‘‘പുതിയ ഇന്ത്യയുടെ നിശബ്ദ ശിൽപി’’, മൻമോഹൻ സിംഗിനെക്കുറിച്ച്, ഒപ്പം പ്രവർത്തിച്ച മലയാളിയുടെ വാക്കുകൾ

പ്രധാനമന്ത്രിയുടെ വക്താവും ഓഫീസ് ഡയറക്ടറുമായി മൻമോഹൻസിംഗിനൊപ്പം പ്രവർത്തിച്ച ആലപ്പുഴ കൈനകരി സ്വദേശി ഡോ. ബിനോയ് ജോബ് ഓർത്തെടുക്കുകയാണ്, ആ നാളുകൾ

Update:2024-12-27 05:53 IST
ഹാത്മാരായ രാഷ്ട്രീയ നേതാക്കളിൽ ഒരാളാണ് ഡോ. മൻമോഹൻസിംഗ്. തികച്ച ഭരണ തന്ത്രജ്ഞൻ. വേറിട്ട നേതാവ്. സാമ്പത്തിക തകർച്ചയുടെ വക്കിൽ നിന്ന് രക്ഷിച്ച് ഇന്ത്യയെ യഥാർഥ സാമ്പത്തിക ശക്തികേന്ദ്രമാക്കി മാറ്റിയെടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ച ധനകാര്യ വിദഗ്ധൻ. സാമ്പത്തിക പരിഷ്കരണങ്ങളുടെ പേരിൽ അറിയപ്പെടുമ്പോൾ തന്നെ, നിരവധി സാമൂഹ്യ നയങ്ങളിലൂടെ പാവപ്പെട്ടവരെ കൈ പിടിച്ച് ഉയർത്തിക്കൊണ്ടു വരാൻ നടത്തിയ ശ്രമങ്ങളാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവന. ശാസ്ത്ര-​സാ​ങ്കേതിക മുന്നേറ്റത്തിൽ അദ്ദേഹം വഹിച്ച പങ്ക് അധികം ​അറിയപ്പെട്ടിട്ടില്ലെങ്കിലും അതിന് ദീർഘകാല ഫലങ്ങളുണ്ട്.
പ്രധാനമന്ത്രിയുടെ ഓഫീസിൽ ഡയറക്ടറായും പ്രധാനമന്ത്രിയുടെ വക്താവായും അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കാൻ സാധിച്ചത് ശരിക്കും ഒരു ബഹുമതിയായി കാണുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിൽ പ്രവർത്തിച്ച കാലത്ത് ഞങ്ങൾക്ക് നൽകിയ വ്യക്തമായ ദിശാബോധവും നിർദേശങ്ങളും ഓർക്കുകയാണ്. ഏതു തീരുമാനവും എടുക്കുമ്പോൾ സാധാരണക്കാരെക്കുറിച്ചും രാജ്യത്തെക്കുറിച്ചും മാത്രം ചിന്തിക്കാനാണ് അദ്ദേഹം നിർദേശിച്ചത്. അദ്ദേഹത്തിന്റെ വേർപാട് ഇന്ത്യക്ക് വലിയൊരു ദേശീയ നഷ്ടമാണ്. വ്യക്തിപരമായി എനിക്ക് തീരാനഷ്ടമാണ്. കറ കളഞ്ഞ, മാന്യനായ, തെളിമയാർന്ന മനസിന്റെ ഉടമയുടെ വക്താവായി പ്രവർത്തിക്കാനായത് ഒരു അനുഗ്രഹമായി കാണുന്നു. അധികാരത്തിന്റെ എല്ലാ കരുത്തുമുള്ള സ്ഥാനത്തിരിക്കു​മ്പോൾ തന്നെ, എളിമ കാത്തുസൂക്ഷിക്കാൻ കഴിഞ്ഞത് മറ്റു രാഷ്ട്രീയ നേതാക്കളിൽ നിന്ന് മൻമോഹൻസിംഗിനെ വ്യത്യസ്തനാക്കുന്നു.
നയപരമായ പല ആശയങ്ങളും നിയമമാക്കി ദശലക്ഷക്കണക്കായ ജീവിതങ്ങൾക്ക് മാറ്റം കൊണ്ടുവരാൻ അദ്ദേഹത്തിന് സാധിച്ചു. മാനവരാശിക്കും സ്വന്തം രാജ്യത്തിനും വേണ്ടി ചെയ്ത സേവനത്തിന് അദ്ദേഹത്തോട് രാജ്യത്തിന് തീരാത്ത കടപ്പാടുണ്ട്. സ്വന്തം സമ്പദ്‍വ്യവസ്ഥകൾ ക്രമപ്പെടുത്താൻ അദ്ദേഹത്തിന്റെ മാർഗനിർദേശം പല ലോകനേതാക്കളും തേടുന്നതിന് സാക്ഷിയായിരിക്കാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്. അതൊന്നും പരസ്യമാക്കാൻ അദ്ദേഹം ഒരിക്കലും താൽപര്യപ്പെട്ടില്ല. ഇന്ത്യയുടെ പുരോഗതിയിൽ മാത്രമല്ല, പല രാജ്യങ്ങളെയും അവിടത്തെ ജനതയേയും പരിവർത്തിപ്പിക്കുന്നതിലും മൻമോഹൻസിംഗ് പങ്ക് വഹിച്ചതിന്റെ തെളിവാണത്.
ഒരേയൊരു മൻമോഹൻസിംഗിന് പ്രണാമം.
(ഡൽഹിയിൽ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സി.ഐ.ഐ)യുടെ എക്സിക്യൂട്ടീവ് ഡയറക്ടറാണ് ഇപ്പോൾ ഡോ. ബിനോയ് ജോബ്)
Tags:    

Similar News