ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; മെയ് 22, 2021

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ വേരിയബിള്‍ ഡിഎ വര്‍ധിപ്പിച്ചതായി തൊഴില്‍ മന്ത്രാലയം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം എസ്ബിഐ എഴുതി തള്ളിയത് 17590 കോടി. ആദ്യ റീറ്റെയ്ല്‍ സ്റ്റോര്‍ ഈ വര്‍ഷം തുറക്കുമെന്ന് ഗൂഗ്ള്‍. യാത്രക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നതായി എയര്‍ഇന്ത്യ. ഇന്ത്യയില്‍ സ്പുട്‌നിക് വാക്സിന്‍ ഉല്‍പ്പാദനം ഓഗസ്‌റ്റോടെ ആരംഭിച്ചേക്കും. തമിഴ്‌നാട്ടില്‍ ഒരാഴ്ചത്തേക്ക് സമ്പൂര്‍ണ ലോക്ക്ഡൗണ്‍. ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍ ചുരുക്കത്തില്‍.

Update:2021-05-22 21:22 IST

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ വേരിയബിള്‍ ഡിഎ വര്‍ധിപ്പിച്ചതായി തൊഴില്‍ മന്ത്രാലയം

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ വേരിയബിള്‍ ഡിഎ വര്‍ധിപ്പിച്ചതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു. പ്രതിമാസം 105 രൂപ മുതല്‍ 210 രൂപവരെയാണ് വര്‍ധന. ഇതിന്റെ ഗുണം ലഭിക്കുക 1.5 കോടിയിലധികം വരുന്ന ജീവനക്കാര്‍ക്കെന്നും മന്ത്രാലയം. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള വിവിധ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്ക് വര്‍ധിപ്പിച്ച ക്ഷമാബത്ത ലഭിക്കും. കരാര്‍ തൊഴിലായളികള്‍ക്കും ഇത് ബാധകമാണ്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം എസ്ബിഐ എഴുതി തള്ളിയത് 17590 കോടി

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 17590 കോടി രൂപയുടെ കിട്ടാക്കടം എഴുതി തള്ളി. 2018-19 കാലത്ത് 17782 കോടി രൂപയുടെ കിട്ടാക്കടം ബാങ്ക് എഴുതി തള്ളിയിരുന്നു. നാല് വര്‍ഷത്തിനിടെ ആകെ 52758 കോടി രൂപയുടെ കിട്ടാക്കടമാണ് ബാങ്ക് എഴുതി തള്ളിയത്. ഏഴ് വര്‍ഷത്തിനിടെ എഴുതി തള്ളിയതാവട്ടെ ഒരു ലക്ഷം കോടി രൂപയിലേറെ. എന്‍പിഎ താഴ്ത്താന്‍ ബാങ്കിന് സാധിച്ചിട്ടുണ്ടെങ്കിലും കിട്ടാക്കടങ്ങളുടെ കാര്യത്തില്‍ എസ്ബിഐ വലിയ വെല്ലുവിളി നേരിടുന്നു.
ആദ്യ റീറ്റെയ്ല്‍ സ്റ്റോര്‍ ഈ വര്‍ഷം തുറക്കുമെന്ന് ഗൂഗ്ള്‍
ആദ്യ റീറ്റെയ്ല്‍ സ്റ്റോര്‍ ഈ വര്‍ഷം ന്യൂയോര്‍ക്കില്‍ തുറക്കുമെന്ന് ഗൂഗ്ള്‍. ഹാര്‍ഡ്വെയര്‍ അടക്കമുള്ള സേവനങ്ങള്‍ ലഭ്യമാകും. ആപ്പിള്‍ സ്റ്റോര്‍ മാതൃകയിലാണ് വമ്പന്‍ പദ്ധതിയുമായി ഗൂഗ്ള്‍ മുന്നോട്ട് പോകുന്നതെന്നാണ് വിവരം. ഈ സ്റ്റോറില്‍ ഉപഭോക്താക്കള്‍ക്ക് ബ്രൗസ് ചെയ്യാനും ഗൂഗിളിന്റെ ഉല്‍പ്പന്നങ്ങള്‍ വാങ്ങാനും സാധിക്കും. പിക്‌സല്‍ ഫോണുകള്‍ മുതല്‍ നെസ്റ്റ് പ്രൊഡക്ട്‌സ് വരെയും ഫിറ്റ്ബിറ്റ് ഡിവൈസ് മുതല്‍ പിക്‌സല്‍ബുക്ക് വരെയും ഗൂഗിളിന്റെ എല്ലാ ഉല്‍പ്പന്നങ്ങളും സേവനങ്ങളും സ്റ്റോറില്‍ ആസ്വദിക്കാനാവും. ഇന്ത്യയില്‍ എപ്പോള്‍ എത്തുമെന്നോ മറ്റ് രാജ്യങ്ങളില്‍ എത്തുമെന്നുള്ള വിവരങ്ങളോ ഗൂഗ്ള്‍ പങ്കിട്ടിട്ടില്ല.
യാത്രക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നതായി എയര്‍ഇന്ത്യ

എയര്‍ ഇന്ത്യയുടെ പാസഞ്ചര്‍ സര്‍വീസ് സിസ്റ്റത്തെ ലക്ഷ്യമിട്ടുണ്ടായ സൈബര്‍ സെക്യൂരിറ്റി ആക്രമണത്തില്‍ ലക്ഷക്കണക്കിന് യാത്രക്കാരുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നു. 2011 ആഗസ്ത് 26 മുതല്‍ 2021 ഫെബ്രുവരി മൂന്നുവരെ യാത്ര ചെയ്തവരുടെ പേര്, ജനനതീയതി, മേല്‍വിലാസം, പാസ്‌പോര്‍ട്ട് വിവരങ്ങള്‍, ടിക്കറ്റ് വിവരങ്ങള്‍, ക്രെഡിറ്റ് വിവരങ്ങള്‍ തുടങ്ങിയവയാണ് ചോര്‍ന്നിരിക്കുന്നതെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. ചോര്‍ന്ന വിവരങ്ങളുടെ കൂട്ടത്തില്‍ ക്രെഡിറ്റ് കാര്‍ഡ് CVV/CVC ഡാറ്റയില്ലെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. 

ക്രയോണ്‍ ക്യാപിറ്റലിന് വിലക്കേര്‍പ്പെടുത്തി സെബി
ക്രയോണ്‍ കാപിറ്റലിനെ നാല് വര്‍ഷത്തേക്ക് വിലക്കി സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). കമ്പനി ആര്‍ട്ട് ഫണ്ട് സ്‌കീം വഴി നിക്ഷേപകരില്‍ നിന്ന് പിരിച്ചെടുത്ത പണം മുഴുവന്‍ തിരികെ കൊടുക്കാനും ഉത്തരവിട്ടു. കളക്റ്റീവ് ഇന്‍വസ്റ്റ്‌മെന്റ് സ്‌കീം വഴി പൊതുജനത്തില്‍ നിന്ന് ക്രയോണ്‍ കാപിറ്റല്‍ പണം സമാഹരിച്ചിരുന്നു. എന്നാലിതിന് സെബിയില്‍ നിന്ന് അനുമതി വാങ്ങിയിരുന്നില്ല. 2006 ല്‍ തുടങ്ങിയ പദ്ധതിയുടെ ഭാഗമായി 474 പേരില്‍ നിന്നായി 60.57 കോടി രൂപയാണ് സമാഹരിച്ചത്. ഈ തുക ആര്‍ട്ട്വര്‍ക്കുകള്‍ക്ക് മേലാണ് നിക്ഷേപിച്ചത്.
ഇന്ത്യയില്‍ സ്പുട്‌നിക് വാക്സിന്‍ ഉല്‍പ്പാദനം ഓഗസ്‌റ്റോടെ
റഷ്യയുടെ കോവിഡ് വാക്സിന്‍ സ്പുട്നികിന്റെ ഉല്‍പ്പാദനം ഇന്ത്യയില്‍ ഓഗസ്‌റ്റോടെ ആരംഭിച്ചേക്കുമെന്ന് റഷ്യയിലെ ഇന്ത്യന്‍ പ്രതിനിധി. മൂന്നു ഘട്ടങ്ങളായാണ് ഇന്ത്യയില്‍ സ്പുട്നിക് ഉല്‍പ്പാദനം തുടങ്ങുകയെന്ന് റഷ്യയിലെ ഇന്ത്യന്‍ പ്രതിനിധിയായ ബാല വെങ്കിടേഷ് വര്‍മ അറിയിച്ചു. ആദ്യഘട്ടത്തില്‍ റഷ്യയില്‍ നിന്ന് പൂര്‍ണമായും നിര്‍മിച്ച വാക്സിന്‍ കയറ്റി അയക്കും. അതിപ്പോള്‍ ആരംഭിച്ചു. രണ്ടാം ഘട്ടത്തില്‍ ബള്‍ക്കായി വാക്സിന്‍ കയറ്റി അയയ്ക്കും. അത് ഇന്ത്യയില്‍ വെച്ച് കുത്തിവെയ്പ്പ് കേന്ദ്രങ്ങളിലേക്ക് അയക്കാന്‍ പറ്റുന്ന വിധം വേറെ ബോട്ടിലുകളില്‍ മാറ്റി നിറയ്ക്കണം.
കോവാക്‌സിന്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കുമെന്ന് ഭാരത് ബയോടെക്
കോവിഡ് വാക്‌സിനായ കോവാക്‌സിന്റെ ഉല്‍പ്പാദനം വര്‍ധിപ്പിക്കുമെന്ന് ഭാരത് ബയോടെക്. പ്രതിമാസം 17 മില്യന്‍ ഡോസുകള്‍ ഉല്‍പ്പാദിപ്പിക്കുകയാണ് ശ്രമം. ഇതിനു നാലുമാസം വേണ്ടി വരുമെന്നാണ് പ്രതീക്ഷയെന്നും ഭാരത് ബയോടെക് ജോയിന്റ് മാനേജിംഗ് ഡയറക്റ്റര്‍ സുചിത്ര എല്ല പറഞ്ഞു.
തമിഴ്‌നാട്ടില്‍ ഒരാഴ്ചത്തേക്ക് സമ്പൂര്‍ ലോക്ക്ഡൗണ്‍
തമിഴ്‌നാട്ടില്‍ ഒരാഴ്ചത്തേക്ക് സമ്പൂര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. ലോക്ക്ഡൗണ്‍ കാലത്ത് യാതൊരുവിധ ഇളവുകളും നല്‍കിയിട്ടില്ല. എല്ലാ കടകളും ഇന്നു രാത്രി 9 മണിവരെയും നാളെ രാവിലെ 6 മുതല്‍ രാത്രി 9 വരെയും തുറന്നു പ്രവര്‍ത്തിക്കും. ജനങ്ങള്‍ അത്യാവശ്യ വസ്തുക്കള്‍ വാങ്ങി സൂക്ഷിക്കണമെന്ന് നിര്‍ദേശമുണ്ട്. മറ്റു ജില്ലകളിലേക്ക് ഇന്നും നാളെയും പൊതു-സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തും.

ഇന്ന് 28,514 പേര്‍ക്ക് കോവിഡ് 

കേരളത്തില്‍ ഇന്ന് 28,514 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3932, തിരുവനന്തപുരം 3300, എറണാകുളം 3219, പാലക്കാട് 3020, കൊല്ലം 2423, തൃശൂര്‍ 2404, ആലപ്പുഴ 2178, കോഴിക്കോട് 1971, കോട്ടയം 1750, കണ്ണൂര്‍ 1252, ഇടുക്കി 987, പത്തനംതിട്ട 877, കാസര്‍ഗോഡ് 702, വയനാട് 499 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,26,028 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.63 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,86,81,051 സാമ്പിളുകളാണ് പരിശോധിച്ചത്. 176 പേരാണ് കോവിഡ്  മൂലം കഴിഞ്ഞ ഒരുദിവസം  മരണപ്പെട്ടത്.

കോവിഡ് അപ്‌ഡേറ്റ്‌സ് - May 22, 2021

ഇന്ത്യയില്‍ ഇതുവരെ

രോഗികള്‍ : 26,289,290

മരണം:295,525

ലോകത്തില്‍ ഇതുവരെ

രോഗികള്‍:165,881,422

മരണം:3,438,678


Tags:    

Similar News