ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഫെബ്രുവരി 03, 2022

അലക്‌സ് ക്രൂസ് എയര്‍ ഇന്ത്യ തലപ്പത്തേക്കെന്ന് സൂചന. ഇരട്ടി അറ്റാദായം നേടി ഗെയില്‍ ഇന്ത്യ ലിമിറ്റഡ്. ഒരു ലക്ഷം യൂണിറ്റ് കയറ്റുമതി റെക്കോര്‍ഡ് മറികടന്നതായി കിയ. സിസിഐ നടപടിക്കെതിരെ എംആര്‍എഫ്. മൂന്നാംപാദ വിറ്റുവരവില്‍ 17% ശതമാനം വളര്‍ച്ച രേഖപ്പെടുത്തി കല്യാണ്‍ ജൂവലേഴ്‌സ്. സൂചികകളില്‍ ഇടിവ്. ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍ ചുരുക്കത്തില്‍.

Update:2022-02-03 20:15 IST
വ്യോമയാന വിദഗ്ധന്‍ അലക്‌സ് ക്രൂസ് എയര്‍ ഇന്ത്യ തലപ്പത്തേക്കെന്ന് സൂചന
എയര്‍ഇന്ത്യ ബജറ്റ് എയര്‍ലൈനുകളുടെ തലപ്പത്ത് വ്യോമയാന വിദഗ്ധനായ അലക്സ് ക്രൂസിനെ എയര്‍ ഇന്ത്യ സിഇഒ ആയി നിയമിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. 55 കാരനായ ക്രൂസ് 2020 വരെ ഏകദേശം അഞ്ച് വര്‍ഷത്തോളം ബ്രിട്ടീഷ് എയര്‍വേസിന്റെ ചെയര്‍മാനും സിഇഒയുമായിരുന്നു, അതിനുമുമ്പ് അദ്ദേഹം സ്പാനിഷ് ലോ കോസ്റ്റ് വ്യൂലിംഗിന്റെ തലവനായിരുന്നു.
ഒരു ലക്ഷം യൂണിറ്റ് എക്‌സ്‌പോര്‍ട്ട് മറികടന്നതായി കിയ
2019 സെപ്റ്റംബറില്‍ വിദേശ കയറ്റുമതി ആരംഭിച്ചതിന് ശേഷം ഒരു ലക്ഷം സഞ്ചിത കയറ്റുമതി-നാഴികക്കല്ല് കടന്നതായി കിയ ഇന്ത്യ വ്യാഴാഴ്ച അറിയിച്ചു. ഇന്ത്യയെ ഒരു കയറ്റുമതി കേന്ദ്രമായി വികസിപ്പിക്കാനുള്ള പ്രതിജ്ഞാബദ്ധതയിലൂന്നി രണ്ടര വര്‍ഷത്തിനുള്ളില്‍ ഈ നേട്ടം കൈവരിച്ചതായി കിയ ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു.
സിസിഐ നടപടിക്കെതിരെ എംആര്‍എഫ്
കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ പിഴ നിശ്ചയിച്ചത് ശരിയായ നടപടിയല്ലെന്നും വീഴ്ചകള്‍ ശരിയാണോ എന്ന് പുനപരിശോധിക്കാന്‍ ആവശ്യപ്പെടുമെന്നും എംആര്‍എഫ് അറിയിച്ചു. 'എംആര്‍എഫ് അതിന്റെ ബിസിനസ് പ്രാക്ടീസില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നുവെന്നും സിസിഐ തീരുമാനത്തിനെതിരെ നിയമ പോരാട്ടം നടത്തുമെന്നും എല്ലാ പങ്കാളികള്‍ക്കും ഉറപ്പുനല്‍കാന്‍ ആഗ്രഹിക്കുന്നതായി കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.
കല്യാണ്‍ ജൂവലേഴ്‌സ്;മൂന്നാംപാദ വിറ്റുവരവില്‍ 17% ശതമാനം വളര്‍ച്ച
കല്യാണ്‍ ജൂവലേഴ്‌സ് ലിമിറ്റഡ് 2021-22 സാമ്പത്തികവര്‍ഷത്തിലെ മൂന്നാംപാദ വിറ്റുവരവില്‍ 17% ശതമാനം വളര്‍ച്ച നേടി. 3435 കോടി രൂപ ആയിട്ടാണ് വിറ്റുവരവ് ഉയര്‍ന്നത്. ഈ കാലയളവിലെ ലാഭം 135 കോടി രൂപ. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇതേ കാലയളവില്‍ 2936 കോടി രൂപയായിരുന്നു ആകെ വിറ്റുവരവ്. മൂന്നാം പാദത്തില്‍ ഏണിംഗ്‌സ് ബിഫോര്‍ ഇന്ററസ്റ്റ്, ടാക്‌സ്, ഡിപ്രീസിയേഷന്‍ ആന്‍ഡ് അമോര്‍ട്ടൈസേഷന്‍ (EBITDA) 299 കോടി രൂപയായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ കമ്പനി 288 കോടി രൂപ ആണ് രേഖപ്പെടുത്തിയത്. മൂന്നാം പാദത്തില്‍ അറ്റലാഭം (കണ്‍സോളിഡേറ്റഡ് പാറ്റ്) 135 കോടി രൂപ ആയപ്പോള്‍ മുന്‍വര്‍ഷം ഇതേ പാദത്തില്‍115 കോടി രൂപ ആയിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളില്‍ 8.72 ലക്ഷത്തിലധികം തസ്തിക ഒഴിവ്
2020 മാര്‍ച്ച് 1 വരെയുള്ള കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം വിവിധ വകുപ്പുകളില്‍ 8.72 ലക്ഷത്തിലധികം തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നതായി മാനവശേഷി സഹമന്ത്രി ജിതേന്ദ്ര സിംഗ് രേഖാമൂലം നല്‍കിയ മറുപടിയില്‍ പറയുന്നു. 2019 മാര്‍ച്ച് 1 വരെ 9,10,153 ഒഴിവുകളും 2018 മാര്‍ച്ച് 1 വരെ 6,83,823 ഒഴിവുകളുമാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് വ്യാഴാഴ്ച രാജ്യസഭയ്ക്ക് സമര്‍പ്പിച്ച അറിയിപ്പ് വ്യക്തമാക്കുന്നു.
പ്രത്യക്ഷ നികുതി പിരിവ് റെക്കോര്‍ഡ് കടക്കുമെന്ന് സിബിഡിറ്റി ചെയര്‍മാന്‍
പ്രത്യക്ഷ നികുതി പിരിവ് ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ മാര്‍ച്ചില്‍ 12.50 ലക്ഷം കോടി രൂപ എന്ന പുതുക്കിയ ലക്ഷ്യം മറികടക്കുമെന്നും എക്കാലത്തെയും ഉയര്‍ന്ന റെക്കോര്‍ഡ് സൃഷ്ടിക്കുമെന്നും സിബിഡിറ്റി ചെയര്‍മാന്‍ ജെ ബി മൊഹപാത്ര പറഞ്ഞു.
ഏകീകൃത അറ്റാദായത്തില്‍ രണ്ട് മടങ്ങ് വര്‍ധനവ് നേടി ഗെയില്‍ ഇന്ത്യ
ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ ഏകീകൃത അറ്റാദായത്തില്‍ രണ്ട് മടങ്ങ് വര്‍ധനവ് രേഖപ്പെടുത്തി ഗെയില്‍ (ഇന്ത്യ) ലിമിറ്റഡ്. 3,780.78 കോടി രൂപയായാണ് അറ്റാദായം ഉയര്‍ന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (FY21) ഇതേ കാലയളവില്‍ കമ്പനി 1,883.61 കോടി രൂപയുടെ ഏകീകൃത അറ്റാദായം ആയിരുന്നു രേഖപ്പെടുത്തിയിരുന്നത്.
മൂന്നു ദിവസത്തെ കുതിപ്പ് അവസാനിച്ചു; സൂചികകളില്‍ ഇടിവ്
മൂന്നു ദിവസത്തെ കുതിപ്പിന് വിരാമമിട്ട് ഇന്ന് ഓഹരി സൂചികകള്‍ ഇടിഞ്ഞു. സെന്‍സെക്സ് 770.31 പോയ്ന്റ് ഇടിഞ്ഞ് 58788.02 പോയ്ന്റിലും നിഫ്റ്റി 219.80 പോയ്ന്റ് ഇടിഞ്ഞ് 17560.20 പോയ്ന്റിലും ക്ലോസ് ചെയ്തു. കാപിറ്റല്‍ ഗുഡ്സ്, റിയല്‍റ്റി, ഐറ്റി, ഓയ്ല്‍ & ഗ്യാസ് ഓഹരികളാണ് ഇന്ന് സൂചികകളെ പിന്നോക്കം വലിച്ചത്.
1663 ഓഹരികളുടെ വില കൂടിയപ്പോള്‍ 1602 ഓഹരികളുടെ വിലയിടിഞ്ഞു. 81 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
ഹീറോ മോട്ടോകോര്‍പ്, ബജാജ് ഓട്ടോ, ഡിവിസ് ലാബ്സ്, മാരുതി സുസുകി, ഐറ്റിസി തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയപ്പോള്‍ എച്ച്ഡിഎഫ്സി, എന്‍ടിപിസി, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, ഗ്രാസിം ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസിസ് തുടങ്ങിയവ നേട്ടമുണ്ടാക്കി.
കേരള കമ്പനികളുടെ പ്രകടനം
ഒന്‍പത് കേരള കമ്പനികളുടെ ഓഹരി വില ഇന്ന് വര്‍ധിച്ചു. പാറ്റ്സ്പിന്‍ (4.97 ശതമാനം), എവിറ്റി (2.32 ശതമാനം), റബ്ഫില ഇന്റര്‍നാഷണല്‍ (1.29 ശതമാനം), എഫ്എസിടി (1.21 ശതമാനം), കിറ്റെക്സ് (0.85 ശതമാനം), മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് (0.78 ശതമാനം) തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്.


Tags:    

Similar News

വിട, എം.ടി ...