഇതില്‍ സാധിക്കും. കളര്‍, ഫൂഡി, ഡിസ്‌കോ, ദോസ്തി, ട്രെന്‍ഡി, ട്വിങ്കിള്‍
സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡായതെങ്ങനെ
ഒക്ടോബറില്‍ 23.5 ലക്ഷം കോടി രൂപയുടെ ഇടപാടുകള്‍ യു.പി.ഐ പ്ലാറ്റ്‌ഫോമുകള്‍ വഴി നടന്നുവെന്നാണ് നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ)യുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇത്രയും തുകയുടെ ഇടപാടുകള്‍ നടത്തിയിട്ടും ഉപയോക്താക്കള്‍ക്ക് ക്യാഷ് ബാക്ക് പോലുള്ള ഓഫറുകളൊന്നും യു.പി.ഐ പ്ലാറ്റ്‌ഫോമുകള്‍ നല്‍കാറില്ലെന്ന പരാതി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇതിനിടയിലാണ് ട്വിങ്കിള്‍ ലഡുവുമായി ഗൂഗിള്‍ പേയുടെ വരവ്. എന്നാല്‍ ആറ് ലഡുവും ശേഖരിച്ച് ഗൂഗിളില്‍ നിന്നും ക്യാഷ് ബാക്ക് വാങ്ങാന്‍ എളുപ്പം സാധിക്കില്ലെന്ന് മനസിലാക്കിയതോടെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പൂരമായിരുന്നു. ലഡു ശേഖരിച്ച് ക്യാഷ് ബാക്ക് ലഭിച്ച കഥകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ഇങ്ങനെ ചെയ്താല്‍ ആറ് ലഡുവും നേടാം
- കുറഞ്ഞത് 100 രൂപയുടെ ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് ലഡു ലഭിക്കാനുള്ള അര്‍ഹതയുണ്ട്.
- മര്‍ച്ചന്റ് പേയ്‌മെന്റ്, മൊബൈല്‍ റീച്ചാര്‍ജിംഗ്, അല്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് പണം അയച്ചു കൊടുക്കുന്നത് തുടങ്ങിയ രീതികളിലാണ് ലഡു ലഭിക്കുന്നത്.
- കടകളിലെ ക്യൂ.ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് കുറഞ്ഞത് 100 രൂപയുടെ ഇടപാട് നടത്തുക
- കുറഞ്ഞത് 100 രൂപയുടെ മൊബൈല്‍ റീച്ചാര്‍ജിംഗ് ചെയ്യുക
- കുറഞ്ഞത് 200 രൂപയുടെയെങ്കിലും ഗിഫ്റ്റ് കാര്‍ഡ് വാങ്ങുക
- യു.പി.ഐ വഴി ക്രെഡിറ്റ് കാര്‍ഡിന്റെ ബില്ലടയ്ക്കുക
- സുഹൃത്തിന് ലഡു അയച്ചു കൊടുക്കുക
- സ്വര്‍ണം വാങ്ങുന്നത്, ഇന്‍ഷുറന്‍സ്, ആമസോണ്‍ പേ ഗിഫ്റ്റ് കാര്‍ഡ് എന്നീ ഇടപാടുകളില്‍ ലഡു ലഭിക്കില്ല
- ഒരു ദിവസം ഒരേ അക്കൗണ്ടിലേക്ക് ഒന്നിലധികം ഇടപാടുകള്‍ നടത്തിയാല്‍ കൂടുതല്‍ ലഡു ലഭിക്കില്ല. അതായത് ഒരു സുഹൃത്തിന്റെ അക്കൗണ്ടിലേക്ക് ഒന്നിലധികം തവണ ഇടപാട് നടത്തിയാലും ലഭിക്കുന്നത് ഒരു ലഡു മാത്രമാണ്.
- കൂടുതല്‍ ലഡു ലഭിക്കാന്‍ ഗൂഗിള്‍ പേയില്‍ നല്‍കിയിരിക്കുന്ന ഡെയിലി ടാസ്‌ക്കുകള്‍ ശ്രദ്ധിക്കുക. അവ പൂര്‍ത്തീകരിക്കുന്നതിലൂടെ കൂടുതല്‍ ലഡു ലഭിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.