ദുർബലനായ നിഴൽ പ്രധാനമന്ത്രി! അതു കേട്ട് മൻമോഹൻ പറഞ്ഞു: "കാലം എന്നോട് കരുണ കാണിക്കും"

ജനജീവിതം മെച്ചപ്പെടുത്തിയ നേതാവെന്ന് നരേന്ദ്രമോദി

Update:2024-12-27 08:48 IST

പടിഞ്ഞാറന്‍ പഞ്ചാബിലെ സ്‌കൂള്‍ ഇല്ലാത്ത ഗാഹ് എന്ന ഗ്രാമം. ഇപ്പോള്‍ പാക്കിസ്ഥാനിലുള്ള ആ ഗ്രാമത്തില്‍ നിന്ന് കിലോമീറ്ററുകള്‍ നടന്ന് അടുത്തുള്ള ഗ്രാമത്തില്‍ എത്തിയാണ് മന്‍മോഹന്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ അറിവുകള്‍ നേടിയ ആ കുട്ടി പിന്നീട് ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലെത്തി. അന്ന്, വിദ്യാലയത്തില്‍ നിന്ന് ലഭിച്ചിരുന്ന സ്‌കോളര്‍ഷിപ്പുകളാണ് തന്റെ പഠനത്തിന് സഹായിച്ചതെന്ന് പിന്നീട് ഡോ.മന്‍മോഹന്‍ സിംഗ് പറഞ്ഞിരുന്നു. കേംബ്രിഡ്ജിൽ നിന്നും ഓക്സ്ഫഡിൽ നിന്നും ഉന്നത ബിരുദങ്ങള്‍ നേടിയ ഡോ. സിംഗിന്റെ ജീവിതം ചിട്ടയായ വളര്‍ച്ചയുടേതായിരുന്നു. ഐക്യരാഷ്ട്ര സഭയില്‍ ട്രേഡ് വിഭാഗത്തില്‍ ജോലി, ഇന്ത്യയില്‍ ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് ഉള്‍പ്പടെ പ്രമുഖ സ്ഥാപനങ്ങളില്‍ അധ്യാപകന്‍. ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍, റിസര്‍വ് ബാങ്ക് ഗവർണ്ണർ  തുടങ്ങി രാജ്യത്തിന്റെ സാമ്പത്തിക, സാമൂഹ്യ മേഖലകളെ ബാധിക്കുന്ന മിക്ക രംഗങ്ങളിലും ഉന്നത പദവികള്‍ വഹിച്ച ശേഷമാണ് മന്‍മോഹന്‍ സിംഗ് ഇന്ത്യയുടെ ധനകാര്യമന്ത്രി പദത്തിലെത്തുന്നത്. ആഗോള സാമ്പത്തിക ഗതികളെ അടുത്തറിഞ്ഞ, മാറ്റങ്ങളെ ഉള്‍ക്കൊള്ളുന്ന ടെക്‌നോക്രാറ്റ് ധനമന്ത്രി എന്നാണ് അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടത്. ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധികളെ അഭിമുഖീകരിക്കുന്ന വേളയിലായിരുന്നു മന്ത്രി പദത്തിലേക്ക് അദ്ദേഹത്തിന്റെ വരവ്. ഉദാരവല്‍ക്കരണത്തിന്റെ പുത്തന്‍ നാളുകളില്‍ പുതിയ നയങ്ങളിലൂടെ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ മെച്ചപ്പെടുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

പണ്ഡിതന്‍, മൃദുഭാഷി

അക്കാലത്ത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെട്ടത് മന്‍മോഹന്‍ സിംഗിന്റെ മൗനമായിരുന്നു. 2014ല്‍, തന്റെ രണ്ടാം പ്രധാനമന്ത്രിപദത്തിന്റെ അവസാനത്തില്‍ അദ്ദേഹം പറഞ്ഞു; ചരിത്രം എന്നോട് മാധ്യമങ്ങളേക്കാള്‍ ദയ കാണിക്കും'. 'ദുര്‍ബലനായ പ്രധാനമന്ത്രി' എന്ന പേരില്‍ അദ്ദേഹം ആക്രമിക്കപ്പെട്ട സമയത്തായിരുന്നു ഇത്. സോണിയാഗാന്ധിക്ക് പിന്നില്‍ നിഴലായി നില്‍ക്കുന്ന പ്രധാനമന്ത്രിയെന്നും രാഷ്ട്രീയ എതിരാളികളുടെ വിമര്‍ശനങ്ങളുണ്ടായി. ദുര്‍ബലനായ, നിഴല്‍ പ്രധാനമന്ത്രിയെന്ന വിമര്‍ശനങ്ങള്‍ കേട്ട് മന്‍മോഹന്‍ പറഞ്ഞു.. 'കാലം എന്നോട് കരുണ കാണിക്കും'

രാഷ്ട്രീയത്തില്‍ ഏറെയൊന്നും പരിചയമില്ലാതിരുന്ന അദ്ദേഹം 1999 ല്‍ ഡല്‍ഹിയില്‍ നിന്ന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച് പരാജയപ്പെട്ടപ്പോള്‍ ഈ രംഗത്ത് നിന്ന് മാറി നിന്നതാണ്. എന്നാല്‍ ഡോ.സിംഗിനെ കോണ്‍ഗ്രസ് രാജ്യസഭയിലൂടെ മന്ത്രി പദവിയിലും പ്രധാനമന്ത്രി പദത്തിലും എത്തിച്ചത് അദ്ദേഹത്തിന്റെ സേവനം രാജ്യത്തിന് ആവശ്യമാണെന്ന് തിരിച്ചറിവ് മൂലമാണ്. രാജസ്ഥാനില്‍ നിന്നും ആസാമില്‍ നിന്നുമായി 33 വര്‍ഷമാണ് അദ്ദേഹം രാജ്യസഭയില്‍ അംഗമായത്. കോണ്‍ഗ്രസ് പ്രധാനമന്ത്രിമാരില്‍ നെഹ്‌റുവിനും ഇന്ദിരാഗാന്ധിക്കും ശേഷം ഏറ്റവും കൂടുതല്‍ കാല പ്രധാനമന്ത്രി പദവില്‍ ഇരുന്നത് മന്‍മോഹന്‍ സിംഗാണ്. ജനാധിപത്യത്തിന് ഏറെ പ്രാധാന്യം നല്‍കിയ അദ്ദേഹം ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള ഐക്യപ്പെടല്‍ രാജ്യത്തിന്റെ പുരോഗതിക്ക് അത്യാവശ്യമാണെന്ന് വിശ്വസിച്ചു.

ആകസ്മികമല്ലാത്ത വളര്‍ച്ച

മന്‍മോഹന്‍ സിംഗ് ഇന്ത്യയുടെ പ്രധാനമന്ത്രിയായത് ആകസ്മികമായിരുന്നെന്ന കാഴ്പ്പാടുകളുണ്ട്. രാഷ്ട്രീയത്തില്‍ താല്‍പര്യം കാണിക്കാതിരുന്ന അദ്ദേഹത്തെ മുന്‍ പ്രധാനമന്ത്രി നരസിംഹറാവു ധനകാര്യമന്ത്രിയാക്കിയത്, സാമ്പത്തിക രംഗത്തെ മികവുകള്‍ പരിഗണിച്ചായിരുന്നു. ഇത് പരക്കെ അംഗീകരിക്കപ്പെടുകയും ചെയ്തു. എന്നാല്‍, 2004 ലെ തെരഞ്ഞെടുപ്പിന് ശേഷം ഡോ. സിംഗിന്റെ പേര് പ്രധാനന്ത്രി പദത്തിലേക്ക് ഉയര്‍ന്നു വരികയായിരുന്നു. സോണിയാഗാന്ധി പ്രധാനമന്ത്രിയാകുമെന്ന ഉറച്ച വിശ്വാസങ്ങള്‍ക്കിടെയാണ്, അവര്‍ തന്നെ ഡോ.മന്‍മോഹന്‍ സിംഗിനെ ഉയര്‍ത്തി കാട്ടിയത്. രാജ്യത്തിന്റെ സാമ്പത്തിക മേഖലയുടെ മെച്ചപ്പെടുത്തലുകളായിരുന്നു അദ്ദേഹത്തിന് ഒരു പരിധി വരെ, ആ പദവിയിലേക്കുള്ള വഴികള്‍ തുറന്നത്.

2004 മുതല്‍ 2014 വരെ പ്രധാനമന്ത്രിയായിരിക്കെ നടപ്പാക്കിയ ഒട്ടേറെ പദ്ധതികള്‍ ജനപ്രിയമായി മാറി. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, യൂണീക്ക് ഐഡന്റിഫിക്കേഷന്‍ അതോരിറ്റി, ദേശീയ ഗ്രാമീണ ആരോഗ്യദൗത്യം, വിവരാവകാശ നിയമം തുടങ്ങിയ ഒട്ടേറെ പദ്ധതികള്‍ ഇക്കാലത്താണ് നടപ്പാക്കിയത്. അതേസമയം, 2ജി സ്‌പെക്ട്രം, കല്‍ക്കരി പാടങ്ങള്‍ക്കുള്ള അനുമതി തുടങ്ങിയ ഇടപാടുകള്‍ ഇക്കാലത്ത് ഏറെ വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചു.

ജനജീവിതം മെച്ചപ്പെടുത്തിയ നേതാവെന്ന് നരേന്ദ്രമോദി

ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താന്‍ പ്രയത്‌നിച്ച നേതാവായിരുന്നു ഡോ.മന്‍മോഹന്‍ സിംഗ് എന്ന പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. എളിമയില്‍ നിന്ന് ആരംഭിച്ച് ഏവരാലും ബഹുമാനിക്കപ്പെടുന്ന സാമ്പത്തിക വിദഗ്ദ്ധനായി മന്‍മോഹന്‍ സിംഗ് മാറി. ധനകാര്യ മന്ത്രി പദവിയില്‍ ഇരുന്ന് രാജ്യത്തിന്റെ സാമ്പത്തിക നയങ്ങളില്‍ ശക്തമായ മാറ്റങ്ങള്‍ അദ്ദേഹം വരുത്തി. പാര്‍ലമെന്റിലെ അദ്ദേഹത്തിന്റെ ഇടപെടലുകള്‍ ഏറെ ഉള്‍ക്കാഴ്ചയോട് കൂടിയതായിരുന്നു. പ്രധാനമന്ത്രിയെന്ന നിലയില്‍ ജനങ്ങളുടെ ജീവിതം മെച്ചപ്പെട്ടതാക്കാനാണ് അദ്ദേഹം പരിശ്രമിച്ചത്. നരേന്ദ്രമോദി എക്‌സില്‍ പറഞ്ഞു.

Tags:    

Similar News