ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഫെബ്രുവരി 09, 2022

അറ്റാദായത്തില്‍ 71% വര്‍ധന നേടി ടാറ്റ പവര്‍ ലിമിറ്റഡ്. 3.36 കോടി രൂപയുടെ ഹൈവേ പദ്ധതികള്‍ക്ക് അനുമതി. മലേഷ്യന്‍ കമ്പനിയെ ഏറ്റെടുത്ത് റേസര്‍പേ. പ്രവര്‍ത്തന ലാഭത്തില്‍ ഹോണ്ടയ്ക്ക് ഇടിവ്. ഐനോക്‌സ് ഗ്രീന്‍ എനര്‍ജി ഐപിഒയ്ക്ക്. ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍ ചുരുക്കത്തില്‍.

Update: 2022-02-09 12:59 GMT
അറ്റാദായത്തില്‍ 71% വര്‍ധന നേടി ടാറ്റ പവര്‍ ലിമിറ്റഡ്
ഡിസംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ 426 കോടി രൂപയുടെ ഏകീകൃത അറ്റാദായം റിപ്പോര്‍ട്ട് ചെയ്ത് ടാറ്റ പവര്‍ ലിമിറ്റഡ്. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്ത 248 കോടിയേക്കാള്‍ 71% വര്‍ധന. എല്ലാ വെര്‍ട്ടിക്കലുകളിലെയും ശക്തമായ ബിസിനസ് പ്രകടനത്തിന്റെ ഫലമാണിതെന്ന് കമ്പനി പ്രസ്താവനയില്‍ പറയുന്നു.
3.36 കോടി രൂപയുടെ ഹൈവേ പദ്ധതികള്‍ക്ക് അനുമതി
2020-21 വരെയുള്ള മൂന്ന് വര്‍ഷങ്ങളില്‍ ഏകദേശം 3,36,661 കോടി രൂപയുടെ ഹൈവേ പദ്ധതികള്‍ക്ക് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം അനുമതി നല്‍കിയതായി കേന്ദ്രം. രാജ്യസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ ആണ് മന്ത്രി നിതിന്‍ ഗഡ്കരി ബുധനാഴ്ച ഇക്കാര്യം വ്യക്തമാക്കിയത്.
ആര്‍ബിഐ യോഗത്തെ ഫെബ്രുവരി 14ന് നിര്‍മല സീതാരാമന്‍ അഭിസംബോധന ചെയ്യും
ഫെബ്രുവരി 14, തിങ്കളാഴ്ച നടക്കുന്ന ആര്‍ബിഐ സെന്‍ട്രല്‍ ബോര്‍ഡ് യോഗത്തെ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അഭിസംബോധന ചെയ്യും. കൂടാതെ 2022-23 ലെ കേന്ദ്ര ബജറ്റിന്റെ സാമ്പത്തിക ഏകീകരണ റോഡ്മാപ്പും ഉയര്‍ന്ന കാപെക്സ് പ്ലാനും ഉള്‍പ്പെടെയുള്ള പ്രധാന പോയിന്റുകള്‍ ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
റേസര്‍പേ രാജ്യാന്തരതലത്തിലേക്ക്; മലേഷ്യന്‍ കമ്പനിയെ ഏറ്റെടുത്തു
രാജ്യത്തെ പ്രമുഖ ഫിന്‍ടെക് കമ്പനിയായ റേസര്‍പേ രാജ്യാന്തരതലത്തിലേക്ക്. മലേഷ്യന്‍ ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പ് കര്‍ലെകി (Curlec)ന്റെ ഭൂരിഭാഗം ഓഹരികളും ലേസര്‍പേ സ്വന്തമാക്കി. എന്നാല്‍ തുക എത്രയെന്ന് പുറത്തുവിട്ടിട്ടില്ല. മലേഷ്യയില്‍ ഇ കൊമേഴ്സ് മേഖലയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന മുന്നേറ്റം പ്രയോജനപ്പെടുത്താനാകും എന്ന പ്രതീക്ഷയിലാണ് രാജ്യാന്തര തലത്തിലേക്കുള്ള റേസര്‍പേയുടെ ആദ്യ ചുവടുവെപ്പ്. 2021 ല്‍ 21 ശതകോടി ഡോളറിന്റെ ഇ കൊമേഴ്സ് വിപണിയായ മലേഷ്യ 2025 ആകുമ്പോഴേക്കും 35 ശതകോടി ഡോളറിന്റെ വിപണിയാകുമെന്നാണ് കണക്കുകൂട്ടുന്നത്.
പ്രവര്‍ത്തന ലാഭത്തില്‍ ഇടിവ് രേഖപ്പെടുത്തി ഹോണ്ട
ഈ വര്‍ഷത്തെ പ്രവര്‍ത്തന ലാഭത്തില്‍ 17 ശതമാനം ഇടിവ് രേഖപ്പെടുത്തി ഹോണ്ട. 800 ബില്യണ്‍ യെന്‍ (6.93 ബില്യണ്‍ ഡോളര്‍) ആണ് ഹോണ്ട മോട്ടോര്‍ കമ്പനി രേഖപ്പെടുത്തിയത്. ചിപ്പ് ക്ഷാമം കാരണം മറ്റ് വാഹന നിര്‍മ്മാതാക്കളെപ്പോലെ ഹോണ്ടയെയും ബാധിച്ചെങ്കിലും ഈ വര്‍ഷം ആകെ 4.2 ദശലക്ഷം വാഹനങ്ങള്‍ വിറ്റ് ബിസിനസ് നിലനിര്‍ത്തി.
ഐനോക്‌സ് ഗ്രീന്‍ എനര്‍ജി ഐപിഒയ്ക്ക്
ഐനോക്‌സ് ജിഎഫ്എല്‍ ഗ്രൂപ്പിന്റെ ഭാഗവും എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്തിട്ടുള്ള ഐനോക്‌സ് വിന്‍ഡ് ലിമിറ്റഡിന്റെ ഉപകമ്പനിയുമായ ഐനോക്‌സ് ഗ്രീന്‍ എനര്‍ജി സര്‍വീസസ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് അപേക്ഷ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. ഐപിഒയിലൂടെ 740 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 370 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും 370 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെടുന്നതായിരിക്കും ഐപിഒ.
നിക്ഷേപകര്‍ ചുവടുമാറ്റി, സൂചികകള്‍ ഉയര്‍ന്നു
ക്രൂഡ് വിലയും ബോണ്ട് യീല്‍ഡും പകര്‍ന്ന ആശ്വാസത്തിന്റെ പിന്‍ബലത്തില്‍ നിക്ഷേപകര്‍ ഓഹരി വിപണിയില്‍ താല്‍പ്പര്യത്തോടെയെത്തിയത് വിദേശത്തെയും ഇന്ത്യയിലെയും സൂചികകളെ മുന്നോട്ട് നയിച്ചു. ഇന്ന് വ്യാപാരത്തുടക്കം മുതല്‍ ഉയര്‍ച്ച രേഖപ്പെടുത്തിയ മുഖ്യസൂചികകള്‍ ക്ലോസിംഗിലും നേട്ടം നിലനിര്‍ത്തി. സെന്‍സെക്സും നിഫ്റ്റിയും ഇന്ന് 1.1 ശതമാനം നേട്ടമാണ് കൈവരിച്ചത്.
സെന്‍സെക്സ് 657 പോയ്ന്റ് ഉയര്‍ന്ന് 58,465 ലും നിഫ്റ്റി 197 പോയ്ന്റ് നേട്ടത്തില്‍ 17,467ലും ക്ലോസ് ചെയ്തു. വിപണിയില്‍ ഹ്രസ്വകാല ബുള്ളിഷ് പ്രവണത തിരിച്ചെത്തിയെന്നാണ് ഡെയ്ലി ചാര്‍ട്ട് നിരീക്ഷകര്‍ വിലയിരുത്തുന്നത്.
ഇന്നലെ ഓഹരി വിപണിയിലെത്തിയ അദാനി വില്‍മര്‍ ഇന്നും മുന്നേറ്റം തുടര്‍ന്നു. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ 20 ശതമാനം വരെ ഓഹരി വില ഉയര്‍ന്നു. ലിസ്റ്റിംഗ് വിലയേക്കാള്‍ 44 ശതമാനം ഉയര്‍ന്നായിരുന്നു ക്ലോസിംഗ്.
കേരള കമ്പനികളുടെ പ്രകടനം
16 ഓളം കേരള കമ്പനികളുടെ ഓഹരി വിലകള്‍ ഇന്ന് നേട്ടത്തിലായി. കിംഗ്സ് ഇന്‍ഫ്രയുടെ ഓഹരി വില ഇന്ന് 4.96 ശതമാനത്തോളമാണ് ഉയര്‍ന്നത്. ആസ്റ്റര്‍ ഡിഎം 3.72 ശതമാനം നേട്ടമുണ്ടാക്കി. ഫെഡറല്‍ ബാങ്ക് ഓഹരി വില 3.29 ശതമാനം ഉയര്‍ന്നു. റബ്ഫില ഓഹരി വിലയും മൂന്നുശതമാനത്തിലേറെ നേട്ടമുണ്ടാക്കി. വണ്ടര്‍ല ഓഹരി വില 2.95 ശതമാനം കൂടി.


Tags:    

Similar News