ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഫെബ്രുവരി 10, 2022

നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക്. ക്രിപ്റ്റോകറന്‍സികള്‍ക്കെതിരെ ആര്‍.ബി.ഐ ഗവര്‍ണര്‍. ഇന്ത്യന്‍ ഓഹരികളിലെ എല്‍ഐസിയുടെ വിഹിതം 9.5 ലക്ഷം കോടി രൂപ. കാറുകളുടെ സീറ്റ് ബെല്‍റ്റ് സംബന്ധിച്ച് പുതിയ നയപ്രഖ്യാപനവുമായി കേന്ദ്രം. ഓഹരി സൂചികകളില്‍ ഇന്നും മുന്നേറ്റം. ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍ ചുരുക്കത്തില്‍

Update: 2022-02-10 12:45 GMT
ക്രിപ്റ്റോകറന്‍സികള്‍ക്കെതിരെ ആര്‍.ബി.ഐ ഗവര്‍ണര്‍
ക്രിപ്റ്റോകറന്‍സികളുടെ ഇടപാടിനെതിരെ ശക്തമായ പ്രതികരണവുമായി ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. ക്രിപ്റ്റോകറന്‍സികള്‍ക്ക് 'ടുലിപ്പി'ന്റെ മൂല്യം പോലുമില്ലെന്നും സാമ്പത്തിക സുസ്ഥിരതയ്ക്ക് ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.
ആര്‍ബിഐ പണനയ അവലോകന യോഗത്തിനു ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ ഓഹരികളിലെ എല്‍ഐസിയുടെ വിഹിതം 9.5 ലക്ഷം കോടി രൂപ
ഡിസംബര്‍ പാദത്തിന്റെ അവസാനത്തില്‍ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) ഇന്ത്യന്‍ ഓഹരികളില്‍ 3.67 ശതമാനം നിക്ഷേപം നടത്തിയിരിക്കുന്നു. ഇത് എക്കാലത്തെയും ഏറ്റവും താഴ്ന്ന നിലയിലാണ്. അതേസമയംമൂന്നാം പാദത്തിന്റെ അവസാനത്തില്‍ അതിന്റെ മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ അതിന്റെ ഹോള്‍ഡിംഗ് എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 9.53 ലക്ഷം കോടി രൂപയിലെത്തി.
മധ്യഭാഗത്തെ സീറ്റ് ബെല്‍റ്റുകളും നിര്‍ബന്ധമാണെന്ന് കാര്‍ നിര്‍മാതാക്കളോട് കേന്ദ്രം
വാഹന നിര്‍മ്മാതാക്കള്‍ കാറില്‍ മുന്‍വശത്തുള്ള എല്ലാ യാത്രക്കാര്‍ക്കും മൂന്ന് പോയിന്റ് സീറ്റ് ബെല്‍റ്റ് നല്‍കണമെന്ന് സര്‍ക്കാര്‍ നിര്‍ബന്ധമാക്കി. ഒപ്പം കാറിന്റെ പിന്‍നിരയിലെ മധ്യഭാഗത്തെ സീറ്റിനും ഈ മാനദണ്ഡം കര്‍ശനമാക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക്
2022 ഫെബ്രുവരി 10-ന് നടന്ന പണനയ യോഗത്തില്‍ റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) തീരുമാനിച്ചു. വായ്പയെടുക്കുന്നവര്‍ക്ക് അല്‍പ്പം ആശ്വാസമാകുമെങ്കിലും റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് മാറ്റാത്തത് നിക്ഷേപകര്‍ക്ക് നിരാശ നല്‍കി.
സ്ഥിരനിക്ഷേപങ്ങളുടെ ഏറ്റവും കുറഞ്ഞ പലിശനിരക്കില്‍ നില്‍ക്കുന്ന ബാങ്കുകള്‍ പോലും ഇതോടെ നിരക്ക് ഉയര്‍ത്താതെ തുടരും.
നിലവില്‍ റിപ്പോ നിരക്ക്, റിവേഴ്സ് റിപ്പോ നിരക്കും യഥാക്രമം 4%, 3.35% എന്നിങ്ങനെ തുടരും.
റിപ്പോ നിരക്കില്‍ അവസാനമായി മാറ്റം വന്നത് ഒന്നര വര്‍ഷത്തിനു മുന്‍പാണ്. അതായത് കൃത്യമായി പറഞ്ഞാല്‍ 20 മാസത്തിലേറെയായി ഒരേ നിരക്കുകളാണ് തുടരുന്നത്. റിപ്പോ നിരക്കിലെ അവസാന മാറ്റം 2020 മെയ് 22 നായിരുന്നു. അന്ന് 4% ആയാണ് കുറച്ചത്. 2001 ഏപ്രിലിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ് ഇത്.
പവര്‍, മെറ്റല്‍, ബാങ്ക്, ഐറ്റി ഓഹരികള്‍ തുണച്ചു; സൂചികകളില്‍ ഇന്നും മുന്നേറ്റം
തുടര്‍ച്ചയായ മൂന്നാം ദിവസവും മുന്നേറ്റം തുടര്‍ന്ന് ഓഹരി വിപണി. പത്താമത്തെ തവണയും റിപ്പോ നിരക്കില്‍ മാറ്റം വരുത്താത്ത റിസര്‍വ് ബാങ്ക് അവലോകന യോഗ തീരുമാനവും ആഗോള വിപണിയില്‍ നിന്നുള്ള ശുഭസൂചനകളും ഇന്ത്യന്‍ ഓഹരി സൂചികകളില്‍ മുന്നേറ്റത്തിന് കാരണമായി.
സെന്‍സെക്സ് 460.06 പോയ്ന്റ് ഉയര്‍ന്ന് 58926.03 പോയ്ന്റിലും നിഫ്റ്റി 142.05 പോയ്ന്റ് ഉയര്‍ന്ന് 17605.85 പോയ്ന്റിലും ക്ലോസ് ചെയ്തു.
1565 ഓഹരികളുടെ വില ഇന്ന് ഉയര്‍ന്നപ്പോള്‍ 1776 ഓഹരികളുടേത് താഴ്ന്നു. 107 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
ഏഷ്യന്‍ പെയ്ന്റ്സ്, ആക്സിസ് ബാങ്ക്, ബജാജ് ഫിന്‍സെര്‍വ്, ഭാരതി എയര്‍ടെല്‍, ഡോ റെഡ്ഡീസ് ലാബ്സ്, എച്ച്സിഎല്‍ ടെക്നോളജീസ്, എച്ച് ഡി എഫ് സി ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളില്‍ പെടുന്നു. മാരുതി സുസുകി, നെസ്ലെ, റിലയന്‍സ്, അള്‍ട്രാടെക് സിമന്റ് തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായില്ല.
കാപിറ്റല്‍ ഗുഡ്സ് ഒഴികെയുള്ള സെക്ടറല്‍ സൂചികകളെല്ലാം ഇന്ന് നേട്ടം രേഖപ്പെടുത്തി. ബിഎസഇ സ്മോള്‍കാപ്, മിഡ്കാപ് സൂചികകളും നേട്ടമുണ്ടാക്കി. പ്രൈവറ്റ് ബാങ്ക്, ഐറ്റി, മെറ്റല്‍, പവര്‍ സൂചികകള്‍ ഒരു ശതമാനത്തിലേറെ ഉയര്‍ന്നു.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ ഭൂരിഭാഗവും ഇന്ന് നേട്ടമുണ്ടാക്കി. ഈസ്റ്റേണ്‍ ട്രെഡ്സ് (3.75 ശതമാനം), ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (2.95 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍ (2.28 ശതമാനം), ഫെഡറല്‍ ബാങ്ക് (2.20 ശതമാനം), സിഎസ്ബി ബാങ്ക് (1.78 ശതമാനം) തുടങ്ങി 16 കേരള ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ വെര്‍ട്ടെക്സ് സെക്യൂരിറ്റീസ്, പാറ്റ്സ്പിന്‍ ഇന്ത്യ, വണ്ടര്‍ലാ ഹോളിഡേയ്സ്, നിറ്റ ജലാറ്റിന്‍, സ്‌കൂബീ ഡേ ഗാര്‍മന്റ്സ്, ഹാരിസണ്‍സ് മലയാളം, ആസ്റ്റര്‍ ഡി എം തുടങ്ങി 13 ഓഹരികളുടെ വിലയിടിഞ്ഞു.


Tags:    

Similar News