ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ജൂലൈ 06, 2021
പേടിഎം ഐപിഓ വലുപ്പം 16,600 കോടി രൂപയായിരിക്കുമെന്ന് റിപ്പോര്‍ട്ട്. ജിഎസ്ടി വരുമാനം 92,849 കോടി രൂപയായി കുറഞ്ഞു. ആഗോള റീറ്റെയ്ല്‍ കമ്പനികളുടെ പട്ടികയില്‍ ലുലു. ഐടി ചട്ടങ്ങള്‍ക്ക് കീഴിലുള്ള കേസുകള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന് കേന്ദ്രം. വ്യവസായ സ്ഥാപനങ്ങളില്‍ വിവിധ വകുപ്പുകളുടെ ഏകീകൃത പരിശോധന ഈ മാസം മുതല്‍ ആരംഭിക്കും. ഓഹരി സൂചികയില്‍ ഇടിവ്. ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍ ചുരുക്കത്തില്‍.
പേടിഎം ഐപിഒ വലുപ്പം ഏകദേശം 16,600 കോടി രൂപയായിരിക്കുമെന്ന് റിപ്പോര്‍ട്ട്
പേടിഎമ്മിന്റെ ഇനിഷ്യല്‍ പബ്ലിക് ഓഫറിംഗ് (ഐപിഒ) ഏകദേശം 16,600 കോടി രൂപ (ഏകദേശം 2.23 ബില്യണ്‍ ഡോളര്‍) ആയിരിക്കുമെന്ന് റിപ്പാേര്‍ട്ട്. നോയ്ഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പേടിഎം ജൂലൈ 12 ന് ശേഷം സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) യില്‍ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് (ഡിആര്‍എച്ച്പി) ഉടന്‍ ഫയല്‍ ചെയ്യുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കണക്കുകളനുസരിച്ച് പേടിഎം ഐപിഓ കഴിഞ്ഞ പത്തു വര്‍ഷത്തിലെ ഏറ്റവും വലുപ്പമേറിയതായിരിക്കും.
ജിഎസ്ടി വരുമാനം 92,849 കോടി രൂപയായി; 2020 ഓഗസ്റ്റിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവ്
രാജ്യത്ത് കഴിഞ്ഞ ഒമ്പതുമാസത്തെ ഏറ്റവും വലിയ ഇടിവില്‍ ജിഎസ്ടി വരുമാനം. 92,849 കോടി രൂപയാണ് ജിഎസ്ടി ഇനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജൂണില്‍ സമാഹരിച്ചത്. 2020 സെപ്റ്റംബറിന് ശേഷം ഇപ്പോഴാണ് ജിഎസ്ടി വരുമാനത്തിലെ ഇത്രയും വലിയൊരു ഇടിവുണ്ടാകുന്നത്. 2020 സെപ്റ്റംബറില്‍ ജിഎസ്ടി കളക്ഷന്‍ 95,480 കോടി രൂപയായിരുന്നു. 2020 ഓഗസ്റ്റ് മുതല്‍ പത്ത് മാസത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണ് 2021 ജൂണ്‍ ശേഖരം. ആകെ ജിഎസ്ടി വരുമാനത്തിന്റെ 16,424 കോടി രൂപ കേന്ദ്ര ജിഎസ്ടി ഇനത്തിലും 20,397 കോടി രൂപ സംസ്ഥാന ജിഎസ്ടി ഇനത്തിലുമുള്ളതാണ്. ഐജിഎസ്ടി 49,079 കോടിയാണ്. ജൂണില്‍ സമാഹരിച്ച സെസ് 6,949 കോടിരൂപയാണ്. മെയ് മാസത്തിലെ വ്യാപാര ഇടപാടുകളില്‍ വീഴ്ച വന്നത് ജൂണിലെ ജിഎസ്ടി ഇടിവില്‍ പ്രതിഫലിച്ചിട്ടുണ്ട്.
ആഗോള റീറ്റെയ്ല്‍ കമ്പനികളുടെ പട്ടികയില്‍ ലുലു
ആഗോള തലത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന റീറ്റെയ്ല്‍ സ്ഥാപനങ്ങളുടെ 2021 ലെ പട്ടികയില്‍ ആദ്യ പത്തില്‍ ലുലുവും. വോള്‍മാര്‍ട്ടും ആമസോണും കോസ്റ്റ് കോ ഗ്രൂപ്പുമാണ് ആദ്യ മൂന്ന് സ്ഥാനക്കാര്‍. പ്രമുഖ ഓഡിറ്റ് സ്ഥാപനമായ ഡിലോയിറ്റ് പ്രസിദ്ധീകരിച്ച പട്ടികയില്‍ മിഡില്‍ ഈസ്റ്റില്‍ നിന്നും ലുലു ഗ്രൂപ്പ്, മാജിദ് അല്‍ ഫുത്തൈം (ക്യാരിഫോര്‍) എന്നിവ മാത്രമാണ് പട്ടികയില്‍ ഇടം പിടിച്ചത്. പട്ടികയില്‍ ജര്‍മന്‍ കമ്പനിയായ ഷ്വാര്‍സ് ഗ്രൂപ്പാണു നാലാമത്. അമേരിക്കയില്‍ തന്നെയുള്ള ക്രോഗെര്‍ കമ്പനിയാണു പട്ടികയില്‍ അഞ്ചാമത്.
ഐടി ചട്ടങ്ങള്‍ക്ക് കീഴിലുള്ള കേസുകള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന് കേന്ദ്രം
ഐടി ചട്ടങ്ങള്‍ക്ക് എതിരായ ഹൈക്കോടതികളിലെ എല്ലാ കേസുകളും സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന് കേന്ദ്ര ആവശ്യം. അതേസമയം ഐടി ചട്ടം അനുസരിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കാത്ത ട്വിറ്ററിനെതിരെ ദില്ലി ഹൈക്കോടതി രൂക്ഷവിമര്‍ശനം നടത്തി. പരാതി പരിഹാര ഉദ്യോഗസ്ഥരെ എപ്പോള്‍ നിയമിക്കുമെന്ന് ട്വിറ്ററിനോട് ഹൈക്കോടതി ചോദിച്ചു. നിയമനം എപ്പോഴുണ്ടാകുമെന്ന് വ്യാഴാഴ്ച്ചക്കുള്ളില്‍ ട്വിറ്റര്‍ കോടിയെ അറിയിച്ചിരിക്കണമെന്നും അറിയിപ്പുണ്ട്.
കോവിഡ് മരണം സംഭവിച്ച കുടുംബങ്ങളില്‍ സാമ്പത്തിക സഹായം എത്തിക്കുമെന്ന് കെജ്രിവാള്‍
കോവിഡ് മരണം സംഭവിച്ചവരുടെ ആശ്രിതര്‍ക്ക് സാമ്പത്തിക സഹായം എത്തിക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ദില്ലയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഈ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം എത്തിക്കുന്നതിനുള്ള പദ്ധതികള്‍ ഡല്‍ഹി സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞു. കോവിഡ് മൂലം ബന്ധുക്കള്‍ നഷ്ടപ്പെട്ടവര്‍ക്ക് 50,000 രൂപയുടെ സാമ്പത്തിക സഹായം വീതം ഉടന്‍ നല്‍കാനുള്ള പദ്ധതിയാണ് ആരംഭിച്ചിരിക്കുന്നത്.
വ്യവസായ സ്ഥാപനങ്ങളില്‍ വിവിധ വകുപ്പുകളുടെ ഏകീകൃത പരിശോധന ഈ മാസം മുതല്‍
വ്യവസായ സ്ഥാപനങ്ങളില്‍ വിവിധ വകുപ്പുകളുടെ ഏകീകൃത പരിശോധനകള്‍ ഈ മാസം മുതല്‍ തുടങ്ങുമെന്ന് മന്ത്രി പി.രാജീവ് അറിയിച്ചു. വിവിധ വകുപ്പുകള്‍ പല തവണയായി പരിശോധന നടത്തുന്നത് സംബന്ധിച്ച പരാതികള്‍ പരിഹരിക്കാനാണിത്. പരിശോധന ഏകോപിപ്പിക്കാന്‍ വെബ് പോര്‍ട്ടല്‍ തുടങ്ങുമെന്നും മന്ത്രി അറിയിച്ചു. പരിശോധന സംബന്ധിച്ച പരാതികള്‍ പരിഹരിക്കാന്‍ എല്ലാ വകുപ്പുകളിലും ഉന്നത ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധനവ്
കഴിഞ്ഞ രണ്ടുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വില ഇന്ന് വര്‍ധിച്ചു. പവന്റെ വില 80 രൂപ ഉയര്‍ന്ന് 35,520 രൂപയായി. 4440 രൂപയാണ് ഗ്രാമിന്. ജൂലൈ ആരംഭിച്ചതിനുശേഷം 520 രൂപയാണ് വര്‍ധിച്ചത്. എംസിഎക്സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്സ് വില 0.3ശതമാനം വര്‍ധിച്ച് 47,445 രൂപയിലെത്തി. 24 കാരറ്റ് 10 ഗ്രാം സ്വര്‍ണത്തിന്റെ വിലയാണിത്. വെള്ളിയുടെ വിലയിലും വര്‍ധനവുണ്ടായി. ഡോളര്‍ ദുര്‍ബലമായതോടെ ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 1,800 ഡോളര്‍ നിലവാരത്തിലെത്തി.
ഓഹരി സൂചികയില്‍ ഇടിവ്
റെക്കോര്‍ഡ് ഉയരത്തിലെത്തിയ ശേഷം നേരിയ ഇടിവുമായി ഓഹരി സൂചികകള്‍. ഓട്ടോ, ഐറ്റി, മെറ്റല്‍, ഫാര്‍മ ഓഹരികളുടെ നിറം മങ്ങിയ പ്രകടനമാണ് വിപണിക്ക് തിരിച്ചടിയായത്. സെന്‍സെക്സ് 18.82 പോയ്ന്റ് ഇടിഞ്ഞ് 52861.18 പോയ്ന്റിലും നിഫ്റ്റി 16.10 പോയ്ന്റ് ഉയര്‍ന്ന് 15818.30 പോയ്ന്റിലും ക്ലോസ് ചെയ്തു. 1557 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1624 ഓഹരികളുടെ വിലയിടിഞ്ഞു. 121 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ പത്തെണ്ണത്തിന് മാത്രമാണ് നേട്ടമുണ്ടാക്കാനായത്. 12.24 ശതമാനം നേട്ടവുമായി വണ്ടര്‍ലാ ഹോളിഡേയ്സ് തിളക്കമാര്‍ന്ന നേട്ടം സ്വന്തമാക്കിയപ്പോള്‍ ധനലക്ഷ്മി ബാങ്ക് 7.21 ശതമാനം നേട്ടം കൈവരിച്ചു. വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് (4.62 ശതമാനം), മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് (4.28 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്സ് (3.96 ശതമാനം), ഹാരിസണ്‍സ് മലയാളം (2.11 ശതമാനം) തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളില്‍ പെടുന്നു.