ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഡിസംബര്‍ 24, 2021

ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ ഇടിവ്. ഓഫ്‌ലൈന്‍ ബിസിനസിന് ശക്തി പകര്‍ന്ന് പേ ടി എം. എയര്‍ ഫ്രാന്‍സുമായി പുതിയ കരാറിലൊപ്പിട്ട് ഇന്‍ഡിഗോ. മൂന്നു ദിവസത്തെ മുന്നേറ്റത്തിന് വിരാമം,സൂചികകളില്‍ ഇടിവ്. ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍ ചുരുക്കത്തില്‍.

Update:2021-12-24 21:53 IST

ഇന്ത്യയുടെ വിദേശ നാണ്യ കരുതല്‍ ശേഖരത്തില്‍ ഇടിവ്

ഡിസംബര്‍ 17ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ ഫോറെക്സ് കരുതല്‍ ശേഖരം 160 മില്യണ്‍ ഡോളര്‍ കുറഞ്ഞ് 635.667 ബില്യണ്‍ ഡോളറിലെത്തി.

ഓഫ്‌ലൈന്‍ ബിസിനസിന് ശക്തി പകര്‍ന്ന് പേ ടി എം

വ്യാപാരികള്‍ക്കുള്ള ക്രെഡിറ്റിന്റെ ബിസിനസ് ഇരട്ടിയാക്കുകയാണെന്നും ഓഫ്ലൈന്‍ പേയ്മെന്റ് ബിസിനസിന്റെ നേതൃത്വം വായ്പ നല്‍കിക്കൊണ്ട് ഏകീകരിക്കുകയാണെന്നും പേടിഎം വെള്ളിയാഴ്ച അറിയിച്ചു. 'വ്യാപാരികള്‍ക്ക് ക്രെഡിറ്റ് നല്‍കുന്നതിന്റെ മികച്ച വിജയത്തിന്റെ പിന്‍ബലത്തില്‍, കമ്പനി അതിന്റെ ഓഫ്ലൈന്‍ പേയ്മെന്റ് ബിസിനസിന്റെ നേതൃത്വം വായ്പ നല്‍കിക്കൊണ്ട് ഏകീകരിച്ചു, 23 ദശലക്ഷം വ്യാപാരികള്‍ക്ക് വായ്പനല്‍കുമെന്നും പേടിഎം നേതൃത്വം അറിയിച്ചു.

ടിക്കറ്റ് വില്‍പ്പന; എയര്‍ ഫ്രാന്‍സുമായി കരാറിലൊപ്പിട്ട് ഇന്‍ഡിഗോ

ഫ്രാന്‍ങ്കോ-ഡച്ച് എയര്‍ലൈന്‍ കമ്പനിയായ എയര്‍ഫ്രാന്‍സ്-കെഎല്‍എമ്മുമായി കോഡ് ഷെയര്‍ കരാറിലൊപ്പിട്ട് ഇന്‍ഡിഗോ. കരാര്‍ പ്രകാരം ഇരു കമ്പനികള്‍ക്കും ഉപഭോക്താക്കള്‍ക്ക് പരസ്പരം വിമാനടിക്കറ്റുകള്‍ ലഭ്യമാക്കാന്‍ സാധിക്കും. ഇന്‍ഡിഗോ കോഡ് ഷെയര്‍ കരാറിലൊപ്പിടുന്ന നാലാമത്തെ കമ്പനിയാണ് എയര്‍ഫ്രാന്‍സ്-കെഎല്‍എം

കോള്‍ ഡാറ്റയും ഇന്റര്‍നെറ്റ് ഉപയോഗ രേഖകളും രണ്ട് വര്‍ഷത്തേക്ക് സൂക്ഷിക്കാം

വരിക്കാരുടെ കോള്‍ ഡാറ്റയും ഇന്റര്‍നെറ്റ് ഉപയോഗ രേഖകളും ആര്‍ക്കൈവ് ചെയ്യുന്നതിനുള്ള കാലാവധി ഒരു വര്‍ഷത്തില്‍ നിന്ന് രണ്ട് വര്‍ഷമായി നീട്ടിയതായി ടെലികോം വകുപ്പ് (DoT) . സുരക്ഷാ കരണങ്ങൾക്കായാണ് ഇത്.

സുഗന്ധവ്യാപാരിയുടെ വീട്ടില്‍ റെയ്ഡ്, 150 കോടി പിടിച്ചെടുത്തു

കാണ്‍പൂരിലെ സുഗന്ധ വ്യാപാരിയായ പിയുഷ് ജെയ്ന്‍ എന്ന വ്യക്തിയുടെ സ്ഥാപനങ്ങളിലും വീട്ടിലും റെയ്ഡ്. ഇതുവരെ 150 കോടിയോളം കണക്കാക്കിയെന്നും കൂടുതല്‍ വെളിപ്പെട്ടേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. നോട്ടെണ്ണല്‍ യന്ത്രങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

നോര്‍ക്ക പ്രവാസി സംരംഭകത്വ പദ്ധതി; 30 ലക്ഷം വരെ സബ്‌സിഡിയോടെ വായ്പ

നോര്‍ക്ക പ്രവാസി സംരംഭകത്വ സഹായ പദ്ധതിയിലൂടെ 30 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. 15% മൂലധന സബ്‌സിഡിയും (പരമാവധി 3 ലക്ഷം രൂപ) 3% പലിശ സബ്‌സിഡിയും നല്‍കുന്ന പദ്ധതി വഴി ഇതുവരെ 520 പ്രവാസികള്‍ നാട്ടില്‍ സംരംഭങ്ങള്‍ തുടങ്ങി. ഇതിനായി 10 കോടി രൂപ സബ്‌സിഡി ഇനത്തില്‍ അനുവദിച്ചു. 2 വര്‍ഷത്തിലധികമായി വിദേശത്ത് ജോലി ചെയ്ത മടങ്ങിയെത്തി സ്ഥിരതാമസമാക്കിയവര്‍ക്ക് അപേക്ഷിക്കാം.

മൂന്നു ദിവസത്തെ മുന്നേറ്റത്തിന് വിരാമം; സൂചികകളില്‍ ഇടിവ്

ഇന്ത്യന്‍ ഓഹരി സൂചികകളില്‍ വീണ്ടും ഇടിവ്. മൂന്നു ദിവസത്തെ തുടര്‍ച്ചയായ നേട്ടത്തിനൊടുവില്‍ ഇന്ന് ഇടിവോടെ ക്ലോസ് ചെയ്തു. സെന്‍സെക്സ് 190.97 പോയ്ന്റ് ഇടിഞ്ഞ് 57,124.31 പോയ്ന്റിലും നിഫ്റ്റി 68.85 പോയ്ന്റ് ഇടിഞ്ഞ് 170003.75 പോയ്ന്റിലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ദിവസത്തെ ആദ്യപകുതി വരെ നേട്ടത്തിലായിരുന്ന വിപണി സെഷന്‍ അവസാനിക്കാറായതോടെയാണ് താഴേക്ക് പതിച്ചത്. ആഗോള വിപണി ദുര്‍ബലമായതും വിദേശ നിക്ഷേപകര്‍ പിന്‍വാങ്ങിയതുമെല്ലാം വിപണിയെ ബാധിച്ചു.

കേരള കമ്പനികളുടെ പ്രകടനം

കേരള കമ്പനികളില്‍ 13 എണ്ണത്തിനാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. പാറ്റ്സ്പിന്‍ ഇന്ത്യ (5 ശതമാനം), നിറ്റ ജലാറ്റിന്‍ (4.46 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്സ് (3.61 ശതമാനം), മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് (1.81 ശതമാനം), കിംഗ്സ് ഇന്‍ഫ്രാ വെഞ്ചേഴ്സ് (1.59 ശതമാനം), കിറ്റെക്സ് (1.49 ശതമാനം) തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ കേരള ഓഹരികള്‍. ആസ്റ്റര്‍ ഡി എം, കേരള ആയുര്‍വേദ,സിഎസ്ബി ബാങ്ക്, എവിറ്റി, ഹാരിസണ്‍സ് മലയാളം, എഫ്എസിടി തുടങ്ങി 14 കേരള ഓഹരികളുടെ വില ഇന്ന് ഇടിഞ്ഞു. ധനലക്ഷ്മി ബാങ്ക്, വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് എന്നിവയുടെ ഓഹരി വിലയില്‍ മാറ്റമുണ്ടായില്ല.

Tags:    

Similar News