ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഡിസംബര്‍ 16, 2021

ന്യൂയോര്‍ക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യാനൊരുങ്ങി ബൈജൂസ്. ഒലയുടെ ആദ്യ 100 സ്‌കൂട്ടറുകള്‍ ഡെലിവറി ചെയ്തു. മ്യൂച്വല്‍ ഫണ്ട് ബിസിനസിലെ ഓഹരി വിഹിതം കുറയ്ക്കാനൊരുങ്ങി എസ്ബിഐ. കുത്തനെ ഉയര്‍ന്ന് സ്വര്‍ണവില. സെന്‍സെക്സ് 113 പോയ്ന്റ് ഉയര്‍ന്നു. ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍ ചുരുക്കത്തില്‍.

Update: 2021-12-16 14:26 GMT

ന്യൂയോര്‍ക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യാനൊരുങ്ങി ബൈജൂസ്

മലയാളി ബൈജൂ രവീന്ദ്രന്‍ സ്ഥാപിച്ച ബൈജൂസ് ന്യൂയോര്‍ക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലേക്ക്. ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള സ്റ്റാര്‍ട്ടപ്പ്, സ്‌പെഷ്യല്‍ പര്‍പ്പസ് കമ്പനി അഥവാ ടജഅഇ കമ്പനിയായ ചര്‍ച്ചില്‍ ക്യാപിറ്റലുമായി മെര്‍ജ് ചെയ്യുകയാണെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട്. ബൈജൂസ് അമേരിക്കന്‍ വിപണിയിലേക്ക് കടക്കാന്‍ നിരവധി ടജഅഇ പങ്കാളികളുമായി ചര്‍ച്ചകള്‍ നടത്തിയെന്നും മൈക്കല്‍ ക്ലെയിനിന്റെ ചര്‍ച്ചില്‍ ക്യാപിറ്റലുമായി ഉടന്‍ കരാറിലേര്‍പ്പെട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഒലയുടെ ആദ്യ 100 സ്‌കൂട്ടറുകള്‍ ഡെലിവറി ചെയ്തു

വമ്പന്‍ വാഗ്ദാനങ്ങളുമായി രംഗത്തെത്തിയ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ നിര്‍മാതാക്കളായ ഒല ആദ്യ 100 ഡെലിവറികള്‍ നടത്തി. ചെന്നൈയിലെയും ബെംഗളൂരുവിലെയും ഉപഭോക്താക്കള്‍ക്കാണ് ഡെലിവെറി നടത്തിയതെന്ന് ഓല ഇലക്ട്രിക്ക് അറിയിച്ചു. ബെംഗളൂരുവില്‍ വെച്ച് നടത്തിയ പ്രത്യേക ചടങ്ങിലായിരുന്നു ഡെലിവറി. സ്ഥാപകന്‍ ഭവിഷ് അഗര്‍വാളും ചടങ്ങിനെത്തിയിരുന്നു.

മ്യൂച്വല്‍ ഫണ്ട് ബിസിനസിലെ ഓഹരി വിഹിതം കുറയ്ക്കാനൊരുങ്ങി എസ്ബിഐ

എസ്ബിഐ മ്യൂച്വല്‍ ഫണ്ട് ബിസിനസിലെ ഓഹരി വിഹിതം കുറയ്ക്കാനുള്ള തയ്യാറെടുപ്പിലെന്ന് റിപ്പോര്‍ട്ട്. എസ്ബിഐ മ്യൂച്വല്‍ ഫണ്ട് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ആറ് ശതമാനം ഓഹരികള്‍ ഐ.പി.ഒ വഴി വില്‍ക്കാനാണ് പദ്ധതി. എസ്ബിഐയുടെയും ഫ്രാന്‍സിലെ അമന്ദി അസറ്റ് മാനേജുമെന്റ് കമ്പനിയുടെയും സംയുക്ത സംരംഭമാണ് എസ്ബിഐ മ്യൂച്വല്‍ ഫണ്ട്. നിലവില്‍ ഫണ്ട് ഹൗസില്‍ എസ്ബിഐക്ക് 63ശതമാനം ഓഹരികളാണുള്ളത്. അമന്ദിക്ക് 37ശതമാനവും. ഇവരും നാല് ശതമാനം ഓഹരികള്‍ വില്‍ക്കാന്‍ പദ്ധതിയിട്ടിരിക്കുന്നു.

ആമസോണിലെ വില്‍പ്പനക്കാര്‍ 10 ലക്ഷം കടന്നു

2013 ല്‍ 100 കച്ചവടക്കാരുമായി ഓണ്‍ലൈന്‍ വ്യാപാര പ്ലാറ്റ്‌ഫോം സെറ്റ് ചെയ്ത ആമസോണ്‍ 10 ലക്ഷം വ്യാപാരികള്‍ എന്ന നാഴികക്കല്ല് കൈവരിച്ചതായി റിപ്പോര്‍ട്ട്.

പച്ചക്കറി വിലവര്‍ധനവില്‍ ഇടപെട്ട് സംസ്ഥാന സര്‍ക്കാര്‍

പച്ചക്കറി വില വര്‍ധനവില്‍ ഇടപെട്ട് സംസ്ഥാന സര്‍ക്കാര്‍. ഒരു കിലോ തക്കാളി 50 രൂപയ്ക്ക് വില്‍ക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. സഞ്ചരിക്കുന്ന വില്‍പ്പന ശാലകള്‍ ഇന്ന് മുതല്‍ തുടങ്ങും. പച്ചക്കറി വില പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാര്‍ 8 കോടി രൂപ അനുവദിച്ചുവെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കുതിച്ചുയുരുന്ന തക്കാളി വില പിടിച്ചു നിര്‍ത്താന്‍ തക്കാളി വണ്ടികളുമായി എത്തുകയാണ് കൃഷി വകുപ്പ്. കിലോയ്ക്ക് 50 രൂപയ്ക്ക് തക്കാളി വില്‍ക്കും. ഓരോ ജില്ലകളിലും രണ്ട് വണ്ടികളില്‍ തക്കാളിയും മറ്റ് പച്ചക്കറികളും വില്‍ക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു.

കുത്തനെ ഉയര്‍ന്ന് സ്വര്‍ണവില; ദേശീയ വിപണിയിലെ ഉണര്‍വ് കേരളത്തിലും

ഈ മാസത്തെ ഏറ്റവും വലിയ നിരക്കില്‍ നിന്നും താഴ്ന്ന സ്വര്‍ണവില ഇന്ന് ഉണര്‍വിലേക്ക്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ ഗ്രാമിന് 4525 എന്നതില്‍ നിന്നും 4500 ലേക്ക് താഴ്ന്ന വില വീണ്ടും 4530 ലേക്ക് ഉയരുകയായിരുന്നു. ഈ മാസത്തെ 4525 രൂപയില്‍ നിന്ന് ഇന്നലെ 4500 രൂപയിലേക്ക് താഴ്ന്ന സ്വര്‍ണ വില, ഇന്ന് ഒരു ഗ്രാമിന് 4530 രൂപയിലാണ് വില്‍പ്പന നടക്കുന്നത്. പവന് 36,240 രൂപയാണ് ഇന്നത്തെ സ്വര്‍ണ വില. 4495 രൂപയില്‍ നിന്ന് 15 രൂപ വര്‍ധിച്ച ശേഷം മൂന്ന് ദിവസം 4510 രൂപയിലായിരുന്നു സ്വര്‍ണത്തിന്റെ വിപണനം. പിന്നീട് 4525 ലേക്ക് ഉയര്‍ന്ന ശേഷമാണ് ഗ്രാമിന് ഇന്നലെ 25 രൂപ കുറഞ്ഞത്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ ഇടിഞ്ഞത് വീണ്ടും 240 രൂപയിലേക്ക് ഉയര്‍ന്നു.

ഹാക്കിംഗ് മുന്നറിയിപ്പ്; ഗൂഗ്ള്‍ ക്രോം അപ്‌ഡേറ്റ് ചെയ്യാന്‍ നിര്‍ദേശം

ഗൂഗ്ള്‍ ക്രോം ബ്രൗസറില്‍ ഒട്ടേറെ സുരക്ഷാ പ്രശ്‌നങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ക്രോം അപ്‌ഡേറ്റ് ചെയ്യാന്‍ നിര്‍ദേശം. ഹാക്കിംഗ് ഭീഷണികള്‍ ഒഴിവാക്കാനാണ് പുതിയ നിര്‍ദേശം.

നാല് ദിവസത്തെ ഇടിവിന് വിരാമം; സെന്‍സെക്സ് 113 പോയ്ന്റ് ഉയര്‍ന്നു

വിദേശ വിപണികളിലെ ഉത്സാഹം ഇന്ത്യന്‍ വിപണിയിലേക്കും പടര്‍ന്നപ്പോള്‍ ചാഞ്ചാട്ടത്തിനൊടുവില്‍ നേട്ടത്തില്‍ സൂചികകള്‍ ക്ലോസ് ചെയ്തു. 113 പോയ്ന്റ് ഉയര്‍ന്ന് സെന്‍സെക്സ് 57,901 ല്‍ ക്ലോസ് ചെയ്തപ്പോള്‍ നിഫ്റ്റി 27 പോയ്ന്റ് കയറി 17,248ലും ക്ലോസ് ചെയ്തു.

കേരള കമ്പനികളുടെ പ്രകടനം

11 ഓളം കേരള കമ്പനികള്‍ ഇന്ന് നിലമെച്ചപ്പെടുത്തി. കഴിഞ്ഞ ദിവസം മികച്ച പ്രകടനം കാഴ്ചവെച്ച എവിറ്റി നാച്വറല്‍ പ്രോഡക്റ്റ്സ് ഓഹരി വില നാല് ശതമാനത്തോളം താഴ്ന്നു. കേരളം ആസ്ഥാനമായുള്ള ലിസ്റ്റഡ് എന്‍ ബി എഫ് സികളുടെയെല്ലാം ഓഹരി വിലയും ഇന്ന് നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. അതേസമയം സ്‌കൂബിഡേ ഓഹരി വില ഏഴ് ശതമാനത്തിലേറെ ഉയര്‍ന്നു. ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരി വിലകള്‍ താഴ്ന്നപ്പോള്‍ സിഎസ്ബി ബാങ്ക് ഓഹരി വില നേരിയ നേട്ടം രേഖപ്പെടുത്തി.




 


Tags:    

Similar News