ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ജനുവരി 06, 2022

ഇന്ത്യ പ്രതീക്ഷിക്കുന്നത് 6.5 ശതമാനം ധനക്കമ്മിയെന്ന് റിപ്പോര്‍ട്ട്. അവശ്യ സാധനങ്ങള്‍ക്ക് ഓണ്‍ലൈനില്‍ വന്‍ ഡിമാന്‍ഡ്, 15 ശതമാനം വരെ വില്‍പ്പന വര്‍ധനവ്. 'ഡുണ്‍സോ'യില്‍ 1488 കോടി നിക്ഷേപിച്ച് റിലയന്‍സ്. എന്‍എഫ്ടി ഇടപാടുകള്‍ 41 ബില്യണ്‍ ഡോളര്‍ കടന്നു. നാലു ദിവസത്തെ മുന്നേറ്റത്തിനൊടുവില്‍ സൂചികകളില്‍ ഇടിവ്. ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍ ചുരുക്കത്തില്‍.

Update:2022-01-06 22:16 IST

ഇന്ത്യ പ്രതീക്ഷിക്കുന്നത് 6.5 ശതമാനം ധനക്കമ്മിയെന്ന് റിപ്പോര്‍ട്ട്

അടുത്ത സാമ്പത്തിക വര്‍ഷത്തെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 6.3% മുതല്‍ 6.5% വരെ ധനക്കമ്മിയാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് റിപ്പോര്‍ട്ടുകള്‍. സാമ്പത്തിക വീണ്ടെടുക്കലിനെ കോവിഡും ഒമിക്രോണ്‍ പോലുള്ള പ്രശ്‌നങ്ങളും ഭീഷണിയാകുന്നതിനാലാണിത്.

എന്‍എഫ്ടി ഇടപാടുകള്‍ 41 ബില്യണ്‍ ഡോളര്‍ കടന്നതായി റിപ്പോര്‍ട്ട്

41 ബില്യണ്‍ ഡോളര്‍ ക്രിപ്‌റ്റോകറന്‍സിയാണ് എന്‍എഫ്ടി ഇടപാടുകള്‍ വഴി ഡിസംബര്‍ പകുതി വരെ നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍. ലോകത്തിലെ ആകെ ക്രിപ്‌റ്റോകളും എന്‍എഫ്ടിയും ബന്ധപ്പെടുത്തിയുള്ള അവലോകനം ചൈനാലിസിസ് ആണ് കണക്കുകള്‍ പുറത്തുവിട്ടത്.

അവശ്യ സാധനങ്ങള്‍ക്ക് ഓണ്‍ലൈനില്‍ വന്‍ ഡിമാന്‍ഡ്

കോവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ കഴിഞ്ഞ ഏഴ് ദിവസമായി ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളില്‍ പാക്കേജ് ചെയ്ത ഭക്ഷണങ്ങള്‍, സോപ്പുകള്‍, ശുചിത്വ ഉല്‍പ്പന്നങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ദൈനംദിന അവശ്യവസ്തുക്കളുടെ വില്‍പ്പന കുതിച്ചുയര്‍ന്നു. ഓണ്‍ലൈന്‍ വില്‍പ്പനയില്‍ 10-15% വര്‍ധനവുണ്ടായതായാണ് റിപ്പോര്‍ട്ട്.

'ഡുണ്‍സോ'യില്‍ 1488 കോടി നിക്ഷേപിച്ച് റിലയന്‍സ്

ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ വിതരണക്കാരായ 'ഡുണ്‍സോ'യില്‍ 1488 കോടി നിക്ഷേപിച്ച് റിലയന്‍സ് റിട്ടെയ്ല്‍. എട്ടു ഇന്ത്യന്‍ നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ 25.8 ശതമാനം ഓഹരിയാണ് റിലയന്‍സ് നേടിയിരിക്കുന്നത്. ബംഗളൂരൂ, ഡല്‍ഹി, ഗുരുഗ്രാം, പൂനെ, ചെന്നൈ, ജയ്പൂര്‍, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ ഡുണ്‍സേയുടെ സാന്നിധ്യമുണ്ട്. കബീര്‍ ബിശ്വാസ് 2016ല്‍ സ്ഥാപിച്ച സംരംഭം 240 മില്യണ്‍ ഡോളറാണ് ഇപ്പോള്‍ ഫണ്ടായി കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ 200 മില്യണാണ് റിലയന്‍സ് നിക്ഷേപം.

ചെറിയ കയറ്റത്തിന് ശേഷം കേരളത്തിലെ സ്വര്‍ണവില ഇടിഞ്ഞു

ഇന്നലെ ചെറിയ കയറ്റം രേഖപ്പെടുത്തിയ കേരളത്തിലെ സ്വര്‍ണ വില ഇന്ന് വീണ്ടും ഇടിഞ്ഞു. ഗ്രാമിന് 4495 രൂപയാണ് ഇന്നത്തെ വില. ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 4515 രൂപയായിരുന്നു വില. കഴിഞ്ഞ ദിവസം 4490 രൂപയില്‍ നിന്ന് 4515 രൂപയായി വര്‍ധിച്ച ശേഷമാണ് ഇടിവുണ്ടായത്.

ഒരു പവന് 36120 രൂപയായിരുന്നു, ഇത് 35960 രൂപയായി കുറഞ്ഞു. 160 രൂപയാണ് ഒരു പവന്‍ സ്വര്‍ണ വിലയില്‍ ഇന്നുണ്ടായത്. ജനുവരി ഒന്നിന് വില കൂടിയതില്‍ പിന്നെ സ്വര്‍ണ വിലയില്‍ രണ്ടാം തീയതി മാറ്റമുണ്ടായിരുന്നില്ല. എന്നാല്‍ പിന്നീടുള്ള രണ്ട് ദിവസങ്ങളില്‍ വില ഇടിഞ്ഞ ശേഷം ഇന്നലെ ഉയര്‍ന്നിരുന്നു.

നാലു ദിവസത്തെ മുന്നേറ്റത്തിനൊടുവില്‍ സൂചികകളില്‍ ഇടിവ്

ആഗോള വിപണി ദുര്‍ബലമായതും ഇന്ത്യന്‍ വിപണിയിലെ ലാഭമെടുപ്പും മൂലം ഓഹരി സൂചികകളില്‍ ഇടിവ്. നാലു ദിവസത്തെ മുന്നേറ്റത്തിനൊടുവിലാണ് ഇന്ന് വിപണി താഴേക്ക് പോയത്. സെന്‍സെക്സ് 621.31 പോയ്ന്റ് ഇടിഞ്ഞ് 59601.84 പോയ്ന്റിലും നിഫ്റ്റി 179.40 പോയ്ന്റ് ഇടിഞ്ഞ് 17745.90 പോയ്ന്റിലുമാണ് ഇന്ന് ക്ലോസ് ചെയ്തതത്.

പാശ്ചാത്യ വിപണിയില്‍ ഇടിവാണ് തുടക്കത്തില്‍ ഇന്ത്യന്‍ ഓഹരി സൂചികകളിലും പ്രതിഫലിച്ചതെങ്കില്‍ പിന്നീട് ഐറ്റി, റിയല്‍റ്റി, ഓയ്ല്‍ & ഗ്യാസ് ഓഹരികള്‍ ലാഭമെടുപ്പിനായി വിറ്റഴിച്ചത് ഇടിവ് ഒരു ശതമാനം കടക്കാന്‍ കാരണമായി.

കേരള കമ്പനികളുടെ പ്രകടനം

കേരള കമ്പനികളില്‍ ഭൂരിഭാഗത്തിനും ഇന്ന് നേട്ടമുണ്ടാക്കാനാകാതെ പോയി. 10 എണ്ണത്തിന് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. കിറ്റെക്സ് (5.68 ശതമാനം), വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് (5 ശതമാനം), റബ്ഫില ഇന്റര്‍നാഷണല്‍ (3.85 ശതമാനം), എവിറ്റി (2.06 ശതമാനം), സ്‌കൂബീ ഡേ ഗാര്മന്റ്സ് (1.80 ശതമാനം) തുടങ്ങിയവ നേട്ടമുണ്ടാക്കിയവയില്‍ പെടുന്നു. ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഫെഡറല്‍ ബാങ്ക് എന്നിവയുടെ വിലയില്‍ മാറ്റമുണ്ടായില്ല.




Tags:    

Similar News