കേരളത്തിലെ എല്ലാ ജില്ലകളിലും കിംസ് ആശുപത്രി, 3000 കിടക്കകള്‍

എന്‍.എസ്.ഇയില്‍ ലിസ്റ്റ് ചെയ്യപ്പെട്ട ഹൈദരാബാദ് ആസ്ഥാനമായ കമ്പനിയാണ് കിംസ്

Update:2024-11-06 16:14 IST

വാർത്താ സമ്മേളനത്തിൽ കിംസ് സിഇഒ ഡോ. ബി. അഭിനയ്, കേരള ക്ലസ്റ്റർ സിഇഒയും ഡയറക്ടറുമായ ഫർഹാൻ യാസിൻ, ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ഭാസ്കർ റാവു, ഡയറക്ടർ ഡോ. ശ്രീനാഥ് റെഡ്ഡി, കേരള ക്ലസ്റ്റർ സിഎഫ്ഒ അർജുൻ വിജയകുമാർ എന്നിവർ ( ഇടത് നിന്നും വലത്തേക്ക്)

കേരളത്തില്‍ വേരുറപ്പിക്കാന്‍ രാജ്യത്തെ ഏറ്റവും വലിയ ഹെല്‍ത്ത്‌കെയര്‍ ശൃംഖലകളില്‍ ഒന്നായ കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (KIMS). അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ മാത്രം 3000 കിടക്കകളുള്ള ആശുപത്രി ശൃംഖല സ്ഥാപിക്കാനാണ് കിംസ് ലക്ഷ്യമിടുന്നത്. പുതിയ ആശുപത്രികള്‍ സ്ഥാപിച്ചും, നിലവിലുള്ളവ ഏറ്റെടുത്തുമാണ് കേരളത്തിലേക്കുള്ള വിപുലീകരണം പൂര്‍ത്തിയാക്കുക. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 3,000 കിടക്കകളും 10,000 തൊഴിലവസരങ്ങളും കേരളത്തില്‍ സൃഷ്ടിക്കാനാണ് ഗ്രൂപ്പിന്റെ പദ്ധതി. നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനിയാണ് കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ലിമിറ്റഡ്.
നിലവില്‍ തെലങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, കേരളം, കര്‍ണാടക എന്നി അഞ്ച് സംസ്ഥാനങ്ങളിലായി 16-ലധികം ആശുപത്രികളും 5000ത്തില്‍ പരം കിടക്കകളും കിംസ് ഗ്രൂപ്പിനുണ്ട്. സംസ്ഥാനത്ത് ആദ്യ ചുവടുവെപ്പായി കണ്ണൂര്‍ ശ്രീചന്ദ് ആശുപത്രി ഏറ്റെടുത്ത് പ്രവര്‍ത്തനം ആരംഭിച്ച് കഴിഞ്ഞു. കൂടാതെ തൃശ്ശൂരിലെ വെസ്റ്റ്‌ഫോര്‍ട്ട് ആശുപത്രിയുമായി ഓപറേഷന്‍ ആന്‍ഡ് മാനേജ്മെന്റ് കരാര്‍ ഒപ്പിട്ടിട്ടുണ്ട്. വെസ്റ്റ്‌ഫോര്‍ട്ടില്‍ വികസന പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്.

എല്ലാ ജില്ലകളിലും ആശുപത്രി

അടുത്ത രണ്ട് വര്‍ഷത്തിനകം കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ 800 കിടക്കകളുള്ള വലിയ ഹെല്‍ത്ത് സിറ്റികള്‍ സ്ഥാപിച്ച് കേരളത്തില്‍ പുതിയ ആശുപത്രികള്‍ ആരംഭിക്കാനാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. എറണാകുളം ചേരാനല്ലൂരില്‍ ഇതിന് സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ഇതോടൊപ്പം കണ്ണൂരില്‍ എല്ലാവിധ സൗകര്യങ്ങളുള്ള ഓങ്കോളജി ആന്‍ഡ് ട്രാന്‍സ്പ്ലാന്റ് കേന്ദ്രം സ്ഥാപിക്കുകയും തൃശ്ശൂരില്‍ ട്രാന്‍സ്പ്ലാന്റ് സേവനങ്ങള്‍ക്ക് എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയ 350 കിടക്കകളുള്ള ആശുപത്രി സജ്ജമാക്കുകയും ചെയ്യും. ഭാവിയില്‍ തിരുവനന്തപുരം, കൊല്ലം, മലപ്പുറം, കോട്ടയം, ഇടുക്കി ഉള്‍പ്പടെയുളള ജില്ലകളിലും ഏറ്റെടുക്കലുകള്‍ നടത്തും. എല്ലാ യൂണിറ്റുകളും 'അസറ്റ് ലൈറ്റ് മോഡല്‍' ആയിരിക്കും.
കുറഞ്ഞ ചെലവില്‍ എല്ലാവര്‍ക്കും ആധുനിക സൗകര്യങ്ങളോടു കൂടിയ ചികിത്സയാണ് ലക്ഷ്യമിടുന്നതെന്ന് കിംസ് ഹോസ്പിറ്റല്‍സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഭാസ്‌കര്‍ റാവു പറഞ്ഞു. ആരോഗ്യ ഇന്‍ഷുറന്‍സ് ഇന്നത്തെ കാലത്ത് അത്യാവശ്യമാണെന്നും എല്ലാവരും അതിന് തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വന്തമായി ആശുപത്രിയുണ്ടെങ്കിലും താന്‍ ആരോഗ്യ ഇന്‍ഷുറന്‍സ് എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരളം നിക്ഷേപക സൗഹൃദ സംസ്ഥാനം

കിംസ് ഹോസ്പിറ്റല്‍സ് കേരളത്തിലേക്ക് വ്യാപിപ്പിക്കുന്നതിലൂടെ സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ നിലവാരം ഉയരുമെന്ന് കേരള ക്ലസ്റ്റര്‍ സിഇഒയും ഡയറക്ടറുമായ ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു. കേരളം നിക്ഷേപക സൗഹൃദമല്ലെന്നാണ് എല്ലാവരും പറയുന്നത്. എന്നാല്‍ കേരളം പോലെ നിക്ഷേപക സൗഹൃദമായ സംസ്ഥാനം വേറെയില്ലെന്നാണ് എന്റെ അനുഭവം. മാറി മാറി വന്ന രാഷ്ട്രീയക്കാരേക്കാള്‍ ഇവിടുത്തെ ജനങ്ങളാണ് അതിന് ചുക്കാന്‍ പിടിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കിംസ് സിഇഒ ഡോ. ബി. അഭിനയ്, ഡയറക്ടര്‍മാരായ ഡോ. നിതീഷ് ഷെട്ടി, ഡോ. ശ്രീനാഥ് റെഡ്ഡി, കേരള ക്ലസ്റ്റര്‍ സിഎഫ്ഒ അര്‍ജുന്‍ വിജയകുമാര്‍ തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

Similar News