മൻമോഹൻസിംഗ് അന്തരിച്ചു; ഉദാരവൽക്കരണ നയങ്ങളുടെ പതാക വാഹകൻ

ഡൽഹിയിൽ വ്യാഴാഴ്ച രാത്രിയാണ് അന്ത്യം, രാജ്യത്ത് ഏഴു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

Update:2024-12-27 04:46 IST
ഇന്ത്യയുടെ സാമ്പത്തിക നയങ്ങളിൽ വലിയ പൊളിച്ചെഴുത്ത് നടത്തുന്നതിൽ നിർണായക പങ്ക് വഹിച്ച മുൻപ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ മൻമോഹൻസിംഗ് അന്തരിച്ചു. വ്യാഴാഴ്ച രാത്രി 9.51ന് ഡൽഹിയിലെ ഓൾ ഇന്ത്യ മെഡിക്കൽ സയൻസസ് ഇൻസ്റ്റിറ്റ്യൂട്ടിലാണ് മരണം. 92 വയസായിരുന്നു. കടുത്ത ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടർന്ന് വസതിയിൽ കുഴഞ്ഞു വീണ അദ്ദേഹത്തെ രാത്രി എട്ടു മണിയോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുൻപ്രധാനമന്ത്രിയോടുള്ള ആദര സൂചകമായി രാജ്യത്ത് ഏഴു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. കേന്ദ്രമന്ത്രിസഭയുടെ അടിയന്തര യോഗം ഇന്ന് ചേരും.

കൈ പിടിച്ചു കൊണ്ടുവന്നത് നരസിംഹ റാവു

ഇന്ത്യയുടെ ധനകാര്യ മന്ത്രിയായി മുൻപ്രധാനമന്ത്രി നരസിംഹറാവു കൈപിടിച്ചു കൊണ്ടുവന്ന മൻമോഹൻസിംഗ് പുതിയ ഉദാരവൽക്കരണ നയങ്ങളുടെ പതാക വാഹകനായിരുന്നു. 2004 മെയ് 12 മുതൽ തുടർച്ചയായ 10 വർഷം പ്രധാനമന്ത്രി.
അവിഭക്ത ഇന്ത്യയിൽ പഞ്ചാബ് പ്രവിശ്യയിലെ ഒരു ഗ്രാമത്തിൽ 1932 സെപ്തംബർ 26നാണ് മൻമോഹൻസിംഗിന്റെ ജനനം. 1957ൽ കേംബ്രിഡ്ജ് സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ഒന്നാം ക്ലാസോടെ ഓണേഴ്സ് ബിരുദം.1962ൽ ഓക്സ്ഫഡ് സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തൽ ഡി. ഫിൽ. പഞ്ചാബ് സർവകലാശാലയിലും ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിലും അധ്യാപകനായി പ്രവർത്തിച്ച കാലത്തെ മികച്ച പ്രകടനം അക്കാദമിക രംഗത്ത് ശ്രദ്ധേയനാക്കി. കുറച്ചു കാലം യു.എൻ.സി.ടി.എ.ഡി സെക്രട്ടറിയേറ്റിലും​ പ്രവർത്തിച്ചു. 1990 വരെയുള്ള മൂന്നു വർഷം ജനീവയിലെ സൗത്ത് കമീഷന്റെ സെക്രട്ടറി ജനറൽ പദവിയിൽ.
1971ൽ കേന്ദ്ര വാണിജ്യ മന്ത്രാലയത്തിൽ സാമ്പത്തിക ശാസ്ത്ര ഉപദേഷ്ടാവായി. അടുത്ത വർഷം ധനമന്ത്രാലയത്തിന്റെ മുഖ്യ സാമ്പത്തികകാര്യ ഉപദേഷ്ടാവ്. ധനമന്ത്രാലയ സെക്രട്ടറി, ആസൂത്രണ കമീഷൻ ഉപാധ്യക്ഷൻ, റിസർവ് ബാങ്ക് ഗവർണർ, പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ്, യു.ജി.സി ചെയർമാൻ തുടങ്ങിയ പദവികളിലേക്ക് പടിപടിയായി കടന്നു വന്നു.

പ്രധാനമന്ത്രി കസേരയിൽ മുള്ളും പൂവും

ഇന്ത്യയുടെ സാമ്പത്തിക നയങ്ങളിൽ വഴിത്തിരിവ് സൃഷ്ടിച്ചത് നരസിംഹറാവു പ്രധാനമന്ത്രിയായിരുന്ന 1991-96 കാലമാണ്. റാവുവിന്റെ താൽപര്യപ്രകാരം ധനമന്ത്രിയായ മൻമോഹൻസിംഗാണ് അതിനു ചുക്കാൻ പിടിച്ചത്. സമഗ്ര സാമ്പത്തിക പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചപ്പോൾ വലിയ വിമർശനങ്ങളും പിന്നീട് സ്വീകാര്യതയും മൻമോഹൻസിംഗ് ഏറ്റുവാങ്ങി. ഇടതുപക്ഷ പിന്തുണയോ​ടെ കോൺഗ്രസ് നയിച്ച യു.പി.എ സഖ്യത്തിന്റെ നേതാവെന്ന നിലയിൽ 2004ൽ മൻമോഹൻസിംഗ് പ്രധാനമന്ത്രിയായി. ഇന്ത്യ-യു.എസ് ആണവ കരാർ നടപ്പാക്കിയതിൽ പ്രതിഷേധിച്ച് ഇടതുപക്ഷം പിന്തുണ പിൻവലിച്ചെങ്കിലും മൻമോഹൻസിംഗിന്റെ നേതൃത്വത്തിൽ യു.പി.എ സഖ്യം 10 വർഷം ഇന്ത്യ ഭരിച്ചു. സഖ്യകക്ഷി ഭരണത്തി​ന്റെ പരാധീനതകളും 2ജി സ്​പെ​ക്ട്രം അഴിമതി പോലുള്ള നിരവധി വിവാദങ്ങൾക്കുമിടയിലൂടെ കടന്നു പോയ ഭരണത്തിനിടയിലും മൻമോഹൻസിംഗിന്റെ വ്യക്തിപരമായ പ്രതിഭയും​ പ്രതിഛായയും ​പരക്കെ അംഗീകരിക്കപ്പെട്ടിരുന്നു.
Tags:    

Similar News