ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ജൂലൈ 28, 2021
വിപണി മൂലധനത്തില്‍ ആക്‌സിസ് ബാങ്കിനെ മറികടന്ന് ബജാജ് ഫിന്‍സെര്‍വ്. ഇ-കൊമേഴ്‌സ് ചട്ടങ്ങളില്‍ അടുത്ത മാസം അന്തിമ തീരുമാനമാകും. നിരക്ക് കുറഞ്ഞ 70 വിമാനങ്ങളുമായി എയര്‍ലൈന്‍ മേഖലയിലേക്കെത്തുമെന്നുറപ്പിച്ച് ജുന്‍ജുന്‍വാല. ഓഹരി സൂചികകള്‍ ഇന്നും താഴോട്ട് തന്നെ. ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍ ചുരുക്കത്തില്‍.
വിപണി മൂലധനത്തില്‍ ആക്‌സിസ് ബാങ്കിനെ മറികടന്ന് ബജാജ് ഫിന്‍സെര്‍വ്
ഈ വര്‍ഷം ഇതുവരെ ബജാജ് ഫിന്‍സെര്‍വ് വിപണിയില്‍ 56 ശതമാനം നേട്ടം കൈവരിച്ചു. ഇതേ കാലയളവില്‍ ആക്സിസ് ബാങ്ക് 15% ആണ് ഉയര്‍ന്നത്. ബജാജ് ഫിന്‍സെര്‍വിന്റെ ഓഹരികള്‍ 13,974 രൂപയിലാണ് വ്യാപാരം നടന്നത്. വിപണി മൂലധനം 2.21 ട്രില്യണ്‍ രൂപയുമാണ്, ഇത് ആക്‌സിസ് ബാങ്കിന്റെ 2.19 ട്രില്യണ്‍ എം കാപ്പിനേക്കാള്‍ കൂടുതലായിരിക്കുകയാണ്.
ഐപിഓയ്ക്ക് മുമ്പ് 240 മില്യണ്‍ ഡോളര്‍ സമാഹരിച്ച് ഗപ്ഷപ്
ഐപിഓയ്ക്ക് മുമ്പായി 240 മില്യണ്‍ ഡോളര്‍ സമാഹരിച്ച് ഇന്ത്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ സിലിക്കണ്‍ വാലി മെസേജിംഗ് ആപ്പ് സ്റ്റാര്‍ട്ടപ്പായ ഗപ്ഷപ്പ്. ബുധനാഴ്ച ടൈഗര്‍ ഗ്ലോബല്‍ മാനേജ്മെന്റില്‍ നിന്നും മറ്റു ചില നിക്ഷേപകരില്‍ നിന്നുമായി 240 മില്യണ്‍ ഡോളര്‍ സമാഹരിച്ചതായി സ്റ്റാര്‍ട്ടപ്പ് അറിയിച്ചു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പ്രധാന ഐപിഓകളിലൊന്നായിരിക്കും ഇത്.
ടാറ്റാ മോട്ടോഴ്സ് പാസഞ്ചര്‍ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കാനൊരുങ്ങുന്നു
ടാറ്റ മോട്ടോഴ്സ് പാസഞ്ചര്‍ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കുന്നു. പുതുക്കിയ നിരക്ക് അടുത്ത ആഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. സ്റ്റീല്‍, മറ്റ് വിലയേറിയ ലോഹങ്ങളുടെയും അസംസ്‌കൃത വസ്തുക്കളുടെയും വില വര്‍ധനവാണ് പാസഞ്ചര്‍ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ നിര്‍മാതാക്കളെ പ്രേരിപ്പിച്ചതെന്ന് ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടാറ്റ മോട്ടോഴ്സ് ടിയാഗോ, നെക്സണ്‍, ഹാരിയര്‍, സഫാരി തുടങ്ങിയവയാണ് പാസഞ്ചര്‍ വാഹന വിഭാഗത്തില്‍ ഇന്ത്യന്‍ വിപണിയിലിറക്കുന്നത്.
ഇ-കൊമേഴ്‌സ് ചട്ടങ്ങള്‍ അടുത്ത മാസം അന്തിമമാകും
പുതിയ ഇ - കൊമേഴ്‌സ് ചട്ടം ഓഗസ്റ്റ് അവസാനത്തോടെ കേന്ദ്രം അന്തിമമാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. കരട് ചട്ടത്തിലെ പല വ്യവസ്ഥകളിലും ഇ-കൊമേഴ്‌സ് കമ്പനികള്‍ വ്യക്തത തേടിയിട്ടുണ്ട്. നിയമത്തിലെ പല വ്യവസ്ഥകളോടും ഉളള കമ്പനികളുടെ പ്രതികരണം നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തുകയാണ്. ഫ്‌ളാഷ് സെയ്ല്‍ നിരോധിക്കില്ല. അതേസമയം വിപണിയെ ദുരുപയോഗപ്പെടുത്താനുളള കമ്പനികളുടെ നടപടികളെ തടയാനുളള വ്യവസ്ഥകള്‍ കരട് ചട്ടത്തിലുണ്ട്.
ഏറ്റവും നിരക്ക് കുറഞ്ഞ 70 വിമാനങ്ങളുമായി എയര്‍ലൈന്‍ മേഖലയിലേക്കെത്തുമെന്നുറപ്പിച്ച് ജുന്‍ജുന്‍വാല!
രാകേഷ് ജുന്‍ജുന്‍വാല 70 വിമാനങ്ങള്‍ സ്വന്തമാക്കാനൊരുങ്ങുന്നതായി പ്രഖ്യാപിച്ചു. നാല് വര്‍ഷത്തിനുള്ളില്‍ പുതിയ വിമാനക്കമ്പനിക്കായി ഇന്ത്യയില്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന ശുഭാപ്തിവിശ്വാസത്തിലാണ് താനെന്നാണ് ഇന്ത്യയുടെ വാരന്‍ ബഫറ്റ് പറയുന്നത്. കാരിയറിന്റെ 40 ശതമാനം ഉടമസ്ഥതയ്ക്കായുള്ള 35 മില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തുമെന്നും ജുന്‍ജുന്‍വാല വ്യക്തമാക്കി. എയര്‍ലൈന്‍ നടപടികള്‍ പുരോഗമിക്കുന്നതിന് ഇന്ത്യന്‍ വ്യോമയാന മന്ത്രാലയത്തിന്റെ നോ-ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് 15 ദിവസത്തിനുള്ളില്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബ്ലൂംബര്‍ഗ് ടെലിവിഷന്‍ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ ധനകാര്യസ്ഥാപനത്തിന് പേരിട്ടാല്‍ സമ്മാനം
കേന്ദ്ര സര്‍ക്കാര്‍ അടിസ്ഥാന സൗകര്യവികസനത്തിന് ധനസഹായം നല്‍കാന്‍ ലക്ഷ്യമിട്ട് ആരംഭിക്കുന്ന സ്ഥാപനത്തിന് (DEFi) പേര് നിര്‍ദേശിച്ച് സമ്മാനം നേടാം. പേര്, ടാഗ് ലൈന്‍, ലോഗോ എന്നിവയ്ക്ക് 15 ലക്ഷംരൂപ പ്രതിഫലമാണ് നിശ്ചയിച്ചിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന പേരും ലോഗോയും ടാഗ് ലൈനും നല്‍കുന്നവര്‍ക്ക് അഞ്ചുലക്ഷം രൂപവീതമാണ് സമ്മാനം നല്‍കുക. രണ്ടാംസ്ഥാനംനേടുന്നവര്‍ക്ക് മൂന്നു ലക്ഷവും മൂന്നാം സ്ഥാനത്തെത്തുന്നവര്‍ക്ക് രണ്ടുലക്ഷം രൂപയും നല്‍കും. എന്‍ട്രികള്‍ അയക്കേണ്ട അവസാന തിയതി ഓഗസ്റ്റ് 15 ആണ്.
ഓഹരി സൂചികകള്‍ താഴോട്ട് തന്നെ
തുടര്‍ച്ചയായ മൂന്നാം ദിനവും ഓഹരി സൂചികകള്‍ താഴോട്ട്. സെന്‍സെക്സ് 135.05 പോയ്ന്റ് താഴ്ന്ന് 52443.71 പോയ്ന്റിലും നിഫ്റ്റി 37യ10 പോയ്ന്റ് ഇടിഞ്ഞ് 15709.40 പോയ്ന്റിലും ക്ലോസ് ചെയ്തു. 1299 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1682 ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി. 90 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
ഡോ.റെഡ്ഡീസ് ലാബ്സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടാറ്റ മോട്ടോഴ്സ്, സ്ിപ്ല, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയവയാണ് നേട്ടമുണ്ടാക്കാനാകാതെ പോയ പ്രമുഖ ഓഹരികള്‍. ഭാരതി എയര്‍ടെല്‍, ടാറ്റ സ്റ്റീല്‍, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, ഡിവിസ് ലാബ്സ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായി.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ അഞ്ചെണ്ണത്തിന് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. റബ്ഫില ഇന്റര്‍നാഷണല്‍ 12.91 ശതമാനം നേട്ടവുമായി ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചു. പാറ്റ്സ്പിന്‍ ഇന്ത്യ (4.92 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ (3.22 ശതമാനം), കിറ്റെക്സ് (2.99 ശതമാനം), കിംഗ്സ് ഇന്‍ഫ്രാ വെഞ്ചേഴ്സ് (1.42 ശതമാനം) എന്നിവയാണ് നേട്ടമുണ്ടാക്കിയ മറ്റു കേരള ഓഹരികള്‍. അതേസമയം ഈസ്റ്റേണ്‍ ട്രെഡ്സ്, നിറ്റ ജലാറ്റിന്‍, വെര്‍ട്ടെക്സ് സെക്യൂരിറ്റീസ്, വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്സ്, കേരള ആയുര്‍വേദ, കെഎസ്ഇ, എവിറ്റി തുടങ്ങി 24 കേരള ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല.
കേരളത്തിലെ സ്വര്‍ണ വില ഉയര്‍ന്നു
സംസ്ഥാനത്ത് സ്വര്‍ണം ഗ്രാമിന് 20 രൂപയും പവന് 160 രൂപയും ഉയര്‍ന്നു. ഗാമിന് 4,480 രൂപയാണ് ഇന്നത്തെ നിരക്ക്, പവന് 35,840 രൂപയും.
Money tok : പേഴ്‌സണല്‍ ലോണ്‍ എടുക്കും മുമ്പ് ശ്രദ്ധിച്ചിരിക്കേണ്ട 4 കാര്യങ്ങള്‍