ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; മെയ് 26, 2021
ജിഡിപി പ്രതീക്ഷച്ചതിനേക്കാള്‍ വളര്‍ച്ച നേടിയെന്ന് എസ്ബിഐ റിപ്പോര്‍ട്ട്. നാലാം പാദത്തില്‍ 468.35 കോടി രൂപ അറ്റാദായം നേടി മണപ്പുറം ഫിനാന്‍സ്, 112 ശതമാനം ലാഭവര്‍ധന നേടി വി-ഗാര്‍ഡ്. 'ജെയിംസ് ബോണ്ട്' ഫ്രാഞ്ചൈസിയുടെ യുഎസ് ചലച്ചിത്ര സ്റ്റുഡിയോ 'എംജിഎം' ആമസോണ്‍ വാങ്ങി. അമേരിക്കയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ പേര്‍ക്ക് വാക്‌സിന്‍ നല്‍കിയ രാജ്യമായി ഇന്ത്യ. വാട്‌സാപ്പിനോട് മെസേജുകളുടെ ഉറവിടം ആരായുന്നത് കുറ്റകൃത്യങ്ങള്‍ തടയാനെന്ന് സര്‍ക്കാര്‍. 380 പോയ്ന്റ് ഉയര്‍ന്ന് സെന്‍സെക്‌സ്. ബിസിനസ് വാര്‍ത്തകള്‍ ചുരുക്കത്തില്‍.
ജിഡിപി പ്രതീക്ഷച്ചതിനേക്കാള്‍ വളര്‍ച്ച നേടിയെന്ന് എസ്ബിഐ റിപ്പോര്‍ട്ട്
രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി) പ്രതീക്ഷിച്ചതിനേക്കാള്‍ വളര്‍ച്ച നേടിയെന്ന് എസ്ബിഐ റിപ്പോര്‍ട്ട്. 2020-21 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ 1.3 ശതമാനമാണ് വളര്‍ച്ച. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ജിഡിപിയിലെ ഇടിവ് 7.3 ശതമാനമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ജിഡിപിയുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന് കീഴിലെ ഇ-നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ ഔദ്യോഗിക റിപ്പോര്‍ട്ട് മെയ് 31 നാണ് പുറത്തുവിടുക.
അമേരിക്കയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ പേര്‍ക്ക് വാക്‌സിന്‍ നല്‍കിയ രാജ്യമായി ഇന്ത്യ
20 കോടി ക്യുമുലേറ്റീവ് കോവിഡ് -19 വാക്‌സിനേഷന്‍ കവറേജ് മറികടന്ന യുഎസിന് ശേഷമുള്ള രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 124 ദിവസം കൊണ്ട് യുഎസില്‍ രേഖപ്പെടുത്തിയ സംഖ്യ 130 ദിവസം കൊണ്ടാണ് ഇന്ത്യ മറികടന്നത്. അതും യുഎസിനേക്കാള്‍ ജനസംഖ്യ ഉണ്ടായിട്ടും എന്ന് ആരോഗ്യ മന്ത്രാലം പ്രസ്താവനയില്‍ വ്യക്തമാക്കി.
നാലാം പാദത്തില്‍ 468.35 കോടി രൂപ അറ്റാദായം നേടി മണപ്പുറം ഫിനാന്‍സ്; 17.62% വര്‍ധന
മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന് മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷം 1,724.95 കോടി രൂപയുടെ അറ്റാദായം. എക്കാലത്തേയും ഉയര്‍ന്ന വാര്‍ഷിക അറ്റാദായമാണിത്. ഇത്തവണ 16.53 ശതമാനമാണ് വാര്‍ഷിക വര്‍ധന. 2021 മാര്‍ച്ച് 31ന് അവസാനിച്ച നാലാം പാദത്തില്‍ 468.35 കോടി രൂപയുടെ അറ്റാദായവും നേടി. മുന്‍ വര്‍ഷം ഇതേകാലയളവില്‍ 398.20 കോടി രൂപയായിരുന്നു ഇത്. പ്രവര്‍ത്തന വരുമാനം 15.83 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. മുന്‍ വര്‍ഷത്തെ 5,465.32 കോടി രൂപയില്‍ നിന്നും ഇത്തവണ 6,330.55 കോടി രൂപയിലെത്തി. സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ നികുതി ഉള്‍പ്പെടെയുള്ള ലാഭം (ജആഠ) 622.08 കോടി രൂപയായി വര്‍ധിച്ചു. മുന്‍ വര്‍ഷം ഇതേകാലയളവില്‍ 534.07 കോടി രൂപയായിരുന്നു.
112 ശതമാനം ലാഭ വര്‍ധന നേടി വി-ഗാര്‍ഡ്
ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ഉപകരണ നിര്‍മാതാക്കളായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 2020-21 സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ 68.39 കോടി രൂപ അറ്റാദായം നേടി. 112 ശതമാനമാണ് വര്‍ധന. മുന്‍ വര്‍ഷം ഇതേകാലയളവില്‍ 32.23 കോടി രൂപയായിരുന്നു ഇത്. മൊത്ത വരുമാനം 58 ശതമാനം വര്‍ധിച്ച് 855.20 കോടിയായി. മുന്‍ വര്‍ഷം ഇത് 541.14 കോടി രൂപയായിരുന്നു. ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് തുടങ്ങി എല്ലാ വിഭാഗങ്ങളിലും ഈ പാദത്തില്‍ കരുത്തുറ്റ വളര്‍ച്ച രേഖപ്പെടുത്തി. 2020-21 സാമ്പത്തിക വര്‍ഷം 201.89 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം. മുന്‍ വര്‍ഷത്തെ 188.25 കോടി രൂപയെ അപേക്ഷിച്ച് 7.2 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. പ്രതി ഓഹരിക്ക് 1.20 രൂപ വീതം ഡിവിഡന്റ് നല്‍കാനും കമ്പനി ഡയറക്ടര്‍മാരുടെ ബോര്‍ഡ് യോഗം തീരുമാനിച്ചു.
'ജെയിംസ് ബോണ്ട്' ഫ്രാഞ്ചൈസിയുടെ യുഎസ് ചലച്ചിത്ര സ്റ്റുഡിയോ വാങ്ങി ആമസോണ്‍
'ജെയിംസ് ബോണ്ട്' ഫ്രാഞ്ചൈസിയുടെ യുഎസ് ചലച്ചിത്ര സ്റ്റുഡിയോയായ എംജിഎം 8.45 ബില്യണ്‍ ഡോളറിന് വാങ്ങുകയാണെന്ന് ആമസോണ്‍ ഡോട്ട് കോം ബുധനാഴ്ച അറിയിച്ചു. സിനിമകളുടെയും ടിവി ഷോകളുടെയും ഒരു വലിയ ലൈബ്രറി ആമസോണ്‍ പ്രൈമിന് ഇത് നല്‍കും. നെറ്റ്ഫ്‌ളിക്‌സിന്റെയും ഡിസ്‌നി പ്ലസിന്റെയും നേതൃത്വത്തിലുള്ള സ്ട്രീമിംഗ് എതിരാളികളുമായി മത്സരം വര്‍ധിപ്പിക്കാനും ഇത് തങ്ങളെ സഹായിക്കുമെന്ന് ആമസോണ്‍.
കുറ്റകൃത്യങ്ങള്‍ തടയാനാണ് വാട്‌സാപ്പിനോട് മെസേജുകളുടെ ഉറവിടം ആരായുന്നതെന്ന് സര്‍ക്കാര്‍
''ഒരു പ്രത്യേക സന്ദേശത്തിന്റെ ഉത്ഭവം വെളിപ്പെടുത്താന്‍ വാട്ട്സാപ്പിനോട് സര്‍ക്കാര്‍ ആവശ്യപ്പെടേണ്ടത് വളരെ ഗുരുതരമായ കുറ്റകൃത്യങ്ങളുടെ 'തടയല്‍, അന്വേഷണം അല്ലെങ്കില്‍ ശിക്ഷ' യുടെ കാര്യത്തില്‍ മാത്രമേ ഉണ്ടാകൂ.'' കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. വ്യക്തികളുടെ സ്വകാര്യത ലംഘിക്കുന്നതില്‍ ഭാരതസര്‍ക്കാരിന് യാതൊരു ഗൂഢ ഉദ്ദേശ്യവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ പുതിയ ഐടി നിയമങ്ങളെക്കുറിച്ച് വാട്സാപ്പ് കേന്ദ്രത്തിനെതിരെ ഹര്‍ജി സമര്‍പ്പിച്ചതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വാക്‌സിന്‍ ക്ഷാമം; ഡല്‍ഹിയില്‍ 18 വയസ്സുകാരുടെ വാക്‌സിന് താല്‍ക്കാലിക നിയന്ത്രണം
വാക്‌സിന്‍ ക്ഷാമം പരിഹരിക്കും വരെ 18 നും 44 നും പ്രായമായവര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ നിര്‍വാഹമില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. 45 വയസും അതില്‍ കൂടുതലുമുള്ളവര്‍ക്കായി വെറും 12 ദിവസത്തേക്ക് മാത്രമാണ് കോവിഷീല്‍ഡ് വാക്‌സിന്‍ അഴശേഷിക്കുന്നത്. ഇതിനു ശേഷമാകും മറ്റ് പ്രായക്കാരെ പരിഗണിക്കുക, അതും സ്റ്റോക്ക് ലഭിച്ചാല്‍ മാത്രം. 1491 കോവിഡ് കേസുകളാണ് പുതുതായി ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഓഹരി വിപണി; നേട്ടത്തോടെ ക്ലോസിംഗ്
മുന്നേറ്റം, താഴ്ച, പിന്നെ ഉയര്‍ച്ചയില്‍ ക്ലോസിംഗ്. ഇതായിരുന്നു ഇന്നും ഓഹരി വിപണിയിലെ തിരക്കഥ. കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത്, പലിശ വര്‍ധനയെ സംബന്ധിച്ച പേടി, പണപ്പെരുപ്പ ഭീഷണി തുടങ്ങി നിരവധി ഘടകങ്ങള്‍ വിപണിയെ സ്വാധീനിക്കാനുണ്ടായിരുന്നു. വ്യാപാരത്തിന്റെ ഒരുഘട്ടത്തില്‍ ഇന്‍ഫോസിസ്, ടിസിഎസ്, എച്ച്ഡിഎഫ്സി, ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സെര്‍വ്, എല്‍ ആന്‍ഡ് ടി, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവയിലുണ്ടായ നിക്ഷേപ താല്‍പ്പര്യം സെന്‍സെക്സിനെ ഏറെ മുന്നോട്ട് നയിച്ചു. 436 പോയ്ന്റോളം ഉയര്‍ന്ന് 51,073 തൊട്ട സെന്‍സെക്സ് പക്ഷേ ക്ലോസിംഗ് വേളയില്‍ 51,017.5 എന്ന തലത്തിലെത്തി. ഉയര്‍ന്നത് 380 പോയ്ന്റ്, അഥവാ 0.75 ശതമാനം.
കേരള കമ്പനികളുടെ പ്രകടനം
ധനലക്ഷ്മി ബാങ്ക് ഒഴികെ കേരള ബാങ്കുകളുടെ ഓഹരി വിലകള്‍ ഇന്ന് ഉയര്‍ച്ച രേഖപ്പെടുത്തി. സിഎസ്ബി ബാങ്ക് ഓഹരി വില മൂ്ന്ന് ശതമാനത്തിലേറെ വര്‍ധിച്ചു. ഇന്‍ഡിട്രേഡിന്റെ ഓഹരി വിലയില്‍ 12.17 ശതമാനം വര്‍ധനയാണുണ്ടായത്. കല്യാണ്‍ ജൂവല്ലേഴ്സ് ഓഹരി വിലയും ഇന്ന് അഞ്ച് ശതമാനത്തിലേറെ കൂടി. വി ഗാര്‍ഡ് ഓഹരി വില നാലര ശതമാനത്തോളമാണ് വര്‍ധിച്ചത്.
Gold & Silver Price Today
സ്വര്‍ണം :4610 , ഇന്നലെ :4560
വെള്ളി : 72.70, ഇന്നലെ :71.20
കോവിഡ് അപ്‌ഡേറ്റ്‌സ് - May 26, 2021
കേരളത്തില്‍ ഇന്ന്
രോഗികള്‍: 28798
മരണം:151
ഇന്ത്യയില്‍ ഇതുവരെ
രോഗികള്‍ :27,157,795
മരണം:311,388
ലോകത്തില്‍ ഇതുവരെ
രോഗികള്‍:167,638,686
മരണം:3,481,615